കോഴിക്കോട് ജില്ലയിലെ രണ്ട് മരണവും നിപ മൂലം തന്നെയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കടുത്ത ജാഗ്രത. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതിനെ ശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 24കാരനും 9 വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ബാക്കി 31 പേര്‍ വീട്ടുകാരും കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നിലവിൽ ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14, 15
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1, 2, 20
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3, 4, 5, 6, 7, 8, 9, 10
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5, 6, 7, 8, 9
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6, 7
കാവിലുംപാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16

കണ്ടെയിന്‍മെന്റ് സോണായ മേല്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഈ വാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവര്‍ത്തന സമയം രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here