ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി ആരാണ്?

ഈ ചോദ്യത്തിനുത്തരമായി, ഇപ്പോഴത്തെ ലോക ഹെവി വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്മാരായ ചാള്‍സ് മാര്‍ട്ടിന്‍ എന്ന അമേരിക്കക്കാരന്റേയോ, ടൈസന്‍ ഫ്യൂറി എന്ന ബ്രിട്ടീഷുകാരന്റേയോ പേരായിരിയ്ക്കാം ചിലര്‍ നല്‍കുന്നത്. മറ്റു ചിലര്‍ മുന്നോട്ടു വയ്ക്കുന്നതു സ്‌നാച്ച്ക്ലീന്‍ആന്റ്‌ജെര്‍ക്കില്‍ ആകെ 475 കിലോ ഉയര്‍ത്തി ലോകറെക്കോഡു സ്ഥാപിച്ചിരിയ്ക്കുന്ന അലക്‌സി വ്‌ലാദിമിറോവിച്ച് ലവ്‌ചേവ് എന്ന റഷ്യക്കാരന്റെ പേരായിരിയ്ക്കാം. അമേരിക്കന്‍ രീതിയിലുള്ള ഗുസ്തിയിലെ വീരനായ പോള്‍ മൈക്കള്‍ ലീവെസ്‌ക്യുവിന്റെ പേരും മുന്നോട്ടു വന്നെന്നു വരാം. ശാരീരികശക്തിയില്‍ ഇപ്പറഞ്ഞവരൊക്കെ മുന്നില്‍ത്തന്നെ, സംശയമില്ല. എങ്കിലും, അമേരിക്കന്‍ പ്രസിഡന്റാണു ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി പൊതുവില്‍ കണക്കാക്കപ്പെടുന്നത്. അതെന്തുകൊണ്ടെന്നു നോക്കാം.

ആദ്യം തന്നെ നമുക്ക് അമേരിക്കയുടെ നശീകരണശക്തിയൊന്നു പരിശോധിയ്ക്കാം. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞയുടന്‍ അമേരിക്കയ്ക്കും സോവിയറ്റു യൂണിയനുമിടയിലുണ്ടായ ശത്രുത ശീതയുദ്ധമെന്ന പേരില്‍ നാലു പതിറ്റാണ്ടോളം തുടര്‍ന്നു. വെടി പൊട്ടാത്ത യുദ്ധമായിരുന്നു അത്. ഉടന്‍ പൊട്ടും എന്നു ലോകം ഭയന്ന സന്ദര്‍ഭങ്ങളുണ്ടായെങ്കിലും, വെടി പൊട്ടാതെ തന്നെ അതവസാനിച്ചു. എണ്‍പതുകളുടെ അവസാനം ബെര്‍ലിന്‍ മതില്‍ പൊളിഞ്ഞതോടെയാണ് ശീതയുദ്ധത്തിന് അന്ത്യമുണ്ടായത്. ഈ കാലഘട്ടത്തിനിടയില്‍ അമേരിക്ക എഴുപതിനായിരത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിച്ചു. ഇതു സോവിയറ്റു യൂണിയനുള്‍പ്പെടെയുള്ള മറ്റു രാഷ്ട്രങ്ങളെല്ലാം കൂടി നിര്‍മ്മിച്ചതിനേക്കാളേറെയായിരുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുത വെടിഞ്ഞു പരസ്പരമൊപ്പിട്ട പല കരാറുകളുടേയും പിന്‍ബലത്തില്‍ അവരിരുവരും തങ്ങളുടെ ആണവായുധശേഖരത്തിനു വലുതായ കുറവും ഏകദേശതുല്യതയും വരുത്തിയിട്ടുണ്ടെങ്കിലും, ആണവായുധങ്ങള്‍ ആദ്യമായാവിഷ്‌കരിച്ച അമേരിക്കയ്ക്കു തന്നെയായിരിയ്ക്കണം ഈ രംഗത്തു റഷ്യയേക്കാള്‍ മുന്‍തൂക്കം.

അമേരിക്കന്‍ പ്രസിഡന്റിന്റെ മേശപ്പുറത്ത് ആണവായുധങ്ങള്‍ പ്രയോഗിയ്ക്കാനുള്ള ബട്ടണുകളുണ്ടെന്നും, അവ അമര്‍ത്തിക്കൊണ്ട്, ശത്രുരാജ്യങ്ങള്‍ക്കെതിരേ ഏതു നിമിഷവും ആണവായുധങ്ങള്‍ പ്രയോഗിയ്ക്കാന്‍ അദ്ദേഹത്തിനാകുമെന്നുമുള്ള ധാരണ മുമ്പുണ്ടായിരുന്നു. അല്പം ചില മാറ്റങ്ങളോടെ ആ ധാരണ ശരിവയ്‌ക്കേണ്ടിയിരിയ്ക്കുന്നു. മേശയ്ക്കു പകരം, ‘ഫുട്‌ബോള്‍’ എന്നറിയപ്പെടുന്നൊരു ബ്രീഫ്‌കേസാണുള്ളത്. ഈ ബ്രീഫ്‌കേസിനെ ഒരു ചങ്ങലയാല്‍ സ്വന്തം കൈയില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരുന്നത സൈനികോദ്യോഗസ്ഥന്‍ പ്രസിഡന്റിനെ സദാ അനുഗമിയ്ക്കും. ‘ഫുട്‌ബോളി’നുള്ളില്‍ അഞ്ചിഞ്ചു നീളവും മൂന്നിഞ്ചു വീതിയുമുള്ളൊരു കാര്‍ഡും, അതില്‍ പ്രസിഡന്റിന്റേതു മാത്രമായ രഹസ്യകോഡുകളുമുണ്ട്. ഇവയ്ക്കു പുറമേ, ആണവായുധപ്രയോഗസംബന്ധിയായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ രണ്ടു പുസ്തകങ്ങളും ഒരു ഫോള്‍ഡറും ‘ഫുട്‌ബോളി’നകത്തുണ്ട്. ഇവയെല്ലാമുപയോഗിച്ച്, ഒന്നിലേറെ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസ്സൈലുകള്‍ തൊടുത്തുവിടാനുള്ള ഉത്തരവു നല്‍കാന്‍ പ്രസിഡന്റിനാകും. ഉത്തരവു നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകുമായിരിയ്ക്കണം. ആയുധവിക്ഷേപണത്തിനായി ‘ഫുട്‌ബോള്‍’ ഇതുവരെ തുറക്കപ്പെട്ടിട്ടില്ലെന്നാണറിവ്.

1945ല്‍ അമേരിക്ക ഹിരോഷിമയില്‍ പ്രയോഗിച്ച ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് ഒരു ലക്ഷത്തിലേറെപ്പേരുടെ മരണത്തിനു കാരണമായി. ഇന്നിപ്പോള്‍ അമേരിക്കയുടെ പക്കലുള്ള ആണവായുധങ്ങളിലോരോന്നും ‘ലിറ്റില്‍ ബോയേ’ക്കാള്‍ എഴുപത്തഞ്ചോ അതിലധികമോ മടങ്ങു ശക്തിയുള്ളതാണ്. ലിറ്റില്‍ ബോയ്ക്ക് ഒരു ലക്ഷം പേരെ ഭസ്മമാക്കാനായെങ്കില്‍, അതിനേക്കാള്‍ എഴുപത്തഞ്ചു മടങ്ങു ശക്തിയുള്ള ആണവബോംബിന് എഴുപത്തഞ്ചു ലക്ഷം പേരെയെങ്കിലും ഭസ്മമാക്കാനാകും. ഇത്തരത്തിലുള്ള ആണവായുധങ്ങള്‍ രണ്ടായിരമെങ്കിലും അമേരിക്കയുടെ പക്കല്‍ ഇപ്പോളുണ്ടാകാതിരിയ്ക്കില്ല. ഇവയ്ക്ക് ആകെ എത്ര പേരെ കൊല്ലാനാകും? 100000 x 75 x 2000 = 1500 കോടി ജനത്തിനെ! എഴുനൂറു കോടി മാത്രമുള്ള മനുഷ്യവര്‍ഗത്തെ രണ്ടു തവണ ചുട്ടുകരിയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അധീനതയിലുള്ള ആണവായുധശേഖരത്തിനു കഴിയുമെന്നര്‍ത്ഥം.

ആണവേതര ആയുധശക്തിയുടെ കാര്യത്തിലും അമേരിക്ക തന്നെ മുന്നില്‍. അമേരിക്കയുടെ പക്കല്‍ 13444 യുദ്ധവിമാനങ്ങളും 9125 ടാങ്കുകളും 68 വിമാനവാഹിനിക്കപ്പലുകളും 75 ആണവമുങ്ങിക്കപ്പലുകളും വിവിധ തരത്തിലുള്ള നാനൂറോളം യുദ്ധക്കപ്പലുകളുമുണ്ട്. അമേരിക്കയുടെ പക്കലുള്ള ആണവേതര മിസ്സൈലുകള്‍ക്കു കൈയും കണക്കുമുണ്ടാവില്ല. എല്ലാ ആയുധങ്ങളും അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരത്തിന്‍ കീഴിലാണുള്ളത്.

ആയുധങ്ങള്‍ പ്രയോഗിച്ച് ശത്രുക്കളെ നശിപ്പിയ്ക്കാനുള്ള ഏറ്റവുമധികം ശക്തി അമേരിക്കയ്ക്കാണുള്ളതെങ്കില്‍, പണം നല്‍കി പ്രീണിപ്പിയ്ക്കാനും വളര്‍ത്താനുമുള്ള സാമ്പത്തികശക്തി ഏറ്റവുമധികമുള്ളതും അമേരിക്കയ്ക്കു തന്നെ. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണശേഖരമുള്ളത് അമേരിക്കയുടെ പക്കലാണ്: 8133 ടണ്‍. ചൈനയുടേതിന്റെ ഏകദേശം അഞ്ചിരട്ടി. അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉല്പാദനം പതിനേഴു ട്രില്യന്‍ ഡോളറിലേറെയാണ്: പതിനൊന്നു കോടി അമ്പത്താറു ലക്ഷം കോടി രൂപ! ഇരുപത്തെട്ട് അംഗരാഷ്ട്രങ്ങളുള്ള യൂറോപ്യന്‍ യൂണിയന്റേതിനോട് ഏകദേശം തുല്യമാണിത്. മറ്റൊരു രാഷ്ട്രത്തിനും അമേരിക്കയുടേതിനു തുല്യമായ മൊത്ത ആഭ്യന്തര ഉല്പാദനമില്ല. സാമ്പത്തികസഹായമുള്‍പ്പെടെ, അന്യരാജ്യങ്ങളുമായുള്ള എല്ലാ ഇടപാടുകളുടേയും ഉറവിടം അമേരിക്കന്‍ പ്രസിഡന്റാണ്. ചുരുക്കത്തില്‍, അമേരിക്ക ആയുധശക്തികൊണ്ടും സാമ്പത്തികശക്തികൊണ്ടും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായതിനാല്‍, ആ ശക്തികള്‍ വിനിയോഗിയ്ക്കാനധികാരമുള്ള അമേരിക്കയുടെ രാഷ്ട്രത്തലവന്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ ശക്തന്‍. ഈ അതിശക്തന്റെ തെരഞ്ഞെടുപ്പു പ്രക്രിയയെപ്പറ്റിയുള്ള വിവരണം ഈ ലേഖനത്തിന്റെ അടുത്ത ഭാഗത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here