ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റ് വേട്ടയിൽ ഭാഗമായി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായിരുന്നു. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക സ്ഥാനമുണ്ട് ബിഷന്‍ സിങ് ബേദിക്ക്. ഇന്ത്യന്‍ സ്പിന്‍ യൂണിറ്റിന് ലോകക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത് ബേദിയുള്‍പ്പടെയുള്ള സംഘമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബേദിയുടെ വിക്കറ്റ് നേട്ടം ഇന്നും ആരും തകര്‍ത്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here