പരീക്ഷണ ചിത്രങ്ങളും പുതുമയുള്ള പ്രമേയങ്ങളുമൊക്കെയായി മാറ്റത്തിന്റെ പാതയിലുള്ള മലയാള സിനിമയിൽ സർവെെവൽ ത്രില്ലറുകൾ പൊതുവെ വിരളമാണ്. മാളൂട്ടി, ഹെലൻ പോലെയുള്ള ചുരുക്കം ചില ചിത്രങ്ങൾ പ്രേക്ഷകർ ഇരുകെെയും നീട്ടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്. മലയാളത്തിലെ സർവെെവൽ ത്രില്ലറുകളുടെ കൂട്ടത്തിലേയ്ക്ക് ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്, ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ പ്രഭാകർ ഒരുക്കിയ ”മലയൻകുഞ്ഞ്’. യോദ്ധയ്ക്ക് ശേഷം എ.ആർ റഹ്‌മാൻ മലയാളത്തിൽ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം ആദ്യ പകുതിയിൽ ഏറെ നേരവും ശാന്തമാണ്. ഇടുക്കിയുടെ മനോഹാരിതയ്‌ക്കൊപ്പം ജാതിപരമായ വേർതിരിവുകളുടെ പ്രതിഫലനം കൂടി സംവിധായകൻ പ്രേക്ഷകരിലേയ്‌ക്കെത്തിക്കുന്നുണ്ട്. അനിൽ കുമാർ എന്ന അനിക്കുട്ടനായാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. ഇല‌ക്‌ട്രോണിക് ജോലികൾ ചെയ്യുന്ന ഒരു നാട്ടിൻപുറത്തുകാരനാണ് ഇയാൾ. ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ചില കാര്യങ്ങൾ അനിലിനെ പല കാര്യങ്ങളിലും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ജാതിവെറിയുടെ പ്രതീകമായി ഇയാൾ പലപ്പോഴും മാറുന്നു. അയൽപക്കത്തെ പൊന്നിയെന്ന കൊച്ചു കുഞ്ഞിന്റെ കരച്ചിൽ പോലും ഫഹദിന്റെ കഥാപാത്രത്തെ അസ്വസ്ഥനാക്കുന്നു.

അനിലിന്റെ ജീവിതം വരച്ചുകാട്ടുന്ന ആദ്യപകുതിയ്ക്ക് ശേഷം ചിത്രത്തിന്റെ സ്വഭാവം ആകെ മാറുകയാണ്. മണ്ണിടിച്ചിലിലൂടെ സർവെെവൽ ത്രില്ലർ സ്വഭാവത്തിലേയ്ക്ക് ചിത്രം എത്തുന്നതോടെ പ്രേക്ഷക‌ർ ഉദ്വേഗത്തിന്റെ മുൾമുനയിലാകുന്നു. അനിക്കുട്ടനെ അസ്വസ്ഥനാക്കുന്ന പൊന്നിയുടെ ശബ്‌ദം പിന്നീടയാൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജമാകുന്നതിനും കാഴ്‌ചക്കാർ സാക്ഷിയാകുന്നു.

 

ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ഒരുക്കിയത് മഹേഷ് നാരായണനാണ്. നിലവാരം പുലർത്തിയ തിരക്കഥ ഒരുക്കിയതിന് പുറമെ ദൃശ്യഭംഗിയോടെ അതിനെ പ്രേക്ഷകരിലേക്കെത്തിക്കാനും അദ്ദേഹത്തിനായി. ക്ലോസ്ട്രോഫോബിയുള്ളവര്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പോടെ എത്തിയ ചിത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകനെ ശ്വാസം മുട്ടിക്കുന്നുണ്ട്. എന്നാൽ സർവെെവൽ ത്രില്ലറെന്ന ലേബലിൽ എത്തുമ്പോഴും ഇടയ്‌ക്കെപ്പഴോ നഷ്ടമാകുന്ന ചടുലത ചിലരെയെങ്കിലും നിരാശരാക്കിയേക്കാം. ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നതിൽ അര്‍ജു ബെന്നിന്റെ എഡിറ്റിംഗിന് വലിയ പങ്കുതന്നെയുണ്ട്.

‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തെ പൂർണതയിലെത്തിക്കുന്നത് എ.ആർ റഹ്‌മാൻ ഒരുക്കിയ സംഗീതമാണ്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോടൊപ്പം സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചു നിന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് റഹ്മാൻ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ചിത്ര, ശ്വേത മോഹൻ, വിജയ് യേശുദാസ് എന്നിവരാണ്. വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നൊരുക്കിയ സൗണ്ട് ഡിസൈനും മികവ് പുലർത്തി.

അതിഗംഭീര പ്രകടനമാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ കാഴ്‌ചവച്ചിരിക്കുന്നത്. അനിലിന്റെ വികാരവിക്ഷോഭങ്ങളെയും മാനസിക സംഘർഷങ്ങളെയും ഇതിലും മികച്ചതാക്കാൻ മറ്റൊരാൾക്ക് സാധിക്കുമോയെന്ന സംശയം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദിന്റേത്. താരത്തിന്റെ ഡെഡിക്കേഷനും കെെയടി അർഹിക്കുന്നുണ്ട്. ഫാസിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ രജീഷ വിജയൻ, നിൽജ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, അർജുൻ അശോകൻ തുടങ്ങിയവരും എത്തുന്നു.

 

സർവെെവൽ ത്രില്ലർ എന്നതിലുപരി കൃത്യമായ ജാതി രാഷ്‌ട്രീയവും ‘മലയൻകുഞ്ഞ്’ തുറന്നുകാട്ടുന്നുണ്ട്. മതത്തിനും ജാതിക്കും മേലെയാണ് മനുഷ്യനെന്ന വികാരമെന്ന് പറഞ്ഞുവയ്ക്കാനും ചിത്രത്തിനായി. മലയൻകുഞ്ഞ് ഒരു അതിജീവനത്തിന്റെ കഥയാണ്. പ്രക‌ൃതി ദുരന്തത്തിൽ നിന്ന് മാത്രമല്ല, ജാതി വർഗീയതയിൽ നിന്നും അതിജീവിക്കുന്നവരെയും ചിത്രത്തിൽ കാണാം. മികച്ച ശബ്‌ദ വിന്യാസമുള്ള തിയേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ട ചിത്രമാണ് ‘മലയൻകുഞ്ഞ്’.

malayankunju

LEAVE A REPLY

Please enter your comment!
Please enter your name here