തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത . നമുക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു. കാമുകിയായി, അമ്മയായി, അമ്മൂമ്മയായി, അമ്മായിയമ്മയായി. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ സ്ത്രീ വേഷങ്ങൾ. അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ. ഒടുവിൽ ചമയങ്ങളഴിച്ച് കെപിഎസി ലളിത യാത്രയായിരിക്കുകയാണ്. കെപിഎസി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെ പി എ സി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്‌കാരിക മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നാടക-സിനിമ രംഗത്ത് അഭിനയിച്ച് ലോകപ്രശസ്തി നേടിയ കലാകാരി എന്ന നിലയിൽ കേരളം എന്നും കെ പി എ സി ലളിതയെ ഓർക്കും. എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്ന ധീര വനിതയാണ് കെ പി എ സി ലളിത. വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് അവരുമായി ഉണ്ടായിരുന്നത്. നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രിയാണ് ലളിത. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല. നാടകവേദി മൂർച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കാണ് അവസാനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് മുതിർന്ന കോൺ?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെപിഎസി ലളിതയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല. മലയാള സിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. പകം വെക്കാനാവാത്തതാണ് ലളിതയുടെ വിടവാങ്ങലിലൂടെ ഉണ്ടായിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയായതെന്ന് നടി മഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. ‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു എഴുതി.

മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ.  മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. അഭിനയിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രമേതെന്നെ എടുത്ത് പറയാനാകില്ല, കാരണം ഓരോന്നും അത്രയും മികച്ചതാണ്. പുരസ്‌കാരങ്ങൾക്കപ്പുറം മലയാളി ഹൃദയങ്ങളിൽ അവരുടെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചു. സഹസംവിധായകനായ കാലം മുതലുള്ള വ്യക്തിപരമായ അടുപ്പമാണ് കെപിഎസി ലളിതയോടെന്നും അദ്ദേഹം ഓർമ്മിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here