ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കി മസാച്ചുസെറ്റ്‌സ് പോലീസുകാരന്‍. ക്രിസ്മസിന് അഞ്ച് ദിവസം മുമ്പ് ഒരു പലചരക്ക് കടയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കാഴ്ച കണ്ട സോമര്‍സെറ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ മാറ്റ് ലിമ ഇവരെ പിടികൂടുന്നതിനായാണ് കടയിലെത്തിയത്. എന്നാല്‍ സ്ത്രീകള്‍ മോഷ്ടിക്കാനിടയായ സാഹചര്യം അറിഞ്ഞപ്പോള്‍ പോലീസ് ഓഫീസര്‍ക്ക് അവരോട് സഹതാപം തോന്നുകയായിരുന്നു.

രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് കടയിലെത്തിയത്. ഇവര്‍ ഷോപ്പുടമ അറിയാതെ എന്തൊക്കെയോ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഓഫീസര്‍ ഇവരെ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ അവര്‍ മോഷ്ടിച്ചത് ഭക്ഷണ സാധനങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കിയതോടെ ഓഫീസര്‍ ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. തനിക്ക് രണ്ട് പെണ്‍കുട്ടികളാണെന്നും അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തനിക്ക് വകയില്ലെന്നും സ്ത്രീകളിലൊരാള്‍ പോലീസിനോട് പറഞ്ഞു. തനിക്ക് ജോലിയോ മറ്റ് വരുമാന മാര്‍ഗ്ഗമോയില്ലെന്നും തങ്ങള്‍ക്ക് അത്താഴത്തിനുള്ള ഭക്ഷണമാണ് മോഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഇത് കേട്ടതോടെ മനസ്സലിഞ്ഞ പോലീസ് ഓഫീസര്‍ ഇവര്‍ക്ക് ക്രിസ്മസ് ഡിന്നറിനായി 250 ഡോളര്‍ സമ്മാന കാര്‍ഡ് വാങ്ങി നല്‍കുകയായിരുന്നു. ആ കുട്ടികള്‍ തന്റെ മനസ്സലിയിച്ചു എന്ന് മാറ്റ് ലിമ പ്രതികരിച്ചു. തനിക്കും രണ്ട് പെണ്‍കുട്ടികളാണ്, ആ കുട്ടികളുടെ പ്രായം തന്നെയാണ് അവര്‍ക്ക്. അവരെ കണ്ടപ്പോള്‍ തനിക്ക് തന്റെ മക്കളെയാണ് ഓര്‍മ്മ വന്നതെന്നും മാറ്റ് ലിമ പറഞ്ഞു. മേലില്‍ മോഷണം നടത്തരുതെന്നും ഇദ്ദേഹം സ്ത്രീകളോട് പറഞ്ഞു.

അതേസമയം പോലീസ് ഓഫീസറുടെ നന്മ എല്ലാവരും അറിഞ്ഞതോടെ ഇദ്ദേഹത്തെ അഭിനന്ദിച്ച് മുതിര്‍്ന്ന ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഓഫീസര്‍ ലിമയുടെ കരുണയും നന്മയും വ്യക്തമാക്കുന്ന സംഭവമാണിതെന്ന് സോമര്‍സെറ്റ് പോലീസ് മേധാവി ജോര്‍ജ്ജ് മക്‌നീല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here