നിരപരാധികളായ മനുഷ്യരുടെ ജീവന്‍ പിച്ചിച്ചീന്തി ലോകമെമ്പാടും നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ദൈവത്തിനെഴുതിയ കത്തുമായി നടന്‍ മോഹന്‍ ലാലിന്റെ ബ്ലോഗ്. മനുഷ്യര്‍ക്ക് ചുറ്റും ഇപ്പോള്‍ മരണത്തിന്റെ വിളയാട്ടമാണെന്നും മനുഷ്യര്‍ ഇന്ന് അകാലത്തില്‍ കൊലചെയ്യപ്പെടുന്നവരായിരിക്കുന്നെന്നും ലാല്‍. ഈ ഭൂമിയില്‍ അങ്ങ് നല്‍കിയ ആയുസൊടുങ്ങി മരിച്ചവരല്ല ഇവരെന്നും മറിച്ച് ഏതൊക്കെയോ മനോരോഗികള്‍ മതത്തിന്റെയും അങ്ങയുടേയും പേരുപറഞ്ഞ് അവരെ കൊല്ലുകയായിരുന്നെന്നും ദൈവത്തിനായി എഴുതിയ കത്തില്‍ ലാല്‍ പറയുന്നു.

കഴിഞ്ഞ മാസങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ ഭീകരവാദികളാല്‍ കൊലചെയ്യപ്പട്ടു. ബംഗ്ലാദേശില്‍, തുര്‍ക്കിയില്‍, ബാഗ്ദാദില്‍, മദീനയില്‍, ഫ്രാന്‍സിലെ മനോഹരമായ നീസില്‍, കശ്മീരില്‍ എത്രപേരാണ് മരിച്ചുവീണത്. കൊല്ലുന്നതും നിന്റെ മക്കള്‍, മരിക്കുന്നതും നിന്റെ മക്കള്‍. ഈ മരണക്കൊയ്ത്തിന് നടുവില്‍ ഇരുന്നപ്പോള്‍ മരണം എന്ന മനോഹര കലയെ എത്രമാത്രം വികലമായാണ് ഞങ്ങള്‍ മനുഷ്യര്‍ നടപ്പാക്കുന്നതെന്ന് ഓര്‍ത്തുപോയി ഞാന്‍. ജീവിതം എന്ന രംഗകലയുടെ അവസാന പദമായാണ് ഞങ്ങളില്‍ ബുദ്ധിയുള്ളവര്‍ മരണത്തെ സങ്കല്‍പ്പിച്ചത്.

എന്നാല്‍ ഇന്ന് ഞങ്ങള്‍ അകാലത്തില്‍ കൊലചെയ്യപ്പെടുന്നവരായിരിക്കുന്നു. അകാലത്തില്‍ മരിക്കുന്നത് മനസിലാക്കാം. എന്നാല്‍ അകാലത്തില്‍ കൊലചെയ്യപ്പെടുന്നത് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. കൊന്നുതള്ളാനുള്ള മനുഷ്യന്റെ ഈ ദാഹം നീ സൃഷ്ടിച്ചതല്ല എന്ന് എനിക്കറിയാം. എന്നാല്‍ നിന്റെ പേരുപറഞ്ഞാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് കഷ്ടം. ദൈവത്തിന് വേണ്ടിയും മതങ്ങള്‍ക്ക് വേണ്ടിയും വിശ്വാസങ്ങള്‍ക്ക് വേണ്ടിയും വിഭാഗങ്ങള്‍ക്ക് വേണ്ടിയും കലഹിച്ച് കൊന്നൊടുക്കുക എന്നതാവുമോ ഞങ്ങള്‍ മനുഷ്യവംശത്തിന്റെ ആത്യന്തിക വിധി. മറ്റൊരാളോടും ഇത് ചോദിക്കാനില്ലാത്തതുകൊണ്ടാണ് ഞാന്‍ ഇത് അങ്ങേയ്ക്ക് എഴുതുന്നത്.

ദൈവം മരിച്ചു എന്ന് പണ്ടൊരു തത്വചിന്തകന്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെ സംഭവിച്ചാല്‍ നിനക്ക് വേണ്ടിയുള്ള, നിന്റെ പേരുപറഞ്ഞുള്ള കൊലകളും മരണവും അവസാനിക്കുമായിരിക്കും.

“രണ്ട് ദിവസം മുന്‍പ് ഗുരുപൂര്‍ണിമ ദിനത്തില്‍ ഞാനൊരു സ്വപ്‌നം കണ്ടു. ഒരു ചന്ദ്രബിംബം വളര്‍ന്നു വളര്‍ന്നു പൂര്‍ണചന്ദ്രനാവുന്നു. പിന്നീടത് ചെറുതായി ചെറുതായി മങ്ങി ഇരുളിലേക്ക് പിന്‍വലിയുന്നു. അതുപോലെ തന്നെയായിരിക്കണം മനുഷ്യന്റെ ജീവതവും മരണവും. സ്വന്തം ജീവിതം കൊണ്ട് ഈ ഭൂമിയെ ഭംഗിയില്‍ കുളിപ്പിച്ചതിന് ശേഷം നിശബ്ദമായ ഒരു മറഞ്ഞുപോകല്‍… പ്രിയപ്പെട്ട ദൈവമേ അത് നീ ഞങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുക. അതിന് പ്രാപ്തരാക്കുക. അപ്പോള്‍ ‘കൊലയല്ല’ ‘കലയാണ് മരണം’ എന്ന് പുതിയ കാലം മനസിലാക്കും”… ഇങ്ങനെയാണ് ലാലിന്റെ ബ്ലോഗ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here