മയോണൈസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ ട്രക്ക് കയറ്റിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ക്രിസ്റ്റഫര്‍ എര്‍ല്‍ബാച്ചര്‍ എന്ന 29കാരനാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. തന്‌റെ സുഹൃത്തായ കാലെബ് സോള്‍ബെര്‍ഗ് എന്ന മുപ്പതുകാരനെയാണ് ഇയാള്‍ വാഹനം കയറ്റിക്കൊന്നത്.

ഭക്ഷണത്തെച്ചൊല്ലി തുടങ്ങിയ നിസ്സാര തര്‍ക്കമാണ് ഒടുവില്‍ കൊലപാതകം വരെയെത്തിയത്. പിസ്ഗയിലെ ഒരു കഫേയ്ക്ക് പുറത്ത് വെച്ച് 2020 ഡിസംബറിലാണ് കൊലപാതകം നടന്നത്. ക്രിസ്റ്റഫറും കാലെബും രാത്രി ബാറില്‍ കയറി നന്നായി മദ്യപിച്ചിരുന്നു. അതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനിടെ കാലെബിന്റെ ഭക്ഷണത്തിലേക്ക് ക്രിസ്റ്റഫര്‍ മയോണൈസ് ഒഴിച്ചു.

ഇതില്‍ പ്രകോപിതനായ കാലെബ് ഇത് ചോദ്യം ചെയ്യുകയും ഒടുവില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. കഫേയുടെ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ കാലെബിന്റെ സഹോദരന്‍ പ്രിയറിനെ ഫോണില്‍ വിളിക്കുകയും കാലെബിനെ വെടിവെച്ചുകൊല്ലുമെന്നും അവന്റെ വീടിന് തീയിടുമെന്നും ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ദേഷ്യമടങ്ങാതെ ക്രിസ്റ്റഫര്‍ പുറത്തിറങ്ങിയ കാലിബിന്റെ ദേഹത്തേക്ക് ട്രക്ക് ഓടിച്ചു കയറ്റിയത്.

കാലിബിനെ ഇടിച്ചിട്ട ശേഷം മുന്നോട്ടുപോയ ക്രിസ്റ്റഫറിന്റെ ട്രക്ക് തകരാറിലായി വഴിയിലാവുകയും ചെയ്തു. പിന്നീട് പോലീസ് ഇയാളെ പിടികൂടി. താനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ബെഞ്ച് വിചാരണയ്ക്ക് ശേഷം ക്രിസ്റ്റഫര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിങ്കളാഴ്ച കോടതി ശിക്ഷ വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here