ന്യൂഡല്‍ഹി: ഐ.പി.എല്ലിൽ ഡൽഹി കാപ്പിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തി. 77 റൺസിനായിരുന്നു തലയും സംഘവും ഡൽഹിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഡൽഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ഡൽഹിക്ക് വേണ്ടി ക്യാപ്ടൻ ഡേവിഡ് വാർണർ മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 58 പന്തുകൾ നേരിട്ട വാർണർ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 86 റൺസെടുത്തു. പൃഥ്വിഷാ (5)​,​ ഫിലിപ്പ് സാൾട്ട് (3)​,​ റൈലി റൂസോ (0)​ എന്നിവരെല്ലാം പെട്ടെന്ന് തന്നെ കൂടാരം കയറി. യാഷ് ദുൾ (13)​,​ അക്ഷർ പട്ടേൽ (15)​ എന്നിവർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ചെന്നൈയ്ക്കായി ദീപക് ചാഹർ നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. മതീഷ പതിരണ,​ മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് 23 റൺസ് നേടിയത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദിന്റെയും ഡെവോൺ കോൺവെയുടെയും പ്രകടനമാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 141 റൺസ് നേടി. 52 പന്തിൽ നിന്ന് 87 റൺസെടുത്ത കോൺവെയാണ് ടോപ് സ്കോറർ. ഗെയ്ക്‌വാദ് നാലു ഫോറും ഏഴു സിക്സും നേടി 79 റൺസെടുത്തു. ശിവം ദുബെ 9 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 22 റൺസെടുത്തു. ഏഴുപന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം ജഡേജ 20 റൺസോടെ പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here