ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിൽ ഖേൽ രത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് കത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പിന്നാലെ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചതും ബജ്റം​ഗ് പൂനിയയും വിജേന്ദർ സിം​ഗും പദ്മശ്രീ തിരിച്ചു നൽകി പ്രതിഷേധം പ്രകടിപ്പിച്ചതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു.

അതേസമയം സസ്പെൻഷൻ നീക്കാൻ ഉടൻ കോടതിയെ സമീപിക്കില്ലെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി. പ്രധാനമന്ത്രിയെയും കായികമന്ത്രിയെയും കണ്ട് വിഷയം ധരിപ്പിക്കാനാണ് നീക്കം. ഫെഡറേഷൻ ഭരണനിർവഹണത്തിനായി താത്കാലികസമിതിയെ ഒളിംപിക് അസോസിയേഷൻ ഉടൻ നിയമിക്കും.

കേന്ദ്ര സർക്കാരിനു പിന്നാലെ കായികതാരങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കുകയാണ് ഗുസ്തി ഫെഡറേഷനും. കായിക മന്ത്രാലയത്തിന്റെ സസ്പെൻഷൻ നിയമപരമായി നേരിടും എന്നായിരുന്നു പുതിയ അധ്യക്ഷൻ സഞ്ജയ് സിംങിന്റെ ആദ്യ പ്രതികരണം. എന്നാൽ ബിജെപി നേതൃത്വം അതൃപ്തി അറിയിച്ചതോടെ കരുതലോടെയാണ് പുതിയ ഭരണസമിതി്യുടെ നീക്കം. കോടതിയിലേക്ക് തിടുക്കത്തിൽ ഇല്ല എന്ന നിലപാട് മാറ്റം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെയും കായിക മന്ത്രി അനുരാഗ് സിംങ് താക്കുറിന്റെയും നിലപാട് തേടും. ബിജെപി നേതൃത്വം വടിയെടുത്തതോടെ ഫെഡറേഷനുമായി ബന്ധമില്ലെന്ന് ബ്രിജ് ഭൂഷണും ആവർത്തിച്ചു. സമ്മർദം ശക്തമായതോടെ വസതിക്ക് സമീപം ബ്രിജ് ഭൂഷനെ പുകഴ്ത്ത് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു. എന്നാൽ കായിക താരങ്ങളുടെ പ്രതിഷേധത്തെ മറികടക്കാനുളള ബിജെപി തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here