വാഷിങ്‌ടൺ: അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ പട്ടാളക്കാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും നടത്തിയ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്നതിനെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക്‌ (ഐസിസി) ഡോണൾഡ്‌ ട്രംപ്‌ ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു. അമേരിക്കൻ സേനാംഗങ്ങൾക്കെതിരെ അന്വേഷണത്തിൽ നേരിട്ട്‌ എന്തെങ്കിലും പങ്കുവഹിക്കുന്ന ഐസിസി ഉദ്യോഗസ്ഥർക്ക്‌ ഉപരോധവും യാത്രാവിലക്കും ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ പ്രസിഡന്റ്‌ ട്രംപ്‌ വ്യാഴാഴ്‌ച ഒപ്പിട്ടു. ഐസിസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും യുഎസ്‌ വിസാ വിലക്ക്‌ ബാധകമായിരിക്കുമെന്ന്‌ വൈറ്റ്‌ഹൗസ്‌ വക്താവ്‌ കായ്‌ലീ മകെനാനി വ്യക്തമാക്കി.

അന്താരാഷ്‌ട്ര വേദികൾക്കെതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ്‌ ഇത്‌. ട്രംപ്‌ അധികാരമേറ്റശേഷം പാരീസ്‌ കാലാവസ്ഥാ ഉടമ്പടി, ഇറാനുമായി വൻശക്തികൾ ഉണ്ടാക്കിയ ആണവ കരാർ, റഷ്യയുമായുള്ള ആയുധനിയന്ത്രണ കരാർ, യുഎൻ മനുഷ്യാവകാശ കൗൺസിൽ, യുനെസ്‌കോ എന്നിവയിൽനിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയിരുന്നു. ലോകാരോഗ്യ സംഘടനയുമായി ബന്ധം വിച്ഛേദിച്ചത്‌ അടുത്തിടെയാണ്‌. അന്താരാഷ്‌ട്ര പോസ്റ്റൽ യൂണിയനിൽനിന്ന്‌ പിൻവാങ്ങുമെന്ന്‌ ട്രംപ്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. മറ്റു രാജ്യങ്ങൾക്കെല്ലാം ബാധകമായ അന്താരാഷ്‌ട്ര നിയമങ്ങൾ അമേരിക്കയ്‌ക്ക്‌ ബാധകമല്ലെന്നാണ്‌ ട്രംപിന്റെ നിലപാട്‌.

അന്താരാഷ്‌ട്ര കോടതി അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരാണെന്നാണ്‌ തീരുമാനം വിശദീകരിച്ച്‌ വൈറ്റ്‌ഹൗസ്‌ വക്താവ്‌ ആരോപിച്ചത്‌. അമേരിക്ക ഐസിസി രൂപീകരണത്തിനാധാരമായ റോം നിയമാവലിയിൽ കക്ഷിയല്ലെന്നും അമേരിക്കൻ സൈനികർക്കുമേൽ അന്താരാഷ്‌ട്ര കോടതിയുടെ അധികാരം അംഗീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. കോടതി തീരുമാനം അമേരിക്കൻ ജനതയുടെ അവകാശത്തിലുള്ള കടന്നാക്രമണവും അമേരിക്കയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്ന്‌ അവർ ആരോപിച്ചു.അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്വാഗതം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here