വിൽപ്പനയിൽ തകർപ്പൻ വളർച്ച കൈവരിച്ച റോയൽ എൻഫീൽഡ് ഇന്ത്യൻ മോട്ടോർ സൈക്കിൾ നിർമാതാക്കളിൽ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോറിനാണ്, ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡിന്റെ ഈ കുതിപ്പ് തിരിച്ചടി സൃഷ്ടിച്ചത്.

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,98,791 മോട്ടോർ സൈക്കിളുകളാണു ചെന്നൈ ആസ്ഥാനമായ റോയൽ എൻഫീൽഡ് വിറ്റത്. 2014 — 15ൽ വിറ്റ 3,24,055 യൂണിറ്റിനെ അപേക്ഷിച്ച് 53% കൂടുതലാണിത്. ഇതോടെ ഇന്ത്യയിലെ മോട്ടോർ സൈക്കിൾ വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഹീറോ മോട്ടോ കോർപിനും ബജാജ് ഓട്ടോ ലിമിറ്റഡിനും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയ്ക്കും ടി വി എസ് മോട്ടോർ കമ്പനിക്കും പിന്നിലായി അഞ്ചാം സ്ഥാനത്തെത്തി റോയൽ എൻഫീൽഡ്.

റോയൽ എൻഫീൽഡ് നില മെച്ചപ്പെടുത്തിയതിനൊപ്പം സ്വന്തം ബൈക്കുകളുടെ വിൽപ്പന ഇടിഞ്ഞതും യമഹയ്ക്കു കനത്ത തിരിച്ചടി സൃഷ്ടിച്ചു. 2014 — 15ൽ 3,48,313 യൂണിറ്റ് വിറ്റ ഇന്ത്യ യമഹ മോട്ടോറിന് 2015 — 16ൽ 3,32,958 യൂണിറ്റ് മാത്രമാണു വിൽക്കാനായത്: 4.4% ഇടിവ്.

അതേസമയം സ്കൂട്ടർ വിഭാഗത്തിൽ നടത്തിയ മുന്നേറ്റത്തിലൂടെ രാജ്യത്തെ ഇരുചക്രവാഹന വിൽപ്പനയിൽ അഞ്ചാം സ്ഥാനം നിലനിൽത്താൻ ഇന്ത്യ യമഹ മോട്ടോറിനു സാധിച്ചിട്ടുണ്ട്. 2014 — 15ൽ വിറ്റ 2,16,960 സ്കൂട്ടറുകളെ അപേക്ഷിച്ച് 46.7% വളർച്ചയോടെ 3,18,450 സ്കൂട്ടറുകളാണു യമഹ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്

കഴിഞ്ഞ നാലു വർഷമായി ബൈക്ക് വിൽപ്പനയിൽ 50 ശതമാനത്തിലേറെ വളർച്ചയാണു റോയൽ എൻഫീൽഡ് കൈവരിക്കുന്നത്. ഉയരുന്ന വിൽപ്പനയ്ക്കൊത്ത് ഉൽപ്പാദനവും വർധിപ്പിക്കാനായി ചെന്നൈയ്ക്കടുത്ത് വല്ലംവടഗലിൽ പുതിയ നിർമാണശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു കമ്പനി. 2018 ആകുമ്പോഴേക്ക് വാർഷിക ഉൽപ്പാദനം ഒൻപതു ലക്ഷം യൂണിറ്റിലെത്തിക്കാനാണു റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്.

വ്യാപക വിൽപ്പനയ്ക്കു പകരം ബൈക്ക് വിപണിയിലെ പ്രത്യേക വിഭാഗങ്ങളിലെ വിപണന സാധ്യത പ്രയോജനപ്പെടുത്തുകയെന്ന കമ്പനിയുടെ തന്ത്രം വിജയിച്ചെന്നാണു റോയൽ എൻഫീൽഡിന്റെ വിൽപ്പനകണക്കുകൾ തെളിയിക്കുന്നത്. വിപണിക്ക് ആവശ്യമുള്ള മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം പുറത്തിറക്കുന്ന ബൈക്കുകൾക്കു വിപണി കണ്ടെത്താനുള്ള ശ്രമവും ലക്ഷ്യത്തിലെത്തി. ഇന്ത്യൻ ബൈക്കിങ് രംഗത്ത് ഇതിഹാസമാനം തന്നെ നേടാൻ ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡിനായെന്നാണു വിലയിരുത്തൽ.

ആഭ്യന്തര വിപണി പിന്നിട്ട് വിദേശ രാജ്യങ്ങളിൽ സജീവ സാന്നിധ്യം ഉറപ്പാക്കാനും റോയൽ എൻഫീൽഡ് പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. യു കെ ആസ്ഥാനമായ ഹാരിസ് പെർഫോമൻസിനെ ഏറ്റെടുത്തതിനു പുറമെ ഐഷർ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ ലാൽ തന്റെ പ്രവർത്തനം ലണ്ടൻ കേന്ദ്രീകരിച്ചാക്കിയതും കമ്പനിക്കു ഗുണം ചെയ്തു.

തായ്‌ലൻഡിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചും യു എസിൽ പുതിയ ഉപസ്ഥാപനം തുറന്നും ഫ്രാൻസിലും സ്പെയിനിലും റീട്ടെയ്ൽ സ്റ്റോർ ആരംഭിച്ചുമൊക്കെ റോയൽ എൻഫീൽഡ് പുതിയ വിപണികൾ തേടുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് മൊത്തം നാനൂറോളം ഡീലർഷിപ്പുകളാണു നിലവിൽ റോയൽ എൻഫീൽഡിനുള്ളത്; ഇതിൽ 10 എണ്ണമാവട്ടെ എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here