
കാന്സര് വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന് ഇനി പറയുന്ന കാര്യങ്ങള് സഹായിക്കും.
പുകയില ഉപയോഗം
വര്ഷംതോറും പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകളാണു മരിക്കുന്നത്. ഇതില്ത്തന്നെ മൂന്നിെലാരു ഭാഗം കാന്സര് മൂലമാണ്. തടയാവുന്ന കാന്സര് മരണങ്ങളില് 60 ശതമാനവും പുകയില കാരണമാണ്. ഇതില്ത്തന്നെ പ്രധാനം ശ്വാസകോശ കാന്സറാണ്. വായ, സ്വനപേടകം, ആഗേ്നയഗ്രന്ഥി, വൃക്ക, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കാന്സറുകളും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അകത്തേക്കു വലിക്കുന്ന പുകപോലെത്തന്നെ പുറത്തേക്കു വിടുന്ന പുകയും ദോഷകരമാണ്. അത് ശ്വസിക്കുന്നയാള്ക്ക് കാന്സര് സാധ്യതയുണ്ട്. സിഗരറ്റോ ബീഡിയോ കത്തുമ്പോഴുണ്ടാകുന്ന പുകയില് നാല്പതോളം കാന്സര്ജന്യ വസ്തുക്കള് അടങ്ങിയിരിക്കുന്നു.
മദ്യപാനം
പലതരം കാന്സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന് സംസ്ഥാനങ്ങള് കഴിഞ്ഞാല് മദ്യത്തിന്റെ ഉപയോഗത്തില് മുന്നില് നില്ക്കുന്നത് കേരളമാണ്. ഏറ്റവും അടുത്ത കാലത്തായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്വ്വേയില് 15 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരില് 45 ശതമാനവും മദ്യം ഉപയോഗിക്കുന്നതായാണ് കണ്ടത്. ഇത് ആശങ്കാജനകമാണ്.
അമിതവണ്ണം
ഹൃദ്രോഗം, തളര്വാദം, പ്രമേഹം എന്നിവ പോലെ പലതരം കാന്സറുകളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂരിത കൊഴുപ്പുകളും ട്രാന്സ്-ഫാറ്റി ആസിഡുകളും പഞ്ചസാരയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുക എന്നിവയാണ് ഇതു തടയാനുള്ള വഴി. ലോകജനസംഖ്യയുടെ 60 ശതമാനം ആളുകളും കൃത്യമായി വ്യായാമം ചെയ്യുന്നില്ല.
ഹൃദയസംബന്ധമായ അസുഖങ്ങള്, തളര്വാദം, സ്തനാര്ബുദം, വന്കുടലിലെ കാന്സര് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന് നിത്യേനയുള്ള വ്യായാമം ഒരു പരിധിവരെ സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവര്ത്തനം വര്ധിപ്പിക്കുക, ശരീരത്തിലെ കൊഴുപ്പിന്റെയും രക്തസമ്മര്ദത്തിന്റെയും അളവ് കുറയ്ക്കുക, ശരീരത്തിലെ നിരോക്സീകാരികളുടെ അളവ് വര്ധിപ്പിക്കുക തുടങ്ങിയവയിലൂടെയാണ് ഇത് സാധിക്കുന്നത്.
കാന്സര് ഉണ്ടാക്കുന്ന അണുബാധകള്
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകള് ലിവര് കാന്സറിന് കാരണമാവുന്നു. അതുപോലെ ഹ്യൂമന് പാപ്പിലോമ വൈറസ് ഗര്ഭാശയഗള കാന്സറിനും മറ്റ് മാരക രോഗങ്ങള്ക്കും കാരണമാവുന്നു. പല തരത്തിലുള്ള ലിംഫോമകള് എപ്സ്റ്റീന് ബാര് എന്ന വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്താര്ബുദം ഹ്യൂമന് റ്റി സെല് വൈറസുമായും കാപോസി സാര്ക്കോമ ഹ്യൂമന് ഹെര്പ്സ് വൈറസ് എട്ടുമായും ബന്ധപ്പെട്ടിരിക്കുന്നു.
ആമാശയ കാന്സറിന് ഹെലിക്കോബാക്ടര് പൈലോറി എന്ന ബാക്ടീരിയയുമായി ബന്ധമുള്ളതു പോലെ മൂത്രാശയ സംബന്ധമായ കാന്സറുകള് ഷിസ്റ്റോസോമ ഹെമറ്റോബിയം എന്ന പരാദവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഹെപ്പറ്റൈറ്റിസ്
രോഗബാധിതനായ ആളുമായുള്ള സമ്പര്ക്കം മൂലം രക്തത്തിലൂടെയും മറ്റ് ശരീര സ്രവങ്ങളിലൂടെയുമാണ് ഇതു പകരുന്നത്. ഇന്ത്യയില് 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി വാഹകരുണ്ട്. ഇവരില് 25 ശതമാനം പേര്ക്ക് ഗുരുതരമായ കരള് സംബന്ധമായ അസുഖങ്ങള് വരാനുള്ള സാധ്യതയുണ്ട്. മേല്പ്പറഞ്ഞവയെല്ലാം തന്നെ ചെറിയ പ്രായത്തില് കുട്ടികള്ക്ക് നല്കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ തടയാന് സാധിക്കുന്നതാണ്.
ഹെപ്പറ്റൈറ്റിസ് സി വൈറസും ക്രോണിക് ഹെപ്പറ്റൈറ്റിസിനും കരള് കാന്സറിനും കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് സി ക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ചിട്ടില്ല.
ഹ്യൂമണ് പാപ്പിലോമ വൈറസ്
ഹ്യൂമണ് പാപ്പിലോമ വൈറസ് സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണു പകരുന്നത്. എച്ച്.പി.വി. ബാധിച്ച മിക്ക ആളുകളിലും(70 മുതല് 80 ശതമാനം വരെ) ഒന്നു മുതല് രണ്ടുവരെ വര്ഷം കൊണ്ട് അത് നശിച്ചുപോകാറുണ്ട്. ഒരു ശതമാനത്തില് താഴെ സ്ത്രീകളില് മാത്രമേ ഈ വൈറസ് ബാധ ഗര്ഭാശയഗള കാന്സറായി മാറുന്നുള്ളൂ.
വര്ഷംതോറും 5.2 ലക്ഷത്തിലധികം സ്ത്രീകള് ഗര്ഭാശയഗള കാന്സര്(സെര്വിക്കല് കാന്സര്) മൂലം മരിക്കാനിട വരുന്നു. ഇത് 2030 ആകുേമ്പാഴേക്ക് ഇരട്ടിയാവാനാണ് സാധ്യത. നൂറിലധികം തരം ഹ്യൂമണ് പാപ്പിലോമ വൈറസുകളുണ്ട്. ഇതില് പ്രധാനം എച്ച്.പി.വി. 16, എച്ച്.പി.വി.-18 എന്ന രണ്ടുതരം വൈറസുകളാണ്. ഗര്ഭാശയഗള കാന്സര് പ്രതിരോധ കുത്തിവെപ്പിലൂടെ വളരെ ഫലപ്രദമായി തടയാം. ഇതിനായി രണ്ടുതരം വാക്സിനുകള് ഇന്ന് ലഭ്യമാണ്. ഈ കുത്തിവെപ്പ് എടുക്കേണ്ടത് 9നും 13നും ഇടയ്ക്ക് പ്രായമുള്ള പെണ്കുട്ടികള്ക്കാണ്. നിര്ദേശാനുസരണം പരിശോധനകള് തുടരേണ്ടതുമാണ്.
കുത്തിവെപ്പ് ഉയര്ത്തുന്ന വെല്ലുവിളികള്
1. വാക്സിന് വില കൂടുതലാണ്
2. ഇന്ത്യയിലെ കൗമാരക്കാരില് ഇത്തരം പ്രതിരോധ കുത്തിവെപ്പുകള് നല്കുന്നത് പലതരത്തിലുള്ള സദാചാരപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്ക്ക് വഴിയൊരുക്കും.
9നും 16നും ഇടയില് പ്രായമുള്ള പെണ്കുട്ടികളുടെ രക്ഷകര്ത്താക്കള്ക്കിടയില് നടത്തിയ പ്രാഥമിക പഠനങ്ങള് വെളിപ്പെടുത്തുന്നത് എച്ച്.പി.വി. വൈറസിനെക്കുറിച്ച് അവരില് ഏറിയ പങ്കും അജ്ഞരാണെന്നാണ്. എന്നാല്, ഈ വാക്സിന് കൗമാരക്കാര്ക്ക് സുരക്ഷിതമായ ലൈംഗിക സ്വാതന്ത്ര്യം നല്കാനാവുമെന്ന തെറ്റായ ധാരണയുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില് വാക്സിനേഷന് വ്യാപകമാക്കുന്നതിനു മുമ്പ് എച്ച്.പി.വി.യെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.
RELATED ARTICLESകാന്സര്: പ്രതിരോധിക്കണ്ടത് എങ്ങനെ?വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല.