കൊളംബിയ (സൗത്ത് കരോലിന): അമേരിക്കയിലെ സൗത്ത് കരോലിനയിലെ കൊളംബിയ നഗരത്തിൽ പാർക്കിന് സമീപമുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അക്രമിയെ നേരിടുന്നതിനിടെ മറ്റൊരു പൊലീസ് ഓഫീസർക്ക് പരിക്കേറ്റു. പൊലീസിന്റെ പ്രത്യാക്രമണത്തിൽ പ്രതിയും കൊല്ലപ്പെട്ടു.
കൊളംബിയ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസർ ക്രിസ്റ്റഫർ ഡെലോങ് (29) ആണ് കൊല്ലപ്പെട്ടത്. അക്രമിയായ ആദം ടൈലർ ഡൗഡി (33) പൊലീസിന്റെ വെടിയേറ്റാണ് മരിച്ചത്. പരിക്കേറ്റ ഓഫീസർ ഡേവിഡ് ഡൈമോക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോടതിയുടെ വിലക്കുള്ള മുൻ സുഹൃത്ത് വീട്ടിലെത്തി സാധനങ്ങൾ നശിപ്പിക്കുന്നതായി ഒരു സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥലത്തെത്തിയ ഓഫീസർ ക്രിസ്റ്റഫർ ഡെലോങ്, പ്രതി ഇതിനകം അവിടെനിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തി. സ്ത്രീ നൽകിയ പ്രതിയുടെയും ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെയും വിവരങ്ങൾ ഡെലോങ് മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ പാർക്കിന് അരികിൽ പ്രതിയുടെ വാഹനം കണ്ടെത്തി. ഡെലോങിന്റെ വിവരത്തെ തുടർന്ന് ഓഫീസർ ഡേവിഡ് ഡൈമോക്കും സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിൽ ഇരുവർക്കും പരിക്കേറ്റു. പ്രതിയെ വെടിവെച്ചതായി ഡൈമോക്ക് കൺട്രോൾ റൂമിൽ സന്ദേശമയച്ചു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡെലോങ്ങിന്റെ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ട് വർഷമായി കൊളംബിയ പൊലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ക്രിസ്റ്റഫർ ഡെലോങ്. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഡെലോങ്ങിന്റെ വിയോഗത്തിൽ കൊളംബിയ പൊലീസ് ചീഫ് ഡബ്ല്യു.എച്ച്. ‘സ്കിപ്പ്’ ഹോൾബ്രൂക്ക് അനുശോചനം രേഖപ്പെടുത്തി. ഡിപ്പാർട്ട്മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു കറുത്ത ദിനമാണെന്നും ഡെലോങ്ങിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട പ്രതി ആദം ടൈലർ ഡൗഡിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. നാല് സംസ്ഥാനങ്ങളിലായി പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കൽ, മയക്കുമരുന്ന് കൈവശംവെക്കൽ, കോടതി അലക്ഷ്യം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
സംഭവത്തിൽ സൗത്ത് കരോലിന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














































