ലോസാഞ്ചൽസിലെ ‍ഡൗൺ ടൗണിലുളള അപ്പാർട്ട്മെന്റിൽ ജനാലയ്ക്കപ്പുറം പു‌തു വർഷത്തിന്റെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കാതടപ്പിക്കുന്ന സംഗീതം, ആരവം. ആറു മാസം മുമ്പ് വളരെ ശാന്തമായ വെസ്റ്റ് വുഡിൽ നിന്ന് ബഹളങ്ങൾ നിറ‍ഞ്ഞ ഡൗൺ ‍ടൗണിലെ തിരക്ക് ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും ഈ പുതുവർഷ ഒരുക്കങ്ങൾ കാണുമ്പോൾ….

കഴിഞ്ഞ കുറേ വർഷങ്ങളായി ലോകം മുഴുവൻ പ്രതീക്ഷയോടെ പുതു വർഷത്തെ സ്വാഗതം ചെയ്യുമ്പോൾ ഞാൻ മാത്രം ഒട്ടും ആഹ്ലാദവതിയായിരുന്നില്ല. കഴിഞ്ഞ വർഷം ഇതേ നഗരത്തിൽ വല്ലാതെ ഒറ്റപ്പെട്ടുവെന്നു തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ബഹ്റൈനിലേക്കു പറന്നു, അച്ഛന്റെയും അമ്മയുടെയും അരികിലേക്ക്.

ആ ക്രിസ്മസ് ഏറ്റവും മനോഹരമായ ഓർമയാണ്. ലോസ് ആഞ്ചൽസിലെ എന്റെ ആദ്യത്തെ ക്രിസ്മസ്. ഒരു പാട് പുതിയ സുഹൃത്തുക്കെളെ കിട്ടിയതിന്റെ ആഹ്ലാദം. റോഡ്രിയസ് എന്ന ബ്രസീലുകാരനും, വിക്കി എന്ന തായ്‌വാൻ സ്വദേശിക്കും, ഡെയ്സി എന്ന ചൈനീസ് കൂട്ടകാരിക്കുമൊപ്പമൊരു ആഘോഷരാവ്. അന്ന് എന്നെക്കാണാൻ ഒരു അതിഥിയും വന്നു. നടി അംബിക ചേച്ചിയുടെ മകൻ റാം. പക്ഷേ, കണ്ണടച്ചു തുറക്കുമ്പോഴേക്കും എല്ലാവരും അവരവരുടെ രാജ്യങ്ങളിലേക്കു തിരിച്ചു പോയി ന്യൂ ഇയർ ആഘോഷിക്കാൻ. ഞാൻ മാത്രം ലോസാഞ്ചൽസിൽ. അങ്ങനെയാണ് ഉയർന്ന നിരക്കിലൊരു വിമാന ടിക്കറ്റ് സംഘടിപ്പിച്ച് ബഹ്റൈനിലേക്കു പോയത്.

വളരെ യാദൃച്ഛികമായാണ് ഞാൻ യുഎസിലേക്കു താമസം മാറുന്നത്. ഒന്നരവർഷം മുമ്പാണ് എന്റെ ആദ്യത്തെ യുഎസ് യാത്ര. ഒരു സ്റ്റേജ് പ്രോഗ്രാമിന് അതിഥിയായി വരാൻ പറ്റുമോ എന്നു ചോദിച്ചു വിളിച്ചത് ഒരു ഡോക്ടറാണ്. ഡോക്ടർ നീൽ ശങ്കർ. ആരോഗ്യസ്ഥിതി മോശമായതു കൊണ്ട് എന്ന‌െ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീടൊരിക്കൽ അദ്ദേഹം നാട്ടിൽ വന്നപ്പോൾ എന്നെ വിളിച്ചു. ചികിൽസ എങ്ങനെ പോകുന്നുവെന്ന് അന്വേഷിച്ചു

ഞാൻ ആ സമയത്ത് ആകെ ക്ഷീണിതയായിരുന്നു. യുഎസിൽ വന്നു പെർഫോം ചെയ്യാനാവില്ലെന്ന് പറ‍ഞ്ഞു. ഡോ. നീൽ ശങ്കർ നിർബന്ധിച്ചു, ‘സ്റ്റേജിൽ പോലും കയറേണ്ട, വെറുതെ അവിടം വരെയൊന്നു വന്നിട്ടു പോവൂ. സ്റ്റാൻഫോർഡിൽ, ഹോഡ്ജ്കിൻസ് ലിംഫോമയ്ക്ക് ഒരു നല്ല ഡോക്ടറുണ്ട്. ഡോക്ടർ രഞ്ജന അദ്വാനി. മാത്രമല്ല, അവരും ഹോഡ്ജ്കിൻസ് ലിംഫോമയിൽ നിന്നു കരകയറി വന്നതാണ്.’ ഒരു നീണ്ട യാത്രയെക്കുറിച്ച് . ചിന്തിച്ചിട്ടേയില്ലാത്ത സമയത്ത് അമേരിക്കയിലേക്കു പുറപ്പെട്ടത് ഡോ. നീൽശങ്കർ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ്.

സ്റ്റാൻഫോർഡിലെ രീതികൾ വളരെ വ്യത്യസ്തമായിരുന്നു. അവർ വളരെ സത്യസന്ധമായാണ് നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും അന്വേഷിക്കുന്നത്. രോഗം മാത്രമല്ല, രോഗിയേയും വളരെ ആഴത്തിൽ മനസിലാക്കുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ‘ആദ്യ വർഷം റെസിഡന്റ്സ് ഡിസീസ് കാണിച്ചപ്പോൾ എട്ടു പത്തു മാസത്തോളം ഞാൻ ചികിത്സ നടത്തിയില്ല.’ അൻവറും, കഥതുടരുന്നുവുമെല്ലാം അഭിനയിക്കുന്ന സമയമാണത്.

ഒരു സഹോദരനോ, സഹോദരിയോ ഉണ്ടെങ്കിൽ അലോജെനിക് ട്രാൻസ്പ്ലാന്റ് ചെയ്യാമായിരുന്നുവെന്ന് ഡോക്ടർ പറ‍ഞ്ഞു. അച്ഛന്റെ കുടുംബത്തിൽ എല്ലാവർക്കും മൂന്നു മക്കളാണ്. അമ്മയുടെ കുടുംബത്തിൽ രണ്ടു കുട്ടികൾ വീതവും. ഞാൻ മാത്രം ഒറ്റക്കുട്ടി. പുതിയൊരു മരുന്നിനെക്കുറിച്ച് ഡോക്ടർ പറഞ്ഞു. മൂന്നു ഡോസിനു തന്നെ 60 ലക്ഷം രൂപയാവും ഇന്ത്യയിൽ ആ മരുന്നു കിട്ടാനുമില്ല. ഇത്രയും ചികിത്സകൾ കഴിഞ്ഞ ഒരാൾക്ക് മൂന്നു ഡോസ് ഒന്നുമല്ല.

എന്റെ ഉളളിൽ എന്നുമുണ്ട് ഒരു ഫൈറ്റർ. ആ ഫൈറ്റർ മന്ത്രിച്ചുകൊണ്ടേയിരുന്നു, ‘അമേരിക്കയിലെ വീണു കിട്ടിയ ദിവസങ്ങളിൽ‌ നിറയെ യാത്രകൾ പോവൂ.’ അമേരിക്കയിലെ ഓരോ സ്റ്റേറ്റിനും ഓരോ സ്വാഭാവമാണെന്നു കേട്ടിട്ടുണ്ട്. ആശുപത്രിയിൽ നിന്നിറങ്ങിയതും ഞാൻ എടുത്തു നോക്കിയത് അമേരിക്കൻ ഭൂപടമാണ്. ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറേ കാഴ്ചകളുടെ തൊട്ടടുത്താണ് ഞാൻ.

അമേരിക്കൻ കാഴ്ചകൾ

കാഴ്ചകളുടെ ഒരു വൻകടലാണ് സാൻഫ്രാൻസിസ്ക്കോ.അമേരിക്കയിലെ സുഹൃത്തുക്കൾ പലരും പറഞ്ഞു. പിയർ 39 ഉം ഗോൾഡൻ ഗേറ്റ് ബ്രിഡ്ജും എല്ലാം വിസ്മയിപ്പിക്കുന്ന കാഴ്ചകൾ തന്നെയായിരുന്നു. പക്ഷേ, ഏറ്റവും വിസ്മയിപ്പി ച്ചത് ആൽക്കർ ട്രാസാണ്. പസഫിക്ക് സമുദ്രത്തിനു നടുവിലെ ഒരു പാറക്കെട്ട്. ആ പാറക്കെട്ട് നമ്മളോടു പറയും കുറേ വലിയ കുറ്റവാളികളുടെ കഥകൾ.

നാലു പതിറ്റാണ്ടു മുമ്പ് വരെ അതൊരു ജയിലായിരുന്നു. കൊടും കുറ്റവാളിക്കും രക്ഷപ്പെടാൻ പഴുതുകളില്ലാത്ത ജയിൽ. ജയിൽ ചാടുന്നവർ ചെന്നു പതിക്കുക തണുത്തു വിറയ്ക്കുന്ന പസഫിക്ക് സമുദ്രത്തിലാണ്. അതിലൂടെ നീന്തി രക്ഷപ്പെടുക അസാധ്യം. ഒരിക്കൽ മാത്രം ആ ചരിത്രം തിരുത്തിക്കുറിച്ചു. ഫ്രാങ്ക് മോറിസും രണ്ടു സഹതടവുകാരും ചേർന്ന് എട്ടുമാസം കൊണ്ടാലോചിച്ചുറപ്പിച്ച ഒരു പദ്ധതി. അവർ ആ ശ്രമത്തിൽ വിജയിച്ചുവെന്നാണു കഥകൾ. പരാജയപ്പെട്ടുവെന്നാണ് അമേരിക്കൻ പൊലീസിന്റെ ഉറപ്പ്. പിന്നീട് ക്ലിന്റ് ഈസ്റ്റ് വുഡിനെ നായകനാക്കി ഈ കഥ സിനിമയാക്കി. സിനിമയിൽ പക്ഷേ, നായകൻ കടൽ നീന്തിക്കടന്ന് രക്ഷപ്പെടുകയാണ്.കടലിനു നടുവിലെ ആ പാറക്കെട്ടിൽ തണുത്ത കാറ്റേറ്റു നിൽക്കുമ്പോൾ മനസു നിറയെ ഫ്രാങ്ക് മോറിസായിരുന്നു. എല്ലാ പഴുതുകളും അടഞ്ഞുവെന്നുറപ്പായിട്ടും കൊതിയോടെ ജീവിതത്തിലേക്ക് എടുത്തു ചാടിയ കുറ്റവാളി

ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രങ്ങളിൽ എത്തുന്നത് ഒരു സായാഹ്നത്തിലാണ്. അല്ലെങ്കിലും ചൂതാട്ട കേന്ദ്രത്തിൽ സമയത്തിന് പ്രസക്തിയില്ലല്ലോ? ഒരു ക്ലോക്ക് പോലുമില്ലാത്ത, നേരം ഇരുട്ടുന്നതും, നേരം വെളുക്കുന്നതും അറിയാൻ യാതൊരു മാർഗവുമില്ലാത്ത അന്തരീക്ഷമാണല്ലോ എല്ലാ ചൂതാട്ട കേന്ദ്രങ്ങൾക്കും. ചൂതാട്ടം ഒരു ലഹരി പോലെ അടിമകളാക്കിയ കുറേപ്പേരെ പരിചയപ്പെട്ടു.

അടുത്ത ലക്ഷ്യം ന്യൂയോർക്ക് ആയിരുന്നു. ടൈംസ് സ്ക്വയറിൽ നിന്നു തന്നെ തുടങ്ങി ആ യാത്ര. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അലഞ്ഞു നടന്നു. ഒരു രാത്രി വൈകുവോളം ചാർക്കോൾ കൊണ്ട് കാരിക്കേച്ചർ വരയ്ക്കുന്ന ഒരു തെരുവു ചിത്രകാരന്റെ മുന്നിലിരുന്നു. അയാൾ എന്നെ മനോഹരമായി വരച്ചു വച്ചു. ആ കാരിക്കേച്ചർ പ്രത്യേകം എടുത്തുവെച്ചിട്ടുണ്ട് ബഹ്റൈനിലെ വീട്ടിൽ. ബ്രോഡ് വേയിലെ നാടകങ്ങൾ കണ്ടു. ഇറ്റാലിയൻ പീറ്റ്സ ഷോപ്പായി മാറിയ ഒരു പളളിയിൽ രണ്ടു മണിവരെ ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിച്ചു. പിന്നെ മുറിയിൽ പോയൊന്നു മയങ്ങി. രാവിലെ ആറുമണിക്ക് വീണ്ടും ക്യാമറയുമെടുത്തിറങ്ങി.

അമേരിക്കയിലെ സ്റ്റേജ് പ്രോഗ്രാമിനിടയിൽ പരിചയപ്പെട്ട റോഷിനിയെന്ന പെൺകുട്ടിക്കൊപ്പമായിരുന്നു ആ പകൽ. ജാപ്പനീസ് ഭക്ഷണം ഞങ്ങൾ പങ്കിട്ട് കഴിച്ചു. വീണ്ടും ബ്രോഡ് വേയിലെ നാടകങ്ങൾ കണ്ടു. സെൻട്രൽ പാർക്കിൽ പോയി. ജീവിതത്തിലെ ഒരു ദിവസം കൂടി അങ്ങനെ ആഹ്ലാദകരമായി കടന്നു പോയി

അടുത്ത ദിവസം സെൻട്രൽ പാർക്കിലൂടെ നടക്കുമ്പോൾ അവിടുത്തെ തിരക്കേറിയ റസ്റ്ററന്റുകളിലൊന്നിൽ ഒരു പരിചിത മുഖം. ബോളിവുഡിലെ എന്റെ ഇഷ്ടനായകൻമാരിലൊരാളായ സഞ്ജയ് കപൂർ. രാജയിലെയും പ്രേമിലെയും മനോഹരമായ പാട്ടുകൾ ഓർമ വന്നു എനിക്ക്. ഞാൻ ഓടിപ്പോയി ഒപ്പം നിന്നൊരു ഫോട്ടോയെടുത്തോട്ടേ എന്നു ചോദിച്ചു. ‍ഞാനും സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിച്ചു.

തിരിച്ച് ബഹ്റൈനിലെത്തുമ്പോൾ അമേരിക്ക എനിക്കു കുറേ നല്ല സുഹൃത്തുക്കളെ നൽകിയിരുന്നു. സാൻഫ്രാൻസിസ്ക്കോയിൽ ഉമാ വെങ്കട്ട്, ഫിലാഡൽഫിയയിൽ ‍‍‍ടോണിയും ഡ്യൂക്കും ഫിനിക്സിൽ സിബിയും സതീഷും

ഒരു സ്വപ്നലോകമാണ് അമേരിക്ക എന്നു തോന്നിപ്പോയി. ഞാനൊരു കുട്ടിയെപ്പോലെ പറന്നു നടക്കുകയായിരുന്നു. ഡിഗ്രി കഴിഞ്ഞതും സിനിമയിൽ വന്നതാണ്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു കുട്ടിയുടെ മാനസികാവസ്ഥയായിരുന്നു. രണ്ടാമത്തെ സിനിമ മുതൽ ആ കുട്ടിത്തം നഷ്ടപ്പെട്ടു. ഷൂട്ടിങ്, അഭിമുഖങ്ങൾ, യാത്രകൾ, റിലീസിന്റെ സംഘർഷം…അമേരിക്കയിൽ നിന്നു തിരിച്ചു വരുമ്പോൾ ഒരിക്കൽക്കൂടി ആ യാഥാർഥ്യം തിരിച്ചറിഞ്ഞു, ‘ഒരു കുട്ടിയായിരിക്കുമ്പോൾ ജീവിതം വളരെ സുന്ദരമാണ്.’

വീണ്ടും തലപൊക്കിയ രോഗം, വീണ്ടും അമേരിക്ക

ബഹ്റൈനിൽ തിരിച്ചെത്തുമ്പോൾ എന്നെ ഒരു കഥാപാത്രം കാത്തിരിക്കുന്നുണ്ടായിരുന്നു. സംവിധായകൻ രഞ്‍ജിത് ശങ്കറിന്റെ ‘വർഷം’ എന്ന സിനിമയിലെ ഒരു ഡോക്ടറുടെ വേഷം. മമ്മൂക്ക നിർമിക്കുന്ന ഒരു നല്ല കുടുംബചിത്രം. രഞ്ജിത് എന്റെ നല്ല സുഹൃത്താണ്. ‘പാസഞ്ചർ’ എന്ന സിനിമയിലൂടെ കരിയറിൽ എനിക്കൊരു ബ്രേക്ക് നൽകിയത് രഞ്ജിതാണ്. ഞാൻ രഞ്ജിതിനോടു പറഞ്ഞു നോക്കി, ‘അറിയാമല്ലോ, നാളെ എന്താവുമെന്നറിയാത്ത അവസ്ഥയിലാണ് ഞാൻ. അതുകൊണ്ട് മറ്റൊരാളെ നോക്കൂ.’

രഞ്ജിത് നിർബന്ധിച്ചു, ‘ഒരാഴ്ചത്തെ വർക്കേ ഉളളൂ. ആ ഭാഗം മംമ്ത ചെയ്താലേ ശരിയാവൂ. തൃശൂരിലെ ലൊക്കേഷനിലേക്ക് രഞ്ജിത് പറ‍ഞ്ഞ ദിവസം എത്തിക്കോളാമെന്നുറപ്പു കൊടുത്തു. പിന്നെ ഒരു പത്തു ദിവസം കഴിഞ്ഞിട്ടുണ്ടാവും. വലതു ഷോൾഡറിന് കനത്ത വേദന. ഒന്നുറങ്ങാൻ പോലും പറ്റാത്ത വിധത്തിൽ വേദന കൂടിക്കൂടി വന്നു.

ഞങ്ങൾ ഉടൻ തന്നെ ചെന്നൈയിലേക്കു പോവാൻ തീരുമാനിച്ചു. അവിടെ കിൽപാക്കിൽ ചികിൽസയ്ക്കു വരുമ്പോൾ താമസിക്കാനായി മാത്രം ഒരു വീട് വാടകക്കെടുത്തിട്ടുണ്ട്. അടുത്ത ദിവസമാണ് തൃശൂരിലേക്കു പോവേണ്ടത്. രഞ്ജിത്തും, മമ്മൂക്കയും എല്ലാം എന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്. സ്കാനിങ് നടത്തിയപ്പോൾ വീണ്ടും ചില കുഴപ്പങ്ങൾ. അന്നു വെളുപ്പിന് രണ്ടു മണിയായിക്കാണും, ശരീരം പിളരും വിധത്തിൽ വേദന തുടങ്ങി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്കു താങ്ങാവുന്ന വേദനയുടെ അളവ് വളരെ കൂടുതലാണ്. ഇത് ആ പരിധിക്കും മുകളിലാണ്. പക്ഷേ, എത്രയോ ദിവസങ്ങൾക്കു മുമ്പ് രഞ്ജിത്തിന് നൽകിയ വാക്കാണ്, വർഷത്തിൽ അഭിനയിക്കാമെന്ന്.

അടുത്ത ദിവസം പുലർച്ചെ തന്നെ ചെന്നൈ എയർപോട്ടിൽ നിന്ന് കൊച്ചിയിലേക്ക്. അവിടെ നിന്ന് തൃശൂർ. വർഷത്തിലെ വളരെ പൊസിറ്റീവായി സംസാരിക്കുന്ന ഡോക്ടറുടെ വേഷം അഭിനയിച്ച എട്ടു ദിവസവും വേദന കൊണ്ടു പുളയുകയായിരുന്നു രാത്രികളിൽ.

മറ്റൊരു രാജ്യത്തേക്ക് ചികിൽസയ്ക്കു വേണ്ടി മാറിത്താമസിക്കുന്നു എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയിരുന്നു അച്ഛനും അമ്മയും പോലും അടുത്തില്ലാതെ കുറച്ചു ദിവസം നിൽക്കണം. ഞാൻ വിളിച്ചാൽ അടുത്ത നിമിഷം അമ്മ എന്റെ ഒപ്പം വരും. അമ്മ എനിക്കൊപ്പം ഒരു ദേശാടനപ്പക്ഷിയായി. ഞാൻ ഡിഗ്രിക്കു ചേർന്നപ്പോൾ അമ്മയും ബഹ്റൈനിൽ നിന്ന് എനിക്കൊപ്പം ബാംഗ്ലൂരിൽ വന്നു. ഞാൻ സിനിമയിൽ വന്നപ്പോൾ അമ്മയും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും കൂടുമാറി. ചികിൽസയുടെ നാളുകളിലെല്ലാം ചെന്നൈയിൽ ഉണ്ടായിരുന്നു.

വളരെ യാദൃച്ഛികമായി ഒരു നാൾ ഡോ. നീൽ ശങ്കർ വീണ്ടും വിളിച്ചു. ഡാഡിയോടാണ് സംസാരിച്ചത്. ‘ഇവിടെ അമേരിക്കയിൽ ഒരു പാട് ട്രയലുകൾ നടക്കുന്നുണ്ട് ചിലപ്പോൾ വിജയിക്കാം. നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ? ചികിത്സയ്ക്ക് കാര്യമായ ചെലവു വരുന്നില്ല. പക്ഷേ, പുറം രാജ്യങ്ങളിൽ നിന്നുളളവർക്ക് വളരെ അപൂർവമായേ പരീക്ഷണ ചികിത്സയ്ക്ക് അവസരം ലഭിക്കൂ. അങ്ങനെയൊരു അവസരം കിട്ടുമെങ്കിൽ ലോസാഞ്ചൽസിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ പരീക്ഷണ ചികിത്സയുടെ ഭാഗമാവുന്നു. ഞാൻ ഉറപ്പിച്ചു. യുഎസ് എനിക്കിഷ്ടമാണ്. ഒരു തുളളി പോലെ എനിക്കാ മഹാസാഗരത്തിൽ അലിഞ്ഞു ചേരാം

ലോസാഞ്ചൽസിലേക്ക് പുറപ്പെടും മുമ്പ് ഞാൻ ഗുരുവായൂരിൽ പോയി പ്രാർഥിച്ചു. ഗുരുവായൂരിൽ ഒരു വീട് വാടകയ്ക്കെടുത്തു. ചെന്നൈയിലെ വീടൊഴിഞ്ഞ് സാധനങ്ങളെല്ലാം ഗുരുവായൂരിലേക്ക് കൊണ്ടു വന്നു.

എമിറേറ്റ്സിന്റെ ഏറ്റവും വലിയ ആഢംബര വിമാനമായ ഏ 380 യിലായിരുന്നു ടിക്കറ്റ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാവിമാനങ്ങളിലൊന്ന്. അവിചാരിതമായി ഒരു സുഹൃത്ത് ഇടപെട്ട് എന്റെ ടിക്കറ്റ് ഫസ്റ്റ്ക്ലാസിലേക്ക് ഉയർത്തിയിരുന്നു. ഒട്ടും ആഗ്രഹിക്കാത്ത സമയത്ത് ഏറ്റവും വലിയ ലക്ഷ്വറി. ലോസാഞ്ചൽസിൽ‍ വിമാനമിറങ്ങുമ്പോൾ ഞാൻ ഓർത്തു, അന്ന് ആഹ്ലാദത്തോടെ മടങ്ങിപ്പോയവൾ ഇതാ തിരിച്ചെത്തിയിരിക്കുന്നു.

പുതിയ നഗരം പുതിയ ജീവിതം

എയർപോട്ടിൽ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു ഡോ. നീൽ ശങ്കർ. ലോസാഞ്ചൽസിൽ താമസിക്കാൻ ഒരു ചെറിയ മുറിയാണ് ആദ്യം കിട്ടിയത്. പക്ഷേ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ വളരെ അടുത്താണ്. 2014 ഒക്ടോബർ പതിനെട്ടിന് ചികിത്സ ആരംഭിക്കുമ്പോൾ ഓരോ ദിവസവും കൃത്യതയോടെ മൂന്നു തവണ ശക്തമായ വേദനിക്കുന്നുണ്ടായിരുന്നു എനിക്ക്. ചികിത്സ തുടങ്ങി ദിവസങ്ങൾക്കുളളിൽ ആ വേദന പൂർണമായും എന്നെ വിട്ടൊഴിഞ്ഞു. പേടിച്ചു നിൽക്കേണ്ട കാര്യമില്ല എന്ന ഗ്രീൻ സിഗ്നൽ കിട്ടി അതോടെ. മൂന്നുമാസം ഡോക്ടർമാർ ചികിത്സയിലെ പുരോഗതി നോക്കും. വിജയിച്ചാൽ പരീക്ഷണ ചികിത്സ തുടരാം. ഇല്ലെങ്കിൽ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാം

അവിടെച്ചെന്ന് ദിവസങ്ങൾക്കുളളിൽ രണ്ടു സുഹൃത്തുക്കൾ എന്നെ സന്തോഷിപ്പിക്കാനായി രണ്ടു സമ്മാനങ്ങൾ നൽകി. ഒരു പിയാനോയും ഒരു സൈക്കിളും. ആ സൈക്കിളിലായി പിന്നെ എന്റെ നഗരപ്രദക്ഷിണം. എന്നും രാവിലെ ഏഴുമണിക്ക് ഉണരും. എനിക്ക് എത്ര നേരം വരെ വേണമെങ്കിലും അവിടെ കിടന്നുറങ്ങാം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ടു തന്നെ മടിപിടിച്ചു കിടക്കാം

പതിനാലു ദിവസം കൂടുമ്പോഴാണ് ചികിത്സ. പക്ഷേ, ‍ഞാൻ എന്നും രാവിലെ സൈക്കിളുമെടുത്തിറങ്ങും. അവിടുത്തെ ഗ്രോസറി ഷോപ്പുകളിലാണ് ഞാൻ കൂടുതൽ സമയം ചെലവിട്ടത്. വളരെ ആവേശകരമായിരുന്നു, നമുക്കു കഴിക്കാനുളള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക എന്നത് . ഓർഗാനിക് സാധനങ്ങൾ കിട്ടുന്നതിന്റെ ആഹ്ളാദം മറുവശത്ത്. ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. വീട് ഭംഗിയായി അലങ്കരിച്ചു വച്ചു. ചില ദിവസം ഒരു മാറ്റം വേണമെന്നു തോന്നുമ്പോൾ കാർ വാടകക്കെടുത്ത് ദൂരയാത്രകൾ പോയി

ഒരു ദിവസം പുലർച്ചെ ദിലീപേട്ടൻ വിളിച്ചു. ‘കുറേക്കാലം മുമ്പ് നമ്മൾ ചർച്ച ചെയ്ത ആ കഥ സിനിമയാവാൻ പോവുന്നു. ‘ടൂ കൺട്രീസ്’ എന്നാണ് പേര്. ‘മൈ ബോസ്’ പോലെ നമുക്ക് പെർഫോം ചെയ്യാൻ‌ കഴിയുന്നൊരു സിനിമയാണ്’. ആഹ്ലാദ ത്തോടെ ഞാൻ ആ ഓഫർ സ്വീകരിച്ചു.

ആകെ തകർന്നു പോയിടത്തു നിന്നും, അങ്ങനെ പതുക്കെ പതുക്കെ ഞാൻ എന്റെ ജീവിതം വീണ്ടും കെട്ടിപ്പൊക്കിയെടു ക്കുകയായിരുന്നു. കാൻസറോ, അതിന്റെ കടുത്ത ചികിൽസാ വഴികളോ മാത്രമല്ല എന്നെ തകർത്തത്. എന്റെ ജീവിതത്തി ലേക്ക് ഇടക്കാലത്തു കടന്നുവന്ന ചില വ്യക്തികൾക്കും അതിൽ‌ പങ്കുണ്ട്. അവിടെ നിന്നും ഈ മാനസികാവസ്ഥ യിലേക്ക് എത്തുക ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ ദിവ സവും സുപ്രധാനമായിരുന്നു

എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഓരോ വ്യക്തിക്കും ഈ മാറ്റത്തിൽ പങ്കുണ്ട്. എല്ലാവരും പകുത്തു നൽകിയ ഊർജമാണ് ഇപ്പോൾ എന്റേത്. അവരെക്കുറിച്ചെല്ലാം അടുത്ത ലക്കത്തിൽ‌

തയാറാക്കിയത് : രഞ്ജിത് നായർ

LEAVE A REPLY

Please enter your comment!
Please enter your name here