സ്മാര്‍ട്ട്‌ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കി മാറ്റുന്ന സംവിധാനമുള്ളതാണ് എല്‍ജി ജി5. ‘കാം പ്ലസ്’ എന്ന മോഡ്യൂളിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പ്രത്യേക ബാറ്ററി മോഡ്യൂളിലുള്ളതിനാല്‍ ഫോട്ടോയെടുത്ത് ഫോണിന്റെ ബാറ്ററി തീരുമെന്ന പേടി വേണ്ട

പല കഷ്ണങ്ങളായി നിര്‍മിച്ചുകൊണ്ടുവന്ന് അവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന മോഡുലര്‍ കിച്ചനുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. അടുപ്പും പാത്രങ്ങള്‍ കഴുകുന്നതിനുളള സിങ്കും വാട്ടര്‍ടാപ്പും സാധനങ്ങള്‍ വെക്കാനുള്ള അലമാരയുമൊക്കെ ഓരോ മൊഡ്യൂള്‍ ആയിട്ടാണ് വരുന്നത്. അതെല്ലാം കൂടി കൂട്ടിയിണക്കുന്നതോടെ മോഡുലര്‍ കിച്ചന്‍ റെഡി.
ഇപ്പോഴിതാ മോഡുലര്‍ സ്മാര്‍ട്‌ഫോണുമായി കൊറിയന്‍ കമ്പനിയായ എല്‍ജി രംഗത്തുവന്നിരിക്കുന്നു. സ്‌പെയിനില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍ജി അവതരിപ്പിച്ച ജി5 ( LG G5 ) എന്ന സ്മാര്‍ട്‌ഫോണ്‍ മോഡുലര്‍ രീതിയില്‍ നിര്‍മിച്ചതാണ്.
ഫോണിലെ ബാറ്ററിയും ക്യാമറയും ഓഡിയോ സംവിധാനങ്ങളുമൊക്കെ ഇഷ്ടത്തിനനുസരിച്ച് മാറ്റാമെന്നതാണ് ജി5 ന്റെ സവിശേഷത.
പുതിയ പല സ്മാര്‍ട്‌ഫോണുകളുടെയും ബാറ്ററി ഊരിയെടുക്കാനാവാത്ത തരത്തിലുളളതാണ്. ഊരിയെടുക്കാവുന്ന ഫോണുകളില്‍ തന്നെ അതിനായി ബാക്ക് കവര്‍ അഴിക്കേണ്ടതുണ്ട്.
എന്നാല്‍ ജി5 േഫാണിന്റെ അടിവശത്തുള്ള ഒരു സ്വിച്ചമര്‍ത്തിയാല്‍ ബാറ്ററി തനിയെ പുറത്തേക്കുവരും. ചാര്‍ജ് തീരാറായെന്ന് കണ്ടാല്‍ ഉടന്‍ ബാറ്ററി ഊരി ഫുള്‍ ചാര്‍ജാക്കിയ സ്‌പെയര്‍ ബാറ്ററി ഫോണിലേക്ക് കയറ്റാനാകും എന്നതാണ് ഇതുകൊണ്ടുളള സൗകര്യം.

സ്മാര്‍ട്‌ഫോണിനെ പ്രൊഫഷനല്‍ ക്യാമറയാക്കി മാറ്റുന്നതിനുളള സംവിധാനവും ജി5 ലുണ്ട്. അതിനായി ‘കാം പ്ലസ്’ എന്നൊരു ക്യാമറ മൊഡ്യൂള്‍ എല്‍ജി നിര്‍മിച്ചിരിക്കുന്നു. ബാറ്ററി സ്‌ലോട്ടിലൂടെ കാം പ്ലസ് ഫോണില്‍ ഘടിപ്പിക്കാനാകും. അതോടെ പവര്‍, ഷട്ടര്‍, റെക്കോഡ്, സൂം ബട്ടനുകളും എല്‍ഇഡി ഫ് ളാഷുമൊക്കെയുളള ക്യാമറയായി ഫോണ്‍ മാറും.
1200 എംഎഎച്ച് ശേഷിയുളള പ്രത്യേക ബാറ്ററി കാം പ്ലസിലുള്ളതിനാല്‍ ഫോട്ടോയെടുത്ത് ഫോണിലെ ചാര്‍ജ് തീരുമെന്ന പേടിയും വേണ്ട. പടമെടുപ്പെല്ലാം കഴിഞ്ഞ് കാം പ്ലസ് ഊരി മാറ്റി ഫോണിന്റെ ബാറ്ററി ഇടുന്നതോടെ ജി5 വീണ്ടും ഫോണ്‍ മോഡിലേക്ക് മാറും.image (7)

LEAVE A REPLY

Please enter your comment!
Please enter your name here