Gerardo-Martino-messi.jpg.image.784.410

ബ്യൂണസ് ഐറിസ്∙ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അർജന്റീനയ്ക്കായി കളിക്കുന്നത് പണ്ടേ അവസാനിപ്പിച്ചേനെയെന്ന് അർജന്റീന ദേശീയ ടീം പരിശീലകൻ ജെറാർദോ മാർട്ടീനോ. ഇത്രയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും രാഷ്ട്രത്തിനായി ബൂട്ടുകെട്ടാൻ മെസി തയാറാകുന്ന പശ്ചാത്തലത്തിലാണ് മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ വിമർശനങ്ങളിൽ മനംമടുത്ത് രാജ്യത്തിനായി കളിക്കുന്നത് അവസാനിപ്പിച്ചേനെയെന്ന് വ്യക്തമാക്കി ദേശീയ ടീം പരിശീലകൻ രംഗത്തെത്തിയത്.

അടുത്തിടെ ചിലെയിൽ സമാപിച്ച കോപ്പ അമേരിക്ക ടൂർണമെന്റിന്റെ കലാശക്കളിയിൽ ആതിഥേയരായ ചിലെയോട് അർജന്റീന പരാജയപ്പെട്ടതോടെ മെസിക്കെതിരെ വിമർശനം ശക്തമായിരുന്നു. ക്ലബിനായി കളിക്കുമ്പോൾ മെസിയുടേത് ഒരു നയവും രാജ്യത്തിനായി കളിക്കുമ്പോൾ വേറൊരു രീതിയുമാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിലും അർജന്റീന കീഴടങ്ങിയതാണ് വിമർശകരുടെ വീര്യം കൂട്ടിയത്. എക്കാലവും മെസിയാണ് തന്റെ യഥാർഥ പിൻഗാമിയെന്ന് വിലയിരുത്തിയിരുന്ന അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം മറഡോണയും മെസിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇത്തരം വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മെസിക്ക് പിന്തുണ പ്രഖ്യാപിച്ച് ബാർസിലോനയിലും മെസിയുടെ പരിശീലകനായിരുന്ന ജെറാർദോ മാർട്ടീനോ രംഗത്തെത്തിയത്. താരത്തിന് മേൽ സമ്മർദമേറുന്ന പശ്ചാത്തലത്തിൽ ദേശീയ ടീമിൽനിന്നും വിശ്രമം നൽകിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും മാർട്ടിനോ നിഷേധിച്ചു. മെസിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അർജന്റീനയ്ക്കായി കളിക്കുന്നത് പണ്ടേ നിർത്തി ബാർസയ്ക്ക് വേണ്ടി മാത്രമായി കളി ചുരുക്കിയേനെ – മാർട്ടിനോ പറഞ്ഞു. ഫോക്സ് സ്പോർട്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാർട്ടിനോയുടെ വാക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here