Vegitableവിഷപച്ചക്കറിയെ പുറന്തള്ളുന്ന കാര്യത്തില്‍ കേരളം കടുത്ത നിലപാട്‌ എടുത്തതോടെ കേരളവിപണിയെ ഏറെ ആശ്രയിക്കുന്ന തമിഴ്‌നാടും കീടനാശിനിയോട്‌ ഗുഡ്‌ബൈ പറയുന്നു. കേരളം വേണ്ട എന്ന നിലപാട്‌ എടുത്തതും വിഷപരിശോധന കര്‍ശനമാക്കിയതും തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ കീടനാശിനിയില്‍ നിന്നും പിന്‍വാങ്ങുന്നതായും ജൈവപച്ചക്കറി വികസനം സംബന്ധിച്ച കാര്യങ്ങള്‍ തമിഴ്‌നാട്‌ ഗൗരവമായി എടുക്കുകയാണെന്നുമാണ്‌ വിവരം. കീടനാശിനി വില്‍പ്പനയില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുള്ളതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.

ഓണക്കാലത്ത്‌ വിഷ പച്ചക്കറിക്കെതിരേ കേരളം കടുത്ത നിലപാട്‌ എടുത്തതും ജൈവ പച്ചക്കറി വ്യാപകമായി വിപണിയില്‍ എത്തിയതും തമിഴ്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന്‌ അതിര്‍ത്തിയില്‍ പച്ചക്കറി കെട്ടിക്കിടക്കാന്‍ ഇടയായതും നഷ്‌ടം നേരിട്ടതും കര്‍ഷകരെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതിന്‌ പിന്നാലെ തമിഴ്‌ മാധ്യമങ്ങള്‍ വിഷ രഹിത പച്ചക്കറിക്ക്‌ അനുകൂലമായ പ്രചരണം നടത്തുകയും ചെയ്‌തതോടെ കാര്യങ്ങള്‍ മാറി.

കൃഷിയില്‍ തുടര്‍ച്ചയായ ഗുണനിലവാര പരിശോധന ഉറപ്പാക്കാന്‍ തമിഴ്‌നാട്ടിലെ കൃഷിവകുപ്പും തീരുമാനം എടുത്തിട്ടുണ്ട്‌. കീടനാശിനി ഉപയോഗം തമിഴ്‌നാട്ടില്‍ കുറഞ്ഞെന്ന്‌ കഴിഞ്ഞ ദിവസം തമിഴ്‌നാട്‌ കൃഷിഭൂമികള്‍ സന്ദര്‍ശിച്ച കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതോടെ കീടനാശിനി ഉപയോഗം പരമാവധി കുറയ്‌ക്കാന്‍ തമിഴ്‌ കര്‍ഷകര്‍ തീരുമാനം എടുത്തിട്ടുണ്ട്‌. ജൈവ പച്ചക്കറി വികസന കാര്യത്തില്‍ കേരളത്തിന്റെ പാത പിന്തുടരാന്‍ തമിഴ്‌നാട്‌ പ്‌ളാനിംഗ്‌ ബോര്‍ഡും നീക്കം നടത്തുകയാണ്‌. മലയാളസിനിമ ഹൗ ഓള്‍ഡ്‌ ആര്‍ യൂവിന്റെ തമിഴ്‌പതിപ്പും ജ്യോതിക നായികയായ 36 വയതിനിലെ സിനിമയും ജൈവപച്ചക്കറിയുടെ ശക്‌തമായ സന്ദേശം നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here