മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന ആപ്ത വാക്യം  മുറുകെപ്പിടിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറഹസ്തം നീട്ടി കരുതലും കൈത്താങ്ങലും പ്രവർത്തന മുദ്രയാക്കി 2013 മുതൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലം ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന  ECHO (Enhance Community through Harmonious Outreach) എന്ന സംഘടന 2023-ലെ  “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്”-ന്  യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 4  മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്.

അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ  അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം  (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന  2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ്  (5) ന്യൂയോർക്കിൽ വച്ച് 2024 ജനുവരി 7 ഞായറാഴ്ച  നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും  ഇന്ത്യൻ വംശജരും  ആയിരിക്കണം  (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം  അപേക്ഷകൾ ഡിസംബർ 15-ന്  രാത്രി 12 മണിക്ക്  (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലിൽ  ലഭിച്ചിരിക്കണം (8) മുൻ വർഷങ്ങളിൽ എക്കോയിൽ നിന്നും പ്രസ്തുത അവാർഡിന് അർഹരായവർ വീണ്ടും ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാൻ അനുവദനീയമല്ല (9) ECHO നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

എക്കോയുടെ മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങാണ് ജനുവരി 7ന്  നടത്തുന്നതിന്  ക്രമീകരണങ്ങൾ ചെയ്യുന്നത്. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021ൽ ഏർപ്പെടുത്തിയ ആദ്യ ഹ്യുമാനിറ്റേറിയൻ അവാർഡിന്   ന്യൂയോർക്ക്  ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു അർഹനായിരുന്നു.  2022- ലെ രണ്ടാമത് ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് യോങ്കേഴ്സ്  സ്‌കാർസ്ഡെയ്‌ലിൽ റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് നടത്തിവരുന്ന ജർജ് ജോൺ കല്ലൂരിനാണ് (ബെന്നി) ലഭിച്ചത്.  സ്വന്തം വരുമാനത്തിൽ നിന്നും തുക ചിലവഴിച്ച് കേരളത്തിലെ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്ത് വരുന്നത് കണക്കിലെടുത്താണ്  ധാരാളം അപേക്ഷകരിൽ നിന്നും ഇരുവരും അവാർഡിന് കഴിഞ്ഞ വർഷങ്ങളിൽ  തെരഞ്ഞെടുക്കപ്പെട്ടത്.

ഒരു ദശാബ്ദം മുമ്പ് സമാന മനസ്കരായ ഏതാനും പേർ ചേർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് സ്വന്തം മാതൃരാജ്യത്ത്, കഷ്ടതകളാലും ദുരിതങ്ങളാലും നട്ടം തിരിയുന്നവരെ തങ്ങളാലാവും വിധം കാരുണ്യത്തിന്റെ ചെറു കണികകൾ നൽകി സഹായിക്കാം എന്ന ചിന്തയിൽ രൂപപ്പെടുത്തിയ സംഘടനയാണ് ECHO.  സംഘടനയുടെ പ്രവർത്തന ശൈലിയും സദുദ്ദേശവും മനസ്സിലാക്കിയ ധാരാളം സന്മനസ്സുകൾ സഹായ  ഹസ്തവും കൈത്താങ്ങലുമായി എക്കോയോടൊപ്പം ചേർന്നു. അത് സംഘാടകർക്ക്‌ പ്രചോദനവും സംഘടനയുടെ വളർച്ചക്ക് നിതാന്തമാകുകയും ചെയ്തു. അതിലൂടെ എക്കോയ്ക്ക് ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും പ്രത്യക്ഷമായും പരോക്ഷമായും നൽകുവാൻ സാധിച്ചു എന്നത് അഭിമാനാർഹമാണ്. ഓരോ വർഷവും പുതിയ മേഖലകളിൽ അർഹരായവർക്ക് സഹായം നൽകുന്നതിന് ഈ സംഘടനയ്ക്ക് സാധിച്ചു. 501 (സി) (3) നോൺ പ്രോഫിറ്റ്  ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു.

ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ ന്യൂ ഹൈഡ് പാർക്കിൽ  എക്കോയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷമായി മുതിർന്ന പൗരന്മാരുടെ ആരോഗ്യത്തിനും സൗഹൃദത്തിനുമായി നടത്തി വരുന്ന “സീനിയർ വെൽനെസ്സ്” പരിപാടി ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഒരു പൊന്തൂവലായി മുന്നേറുകയാണ് എന്നത് പ്രശംസനീയമാണ്. ലോങ്ങ് ഐലൻഡ് ചുറ്റുവട്ടത്തുള്ള ഏകദേശം മുന്നൂറോളം മുതിർന്ന പൗരന്മാരാണ് ഈ കൂട്ടായ്മയുടെ പ്രയോജനം അനുഭവിച്ചു വരുന്നത്. വീടുകളിൽ ഏകാന്തത അനുഭവിച്ചു വരുന്ന റിട്ടയർ ചെയ്ത മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനും ആരോഗ്യ പരിപാലനത്തിനും സൗഹൃദ വലയം വികസിപ്പിക്കുന്നതിനും ഉള്ള അവസരമായി മാറിയിരിക്കുകയാണ് സീനിയർ വെൽനെസ്സ് ഇപ്പോൾ. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് മൂന്നര മുതൽ ഏഴു മണി വരെ ന്യൂ ഹൈഡ് പാർക്കിലെ ക്ലിന്റൺ ജി മാർട്ടിൻ ഹാളിൽ നടത്തി വരുന്ന സീനിയർ വെൽനസ്സിൽ വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളും ചർച്ചചെയ്യപ്പെടാറുണ്ട്. നവംബർ 17 വെള്ളിയാഴ്ച വൈകിട്ട് ചേരുന്ന മുതിർന്നവരുടെ യോഗത്തിൽ മെഡികെയർ സംബന്ധമായും ടാക്സ് നിയമങ്ങൾ സംബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിൽ ചർച്ചകൾ എക്കോ ക്രമീകരിച്ചിരിക്കുകയാണ്.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും, പ്രശസ്ത മജീഷ്യനായ ഗോപിനാഥ് മുതുകാട് ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന തിരുവനന്തപുരത്തുള്ള ഡിഐഫെറൻറ് ആർട്ട് സെന്ററിലേക്കും  ECHO ധാരാളമായി സഹായങ്ങൾ നൽകി വരുന്നുണ്ട്.

ലോങ്ങ് ഐലൻഡിലെ പ്രശ്‌സത ആരോഗ്യവിദഗ്ദ്ധനായ ഡോ. തോമസ് മാത്യു ചെയർമാൻ ആയ ECHO-യിൽ സാബു ലൂക്കോസ്, തോമസ് എം. ജോർജ് (ജീമോൻ), ബിജു ചാക്കോ, വർഗ്ഗീസ് ജോൺ, ടി.ആർ. ജോയി, ആനി മാത്യു, കെ. ബി. ശാമുവേൽ, കാർത്തിക് ധർമ്മ, മാത്യുക്കുട്ടി ഈശോ, വർഗ്ഗീസ് എബ്രഹാം (രാജു), ബെജി ജോസഫ്, സജി ജോർജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300  എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.  Visit:  www.echoforhelp.org.


LEAVE A REPLY

Please enter your comment!
Please enter your name here