ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളായ ബിസിനസ് സംരംഭകര്‍ കേരളവുമായി ബിസിനസിന്റെ പാലം തീര്‍ത്ത് ഈ രംഗത്ത് പരസ്പര സഹകരണത്തിന്റെയും വളര്‍ച്ചയുടെയും വക്താക്കളാകണമെന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എം.എം ഹസന്‍ അഭ്യര്‍ത്ഥിച്ചു. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സമസ്ത മേഖലയുടെയും മുരടിപ്പിന് കാരണമാകുന്ന ഹര്‍ത്താല്‍ പോലുള്ള സമരമുറകള്‍ കാലഹരണപ്പെട്ടുവെന്ന് ഹര്‍ത്താലിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന ഹസന്‍ പറഞ്ഞു.

കേരളത്തിലെ വികസനസംരംഭങ്ങള്‍ക്ക് പലവിധത്തിലും കൈത്താങ്ങാകുന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ‘ജനശ്രീ സുസ്ഥിര വികസന മിഷന്റെ’ അനുകൂല്യം അമേരിക്കന്‍ മലയാളി ബിസിനസുകാര്‍ക്കും ഉപയുക്തമാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 50000 സ്വയം സഹായ ഗ്രൂപ്പുകള്‍ ഇതിനോടകം തന്നെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജിബി തോമസ് മോളുപ്പറമ്പില്‍ മിഷന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററും അരുണ്‍ സുബ്രഹ്മണി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും മാണ്.
ഫെബ്രുവരി 26ന് വൈകുന്നേരം ആറ് മണി മുതല്‍ 8.30 വരെ നടന്ന സെമിനാറില്‍ ചേംബറിന്റെ ബോര്‍ഡ് മെംബറായ ജിബി തോമസ് മോളുപ്പറമ്പില്‍ സ്വാഗതമാശംസിച്ചു. ഇന്‍ഡോ-അമേരിക്കന്‍ ബിസിനസ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ജനശ്രീ സുസ്ഥിര നികസന മിഷന്‍ കേന്ദ്രീകരിച്ച് ആരോഗ്യകരമായ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിക്കുകയുമാണ് ഇത്തരത്തിലുള്ള ബിസിനസ് സെമിനാറുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് വളര്‍ത്തുന്നതിനായി സംരംഭകര്‍ക്ക് കരുത്തും മാര്‍ഗനിര്‍ദേശവും പകര്‍ന്ന് നല്‍കുന്നതില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ് വ്യക്തമാക്കി.

ചുവപ്പുനാടയുടെ താമസവും സ്വജനപക്ഷപാതവും ഇല്ലാതെ അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തില്‍ ബിസിനസ് തുടങ്ങുന്നതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാവണമെന്ന് തോമസ് ജി മോട്ടയ്ക്കല്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സസിന്റെ സ്ഥാപക ചെയര്‍മാന്‍ ദിലീപ് വര്‍ഗീസ് എം.എം ഹസന് മെമന്റോ സമ്മാനിച്ചു.

മൈക്രോ ഫിനാന്‍സ് സി.ഇ.ഒ ലൂക്കാ തുറയില്‍ ജോസഫ്, ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ, കരുണ ചാരിറ്റി തുടങ്ങി നിരവധി സംഘടനകളുടെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. ചേംബര്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. സ്‌നേഹവിരുന്നോടെയാണ് സെമിനാര്‍ സമാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here