
ഫോര്ട്ടി പ്ലസ്. എന്തുകൊണ്ടും ഏറെ സന്തോഷം നല്കുന്ന കാലഘട്ടം. കുട്ടികള് പഠിച്ച് പ്രൊഫഷണല് കോഴ്സുകളിലേക്ക് പോകുന്നു. ജോലിയില് പ്രമോഷന് ലഭിച്ച് നല്ല നിലയിലെത്തുന്നു. അതുമല്ലെങ്കില് സ്ഥലവും വീടും സ്വന്തമാക്കുന്നു…
ഇങ്ങനെ നിരവധി നേട്ടങ്ങള് കൊയ്യുന്ന കാലം. മറുവശത്ത് ഉത്തരവാദിത്വത്തിന്റെ പിരിമുറുക്കം, രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാരരീതികള്, ഓര്മക്കുറവ് എന്നിവ വെല്ലുവിളി ഉയര്ത്തുകയും ചെയ്യുന്നു.
പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള് ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. എന്നാല് വൃദ്ധനായി എന്നത് ഒരു തോന്നല് മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില് ചില മാറ്റങ്ങള് വരുത്തിയാല് ജീവിതം മുഴുവന് ആഹ്ലാദം നിറയ്ക്കാനാവും.
ഭക്ഷണം: ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. 20-25 വയസ്സു കഴിഞ്ഞാല് ശാരീരിക പ്രവര്ത്തനങ്ങള് നിലനിര്ത്താന്വേണ്ട ഊര്ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാര് കഴിക്കുന്നതിന്റെ പകുതിയോളം മതിയാകും. ഉദാഹരണത്തിന് 20-25 പ്രായത്തില് ഒരാള് 8 ഇഡ്ഡലി കഴിക്കുകയാണെങ്കില് ഇപ്പോള് അത് 3-4 മതിയാകും. അധികമായി കഴിക്കുന്നതില്നിന്നുള്ള ഊര്ജം കൊളസ്ട്രോളായും മറ്റും സംഭരിക്കുന്നതാണ് അപകടാവസ്ഥ. ഇത് പ്രമേഹംപോലുള്ള രോഗങ്ങള് വര്ധിക്കാന് കാരണമാകുന്നു. കൂടാതെ ഈ പ്രായത്തില് പൊതുവേ കായികാധ്വാനത്തിന്റെ തോത് കുറഞ്ഞുവരുകയും ചെയ്യുന്നു.