മകന്‍ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് 4 വര്‍ഷം കഴിയുന്നു. പൊന്നു മകന്‍റെ ഫോട്ടോയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് ആ അമ്മ നെടുവീര്‍പ്പിട്ടു. കണ്ണുകള്‍ നിറഞ്ഞ് കവിയുന്നത് ആ അമ്മ അറിയുന്നില്ല എന്ന് തോന്നും. കണ്ണുനീര്‍ ഒഴുകി ഒഴികി ആ കവിളുകള്‍ 2 നീര്‍ച്ചാലുകള്‍ ആയി മാറിയിരിക്കുന്നു. ആറ്റുനോറ്റ് ഉണ്ടായ കുഞ്ഞാണ്. വിവാഹ ശേഷം ഒരുപാടു നാളുകള്‍ കഴിഞ്ഞു ഉരുളികമിഴ്ത്തിയും, നേര്‍ച്ചകള്‍ നേര്‍ന്നും, അമ്പലങ്ങളായ അമ്പലങ്ങള്‍ എല്ലാം കയറി ഇറങ്ങിയും, ഈശ്വരന്‍മാരുടെ കൈയ്യില്‍ നിന്നും ബലമായി തട്ടിപ്പറിച്ചു കിട്ടിയ കുഞ്ഞ്. എന്നിട്ടും ആ കുഞ്ഞിനെ പൊന്നു പോലെ നോക്കാന്‍ പറ്റിയില്ലല്ലോ… ആ അമ്മ തേങ്ങി.

വിവാഹം കഴിഞ്ഞ് ദേവന്‍റെ കൈയ്യും പിടിച്ച് വലതുകാല്‍ വെച്ച് ആ വീട്ടിലേയ്ക്ക് കയറി വന്നതാണ് ശ്യാമ,  ഏക മകന്‍റെ ഭാര്യയെ മരുമകളായിട്ടല്ല മകളായിട്ടു തന്നെ ദേവന്‍റെ മാതാപിതാക്കള്‍ സ്വീകരിച്ചു.  മധുവിധുവിന്‍റെ നല്ല നാളുകള്‍ കടന്നു പൊയ്ക്കോണ്ടേ ഇരുന്നു.  ഒരു കുഞ്ഞിനു വേണ്ടിയുള്ള  നിര്‍ബന്ധം വീട്ടില്‍ നിന്നും തുടങ്ങി.  ഏതായാലും കുഞ്ഞ് വേണം അത് നേരത്തെ ആയാലെന്ത് കുറച്ച് കഴിഞ്ഞ് ആയാലെന്ത്.  അങ്ങനെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി.  പക്ഷേ ഈശ്വരന്‍മാര്‍ കനിഞ്ഞില്ല.  എല്ലാ അമ്പലങ്ങളിലും കയറി, ഇടനെഞ്ച് പൊട്ടി പ്രാര്‍ത്ഥിച്ചു.  രാവേറെ ചെല്ലുവോളം ഈശ്വര സന്നിധിയില്‍ ചിലവഴിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെയും, നേര്‍ച്ചകളുടെയും പ്രതിഫലം എന്ന പോലെ നല്ല ഓമനത്തമുള്ള ഒരു കുഞ്ഞിനെ ദൈവം കൊടുത്തു.  വൃദ്ധരായ തങ്ങളുടെ മാതാപിതാക്കളുടെ സന്തോഷം അവര്‍ കണ്ടു. തങ്ങള്‍ക്ക് ഒരു തലമുറ ലഭിച്ചിരിക്കുന്നു. പാരമ്പര്യം നിലനിര്‍ത്താന്‍ ഒരു ആണ്‍ തരി. അവര്‍ ആ കുഞ്ഞിനെ ചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു.

ഒരു രാജകുമാരനെപ്പോലെ ആ കുഞ്ഞ് വളര്‍ന്നു.  കുഞ്ഞിന്‍റെ കരച്ചിലും, കളിയും, ചിരിയും കൊണ്ട് കൊച്ച് വീട് നിറഞ്ഞു.  ആ ഇടയ്ക്കാണ് കുറെ നാടോടികള്‍ ആ നാട്ടില്‍ എത്തിയത്. വീടുകള്‍ തോറും കയറി ഇറങ്ങി പഴയ സാധനങ്ങള്‍ പെറുക്കുകയും, അരകല്ല് കൊത്തിയും, സൈക്കിള്‍ യജ്ഞവുമൊക്കെയായി അവര്‍ ആ നാട്ടില്‍ തമ്പടിച്ചു.

മകന്‍റെ ഒന്നാം ജന്മദിനം വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ തീരുമാനിച്ചു.  ബന്ധുക്കളെയും, അയല്‍പക്കക്കാരെയും എല്ലാം വിളിച്ചു കൂട്ടി. പാട്ടും, സമ്മാനപ്പൊതികളും സന്തോഷവും കൊണ്ട് ആ കൊച്ച് വീട് നിറഞ്ഞു.  ആഘോഷങ്ങള്‍ സമാപിച്ച് ആളുകള്‍ പിരിഞ്ഞ് പോകാന്‍ തുടങ്ങുംമ്പോഴാണ് കുട്ടിയെ അന്വേഷിച്ചത്. പൊന്നു മകനെ അവിടെ എങ്ങും കാണുന്നില്ല. അയല്‍ പക്കങ്ങളിലും, കൊച്ചു കുട്ടികളുടെ ഇടയിലും എല്ലാം കുഞ്ഞിനെ അന്വേഷിച്ചു നടന്നു. എങ്ങും തങ്ങളുടെ പൊന്നു മകനെ കണ്ടെത്താന്‍ അവര്‍ക്കു സാധിച്ചില്ല.

ഈശ്വരന്‍മാര്‍ തങ്ങള്‍ക്കു തന്ന നിധി ഒരു വര്‍ഷം തികയുംമ്പോഴേയ്ക്കും നഷ്ടമായി.  ഇന്നും ആ ആമ്മ തന്‍റെ പൊന്നു മകന്‍റെ ഫോട്ടയും നെഞ്ചോട് ചേര്‍ത്ത് കാത്തിരിക്കുന്നു. എന്നന്നേയ്ക്കുമായി  നഷ്ടപ്പെട്ടുപോയ തന്‍റെ മകനുവേണ്ടി.
                                    

റോബിന്‍ ഹൂസ്റ്റണ്‍

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here