പശ്ചിമേഷ്യയിൽ യുദ്ധഭീഷണി വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനെതിരായ സൈനിക നീക്കം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന സൂചനകൾ ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ഇസ്രായേലിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദേശം നൽകി. അത്യാവശ്യ വിഭാഗത്തിലല്ലാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശം.
മേഖലയിലെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്ത സൈനിക നടപടി ആലോചിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് മറുപടിയായി ഇസ്രയേലിനെതിരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിട്ടുണ്ട്.
ഇതിനിടെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഇസ്രയേൽ തീരത്തോട് ചേർന്ന് നിലയുറപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. യുദ്ധസാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെയും ഇറാനിലെയും പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കിൽ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും വിവിധ രാജ്യങ്ങൾ നിർദേശം നൽകി.
സംഘർഷഭീഷണിയുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധത്തിന്റെ നിഴലിലാകുമോ എന്ന ആശങ്കയിൽ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്.














































