ബോൺ/കൊച്ചി: കൊച്ചി ആസ്ഥാനമായ ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ നടത്തി വരുന്ന ആഗോള ഫോട്ടോഗ്രാഫി മത്സരത്തിന്  അന്താരാഷ്ട്ര അംഗീകാരം. ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പിനായി ജർമനിയിലെ ബോൺ ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ റ്റു  കോമ്പാറ്റ് ഡെസെർട്ടിഫിക്കേഷന്റെ  (യുഎൻസിസിഡി) ഭാഗമായ ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് കോ-ഓർഡിനേഷൻ ഓഫീസും  ഗ്രീൻസ്‌റ്റോം  ഫൗണ്ടേഷനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

മരുഭൂമിയായിത്തീർന്ന ഭൂഭാഗങ്ങളെ തിരിച്ചു പിടിക്കുന്നതിനുള്ള ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവിന്റെ ബോധവൽക്കരണ  പ്രവർത്തനങ്ങളുടെ ഭാഗമായാണ് യുഎൻസിസിഡി ഇപ്പോൾ ഈ ആഗോള ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.നിശബ്ദദൃശ്യങ്ങളിലൂടെ അതിശക്തമായി കഥകൾ പറഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിനായി വലിയ പ്രചോദനം സൃഷ്ടിക്കുന്നതിൽ ലോകമെമ്പാടും നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ചാതുര്യവും കലാവൈഭവവും ഉപയോഗപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 15 വർഷത്തിനിടെ വളർന്നു വന്ന ആഗോള പ്ലാറ്റ്‌ഫോമാണ് ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ.

ഫെസ്റ്റിവലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ചരിത്രപരമായ ഈ അന്താരാഷ്ട്ര പങ്കാളിത്തവും വർധിച്ചു വരുന്ന ജനപങ്കാളിത്തവും പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുതിനും തങ്ങൾ അധിവസിക്കുന്ന ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം ഓർമ്മിപ്പിക്കുതിനും ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമാകും.

ഇത്തവണത്തെ ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവൽ 2023 സെപ്തംബർ 1 മുതൽ 2024 ഏപ്രിൽ 22 വരെയാണ് നടക്കുക. നേച്ചർ ഫോട്ടോഗ്രാഫി രംഗത്തെ ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30000 യുഎസ് ഡോളർ (25 ലക്ഷം രൂപ) ആണ് ഇത്തവണത്തെ മത്സരത്തിന്റെ സവിശേഷത.

മനോഹരമായ പ്രകൃതിദൃശ്യങ്ങൾ (ബ്യൂട്ടിഫുൾ ലാൻഡ്‌സ്‌കേപ്‌സ്) ആണ് ഇത്തവണത്തെ മത്സരത്തിന്റെ ഇതിവൃത്തം.  നമുക്കു ചുറ്റുമുള്ള ഭൂഭാഗങ്ങളുടെ സൗന്ദര്യത്തിന്റെ ആഘോഷവും പരിസ്ഥിതി പുനസ്ഥാപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മത്സരത്തിന്റെ പോർട്ടലായ www.greenstorm.green സൈറ്റിലൂടെ 2023 സെപ്തംബർ 1 മുതൽ 30 വരെ എൻട്രികൾ സമർപ്പിക്കാം.

നമുക്കു ചുറ്റുമുള്ള ഭൂഭാഗങ്ങളുടെ മനോഹാരിതയിൽ ഊന്നുമ്പോൾ പ്രകൃതിയും മനുഷ്യരും എങ്ങനെ ബന്ധപ്പെട്ടു  കിടക്കുന്നുവെന്നും പ്രകൃതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും നമ്മൾ എങ്ങനെ ഉത്തരവാദികളായിരിക്കുന്നുവെന്നും ബോധ്യമാകുമെന്നതാണ് ഈ ഇതിവൃത്തത്തിന്റെ പ്രസക്തിയെന്ന് ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് കോ-ഓർഡിനേഷൻ ഓഫീസ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.

2040ഓടെ ഭൂനശീകരണം (ലാൻഡ് ഡിഗ്രെഡേഷൻ) 50% കണ്ട് കുറയ്ക്കാനാണ്ജി 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ്  ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ പ്രസിഡൻസിക്കു കീഴിൽ 2020ലാണ് ജി20 രാജ്യങ്ങളുടെ നേതാക്കൾ ഈ ഇനീഷ്യേറ്റീവിന് തുടക്കമിട്ടത്.

ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ നടത്തി വരുന്ന ആഗോള ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഈ പതിപ്പിൽ ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവുമായി സഹകരിക്കാൻ കഴിയുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു.

‘ഈ പങ്കാളിത്തം ഭൂമിയുടേയും പ്രകൃതിയുടേയും സംരക്ഷണത്തിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി  കരുതുന്നു; ഇത് ഞങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സങ്കീർണ്ണമായ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്  ബോധവത്ക്കരണത്തിലൂടെ പരിഹാരം നേടുന്നതിന് ദൃശ്യങ്ങളിലൂടെ കഥ പറയുന്നതിന്റെ ശക്തി നിർണ്ണായകമാണെന്നാണ്  കഴിഞ്ഞ 15 വർഷങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കിയത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ പ്രായക്കാർ, പ്രൊഫഷനലുകൾ, അമേച്വർ ഫോട്ടോഗ്രാഫർമാർ,  വിദ്യാർത്ഥികൾ എന്നിവരെ  ഉൾക്കൊളളിക്കുന്നതിനായി ഈ വർഷം ഫെസ്റ്റിവലിൽ രണ്ട് വിഭാഗങ്ങളുണ്ടാകും.

ഡിഎസ്ആൽആർ/മിറർലെസ് ക്യാമറകളിലെടുത്ത ഫോട്ടോകൾ സമർപ്പിക്കാവുന്ന  പ്രൊഫഷനൽ,  അമേച്വർ  ഫോട്ടോഗ്രാഫർമാരുടെ വിഭാഗമാണ് ഒന്നാമത്തേത്. രണ്ടാം വിഭാഗത്തിൽ മൊബൈൽ ഫോണുകളിലെടുത്ത  ഫോട്ടോഗ്രാഫുകൾ സമർപ്പിക്കാം.

ഒന്നാം വിഭാഗത്തിലെ വിജയിക്ക് 10,000 യുഎസ് ഡോളർ ക്യാഷ് അവാർഡ് നൽകും. ഈ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000 യുഎസ് ഡോളർ എന്നിങ്ങനെയും സമ്മാനങ്ങൾ ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമർശം ലഭിക്കുന്ന 3 ഫോട്ടോകൾക്ക് 1000 യുഎസ് ഡോളർ വീതം ക്യാഷ് അവാർഡും നൽകും.

രണ്ടാം വിഭാഗത്തിലെ ഒന്നാം സ്ഥാന ജേതാവിന് 3000 യുഎസ് ഡോളർ സമ്മാനം നൽകും. രണ്ടും മൂന്നും സമ്മാനാർഹർക്ക് യഥാക്രമം 2000, 1000 യുഎസ് ഡോളർ എന്നിങ്ങനെയും. കൂടാതെ വിദ്യാർത്ഥികൾക്കായി 3000 യുഎസ് ഡോളർ വരെയുള്ള പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ആഗോള തലത്തിൽ പ്രശസ്തരായ നാല് ഫോട്ടോഗ്രാഫർമാരുൾപ്പെട്ടതാണ് ഇത്തവണത്തെ ജൂറി. ചാർളി വെയ്റ്റ് (യുകെ), എമിലി ഗാർത്വെയ്റ്റ് (ഇറാഖ്), ലതിക നാഥ് (ഇന്ത്യ), ലെൻ മെറ്റ്കാഫ് (ഓസ്‌ട്രേലിയ) എന്നിവരാണ് ഈ വർഷത്തെ ജൂറി.

ആദ്യഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോകൾ www.greenstorm.green സൈറ്റിൽ പ്രദർശിപ്പിക്കും. സൈറ്റ് സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട ചിത്രങ്ങൾക്ക് വോട്ടു ചെയ്യാനാവും. ഈ വോട്ടുകളും ജൂറി നൽകുന്ന മാർക്കും സമന്വയിപ്പിച്ചാണ് അന്തിമഘട്ട വിജയികളെ തെരഞ്ഞെടുക്കുക. 2024 ലെ ലോക ഭൗമദിനമായ ഏപ്രിൽ 22ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും സൗജന്യമായി മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുതിനും www.greenstorm.green സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here