കോവിഡ് രോഗം ബാധിച്ചവര്‍ രോഗത്തില്‍ നിന്നും മുക്തരായാലും ചിലരില്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് മാസത്തിനിടയില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. ഇവയെ ആണ് കോവിഡാനന്തര രോഗലക്ഷണങ്ങള്‍ (പോസ്റ്റ് കോവിഡ് സിന്‍ഡ്രോം) എന്ന് പറയുന്നത്. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് രോഗിയുടെ പ്രായം, ലിംഗം, കോവിഡ് രോഗലക്ഷണങ്ങളുടെ തീവ്രത ഇവയൊന്നും ബാധകമല്ല.

ഓരോ വ്യക്തിയുടെയും രോഗപ്രതിരോധശേഷി വ്യത്യസ്തമാണ്. ഇതില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ നമ്മുടെ എല്ലാ ശരീര വ്യവസ്ഥകളെയും (ദഹനവ്യൂഹം, ശ്വസനവ്യൂഹം, രക്തചംക്രമണവ്യൂഹം നാഡീവ്യൂഹം) ബാധിക്കുന്നു. ഇതില്‍ പ്രധാനമാണ് ശ്വാസകോശസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍. കോവിഡ് വന്നുപോയ രോഗികളില്‍ ഏകദേശം 60 ശതമാനം ആളുകളിലും പ്രായഭേദമന്യേ മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു.

കോവിഡ് രോഗം ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ശരീര കോശങ്ങളിലും നാഡികളിലും നീര്‍വീക്കണ്ടാക്കുകയും ചെയ്യുന്നു. കോവിഡ് ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവം ശ്വാസകോശമാണ്. ഇതുമൂലം ശ്വസന വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി രോഗമുക്തിക്ക് ശേഷവും നാസാരന്ധ്രം മുതല്‍ ശ്വാസകോശം വരെയുള്ള ശരീരഭാഗത്തെ ബാധിക്കുന്ന പലതരം രോഗങ്ങള്‍ ആളുകളില്‍ കണ്ടുവരുന്നു. മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, തുമ്മല്‍, ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചുവേദന എന്നിവയാണ് ഇതില്‍ പ്രധാനം.

തൊണ്ടയില്‍ അസ്വസ്ഥതയും ചുമയും


ശ്വാസനാളത്തില്‍ അടിഞ്ഞുകൂടുന്ന പൊടി, കഫം, അലര്‍ജി ഇവയെല്ലാം പുറന്തള്ളാന്‍ ഉള്ള രോഗപ്രതിരോധ പ്രവര്‍ത്തന ഫലമായിട്ടാണ് ചുമ ഉണ്ടാകുന്നത്. കോവിഡ് രോഗം മാറിയ പലര്‍ക്കും രണ്ടു മുതല്‍ മൂന്നു മാസം വരെ വിട്ടുമാറാത്ത ചുമ, തൊണ്ട ചൊറിച്ചില്‍, തൊണ്ടയില്‍ എന്തോ ഇരിക്കുന്നത് പോലെ തോന്നുക എന്നിവ അനുഭവപ്പെടാം. കഫം ഇല്ലാത്ത വരണ്ട ചുമയും, കഫത്തോട് കൂടിയ ചുമയും ഉണ്ടാകും. ഇത്തരം അസ്വസ്ഥതകള്‍ മാറുന്നതിനായി ആയുവേദ ഔഷധങ്ങള്‍ സഹായിക്കും.

 

1. മഞ്ഞള്‍ പൊടിച്ചതില്‍ തേന്‍ ചേര്‍ത്ത് കുഴച്ചത് ഒരു നുള്ള് വീതം നാലഞ്ചു തവണ വായില്‍ ഇട്ടു നുണഞ്ഞ് ഇറക്കുക.
2. മഞ്ഞളും ഇരട്ടിമധുരവും തേനില്‍ ചാലിച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുക.
3. ഇഞ്ചി ഉണക്കിയത് കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ത്ത് നാവില്‍ ഇട്ട് അലിയിപ്പിച്ചിറക്കുക.
4. രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ആവി പിടിക്കുക
5. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് അതുകൊണ്ട് കവിള്‍ കൊള്ളുക.

 

ശ്വാസതടസം


കോവിഡ് രോഗം പ്രധാനമായും ബാധിക്കുന്ന അവയവമാണ് ശ്വാസകോശം. അതിനാല്‍ കോവിഡ് ബാധയ്ക്കുശേഷം ശ്വാസകോശം പഴയത് പോലെ ആകാന്‍ കുറച്ച് സമയം എടുക്കാം. രോഗമുക്തിക്ക് ശേഷം 4 മുതല്‍ 8 വരെയുള്ള ആഴ്ചകള്‍ക്കു ശേഷവും ചിലരില്‍ ശ്വാസം പൂര്‍ണമായി എടുക്കാന്‍ പറ്റാത്ത അവസ്ഥ, ജോലി ചെയ്യുമ്പോള്‍ നെഞ്ചില്‍ അസ്വസ്ഥത, ശ്വാസം തങ്ങി നില്‍ക്കുന്നത് പോലെ തോന്നുക, പടികള്‍ കയറുമ്പോള്‍ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോള്‍ ശ്വാസഗതിവേഗം കൂടുക എന്നിവ അനുഭവപ്പെടാം. നെഞ്ചിനുള്ളില്‍ കഫം കെട്ടിക്കിടക്കുന്നത് മൂലം ഇങ്ങനെ യുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഈ കഫത്തെ പുറം തള്ളാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ സഹായിക്കും.

 

1. പതുക്കെ പതുക്കെ നെഞ്ചിലും പുറത്തും തട്ടുക.
2. ഓയില്‍ കൊണ്ട് നെഞ്ചില് മസാജ് ചെയ്ത ശേഷം ആവി പിടിക്കുക.
3. ശ്വാസം വലിച്ചു പിടിക്കുക. അഞ്ച്/പത്ത് സെക്കന്റ് പിടിച്ചുവച്ച ശേഷം ശക്തിയായി ചുമക്കുക.
കോവിഡാനന്തര ശ്വാസകോശ രോഗങ്ങളെ വേണ്ടത്ര രീതിയില്‍ പരിചരിച്ചില്ലെങ്കില്‍ അവ ആസ്ത്മ, ബ്രോങ്കൈറ്റിസ്, സി.ഒ.പി.ഡി., ന്യൂമോണിയ എന്നിവയായി മാറിയേക്കാം. അതിനാല്‍ ഇത്തരം അസ്വസ്ഥതകള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റുക.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ശ്വാസകോശ രോഗങ്ങള്‍ ഒഴിവാക്കാനായി രോഗഉത്തേജകമായവയില്‍ നിന്നും അകന്നു നില്‍ക്കാനും അവ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക..

 

1. കോവിഡ് നെഗറ്റീവ് ആയശേഷവും കുറച്ച് നാളത്തേക്ക് വീട്ടില്‍ തന്നെ പരിപൂര്‍ണമായി വിശ്രമിക്കാന്‍ ശ്രമിക്കുക.
2. ശാരീരിക അധ്വാനം, അമിത വ്യായാമം എന്നിവ ഒഴിവാക്കുക.
3. കോവിഡ് രോഗം ഭേദമായവര്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം.

4. കാപ്പി, ചായ ഇവയുടെ ഉപയോഗം നിയന്ത്രിക്കണം. നെഞ്ചിടിപ്പ്, ശ്വാസഗതി എന്നിവയുടെ വ്യതിയാനം കൃത്യമായി സ്വയം നിരീക്ഷിക്കേണ്ടതാണ്.
5. നന്നായി ഉറങ്ങുക. (ദിവസവും 8 മണിക്കൂര്‍ ഉറങ്ങുക).
6. മദ്യപാനം പുകവലി, മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇവയില്‍ നിന്നും വിട്ടു നില്‍ക്കുക.

7. പൊടി, തണുപ്പ്, പൗഡര്‍ എന്നിങ്ങനെ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
8. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക, രോമം കൊണ്ടുള്ള പുതപ്പുകള്‍ ഒഴിവാക്കുക.
9. ശ്വസനസംബന്ധമായ ലഘു വ്യായാമങ്ങള്‍ ചെയ്യുക.

10. നെഞ്ചിടിപ്പ്, ശ്വാസഗതി വ്യതിയാനങ്ങള്‍ നിരീക്ഷിക്കുക.
11. ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
12. മധുര പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക.

13. ചോക്ലേറ്റ്, ഐസ്‌ക്രീം, ജിലേബി, ക്രീം ബിസ്‌ക്കറ്റ്, മുന്തിരി ഓറഞ്ച് ഇവ ഒഴിവാക്കുക.
14. കുടിക്കാനും കുളിക്കാനും ചൂടുവെള്ളം ഉപയോഗിക്കുക.
15. കോഴിയിറച്ചി, കോഴിമുട്ട ആട്ടിന്‍പാല്‍ ഇവ നല്ലതാണ്.

16. വിറ്റാമിന്‍ എ, സി, ഡി എന്നിവ ചേര്‍ന്നിട്ടുള്ള ക്യാരറ്റ്, പേരയ്ക്ക, പപ്പായ, മത്തി, ചൂര എന്നിവ ധാരാളം കഴിക്കുക.
17. മാനസിക സമ്മര്‍ദങ്ങളും രോഗം ഉണ്ടാകാന്‍ കാരണമാകും എന്നതിനാല്‍ കഴിയുന്നതും മനസ് ശാന്തമാക്കി വയ്ക്കാനും സന്തോഷത്തോടെ ഇരിക്കാനും ശ്രമിക്കുക.

ശ്വസന വ്യായാമം


ആഴത്തില്‍ ശ്വാസം എടുക്കുന്നത് ഡയഫ്രത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയും ശ്വാസഗതി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശ്വസന സംബന്ധിയായ ലഘു വ്യായാമം ചെയ്യാവുന്നതാണ്. വായടച്ച് മൂക്കിലൂടെ ശ്വാസമെടുത്ത ശേഷം സാവകാശം ശ്വാസം പുറത്തുവിടുക. വായു ഉള്ളിലേക്കെടുക്കുന്നതിന്റെ ഇരട്ടി സമയമെടുത്ത് ശ്വാസം പുറത്തു വിടുക. കോവിഡ് ഭേദമായാലും ഉടനെ കഠിനമായ വ്യായാമം ചെയ്യേണ്ടതില്ല.

ആവിപിടിച്ച ശേഷം വീണ്ടും തണുത്ത വെള്ളം കുടിക്കുക, ഫാന്‍ അമിതമായി ഉപയോഗിക്കുക, പാല്‍,മോര്. തൈര്, മറ്റ് പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും കഫം കൂടുതല്‍ ആവാനുള്ള സാധ്യതയുണ്ട്.ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ചികിത്സ


1. കഷായവും മറ്റ് മരുന്നുകളും കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആടലോടകത്തില്‍ തുളസിയില, പനികൂര്‍ക്കയില ഇവ പൊടി ചേര്‍ത്ത് കോഴിമുട്ടയില്‍ മിക്‌സ് ചെയ്ത് പൊരിച്ച് കഴിക്കുക.
2. നെഞ്ചിലും പുറത്തും നല്ലെണ്ണ പുരട്ടി ആവി പിടിച്ച് വിയര്‍പ്പിക്കുക.
3. ചുക്ക്, തേങ്ങ, കടുക് എന്നിവ സമമെടുത്ത് സൂക്ഷ്മ ചൂര്‍ണം ആക്കി അത്രയും ശര്‍ക്കര ചേര്‍ത്ത് കൂടെ കൂടെ കഴിക്കുക.
4. ചുമയും ശ്വാസതടസവും അനുഭവപ്പെടുന്ന അവസ്ഥയില്‍ 60 മില്ലി ദശമൂലകടുത്രയം കഷായം ഒരു ഗുളികയും ചേര്‍ത്ത് കഴിക്കുന്നത് ആശ്വാസം നല്‍കുന്നു.
5. തുളസിയിലയും പനിക്കൂര്‍ക്കയിലയും പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
6. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക. ദശമൂലകടുത്രയം കഷായം, വാസാരിഷ്ടം, കനകാസവം, താലീസപത്രാദി ചൂര്‍ണം, കര്‍പ്പൂരാദി ചൂര്‍ണം, അഗസ്ത്യരസായനം എന്നീ മരുന്നുകള്‍ എല്ലാം രോഗിയുടെ ശരീരബലം, രോഗാവസ്ഥ എന്നിവയ്ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് രോഗിയുടെ പ്രായം, ലിംഗം, കോവിഡ് രോഗലക്ഷണങ്ങളുടെ തീവ്രത ഇവയൊന്നും ബാധകമല്ല. കോവിഡ് വന്ന രോഗികള്‍ എപ്പോഴും തന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാര്‍ ആയിരിക്കണം.

ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ വൈദ്യസഹായം നേടാനായി ശ്രമിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here