അരിസോണായിൽ ഡിസംബർ 30 മുതൽ നടക്കുന്ന കെ. എച്. എൻ. എ. യുടെ പതിനൊന്നാമത് ഗ്ലോബൽ കൺവൻഷന്റെ ഭാഗമായി അടുത്ത വര്ഷങ്ങളിലേക്കുള്ള (2022-23) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഫ്‌ളോറിഡയിൽ നിന്നുള്ള റ്റി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ എലെക്ഷൻ കമ്മീഷനാണ് നിയന്ത്രിക്കുന്നത്. വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കമ്മീഷൻ യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി. ഫോമയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന റ്റി.ഉണ്ണികൃഷ്ണൻ കെ. എച്. എൻ. എ. യുടെ ഡയറക്ടർ ബോർഡ്, ട്രസ്റ്റി ബോർഡ് എന്നിവകളിൽ പ്രവർത്തിച്ചിട്ടുള്ള അനുഭവസമ്പന്നനായ പൊതുപ്രവർത്തകനാണ്. കമ്മീഷനിലെ മറ്റു രണ്ടു അംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ രണ്ടു പ്രാവശ്യം കെ. എച്. എൻ. എ. യുടെ ജോയിന്റ് ട്രഷററായി പ്രവർത്തിച്ചിട്ടുള്ളതും , ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറികൂടിയാണ്. ലോസ് ഏഞ്ചൽസ് മലയാളി അസോസിയേഷനിലൂടെ പരിചിതനായ ബാബുരാജ് ധരൻ കെ.എച്. എൻ. എ യുടെ മുൻ ട്രഷററും , ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ മുൻ പ്രസിഡന്റുംമാണ് .
നിയമാവലി അനുസരിച്ചുള്ള അന്തിമ സ്ഥാനാർഥി പട്ടികയും വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതര സാമൂഹ്യ സംഘടനകളിൽ നിന്നും വ്യത്യസ്തമായി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പെരുമാറ്റ ചട്ടങ്ങളും നിയന്ത്രങ്ങളും കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ തന്നെ ജനറൽ സെക്രട്ടറിയായി കേരള ഹിന്ദുസ് ഓഫ് മിനിസോട്ട സ്ഥാപക അംഗവും പ്രസിഡന്റുമായ സുരേഷ് ആർ. നായർ, ട്രഷററായി ന്യൂയോർക്ക് മഹിമ മുൻ ട്രസ്റ്റി ചെയറും കെ. എച്. എൻ. എ. ട്രസ്റ്റി ബോർഡ് അംഗവുമായ ബാഹുലേയൻ രാഘവൻ, ജോയിന്റ് ട്രഷററായി ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ വിനോദ് വാസുദേവൻ എന്നിവർക്ക് എതിരില്ല
എന്ന വിവരവും സന്തോഷപൂർവ്വം അറിയിക്കുന്നു.
ട്രസ്റ്റീ ബോർഡ് , ബോർഡ് ഓഫ് ഡയറക്ടേഴ്സ്, അവശേഷിക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് മാധ്യമത്തിന്റെ സഹായത്തോടെ നിയമാവലികൾ പറയും പ്രകാരം സമാധാനപരമായി നടത്താൻ എല്ലാ അംഗങ്ങളുടെയും, ഭാരവാഹികളുടെയും സഹകരണം അഭ്യര്ഥിക്കുന്നതായും എല്ലാവര്ക്കും വിജയാശംസകൾ അർപ്പിക്കുന്നതായും ഉണ്ണികൃഷ്ണൻ തുടർന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here