ട്വന്റി20 ലോകകപ്പിൽ ദുർബലരായ എതിരാളികൾക്കെതിരെ ബാറ്റിങ് വെടിക്കെട്ട് തീർത്ത് ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. 29 പന്തിൽ നാലു ബൗണ്ടറിയും അഞ്ചു സിക്സുമുൾപ്പെടെ 64 റൺസെടുത്ത എ.ബി. ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (27 പന്തിൽ 41), ഓപ്പണർ ക്വിന്റൺ ഡികോക്ക് (31 പന്തിൽ 45), ജെ.പി. ഡുമിനി (20 പന്തിൽ 29) എന്നിവരുടെ ഇന്നിങ്സുകളും ദക്ഷിണാഫ്രിക്കൻ സ്കോറിന് കരുത്തു പകർന്നു. കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറി നേടിയ ഹാഷിം അംല അഞ്ചു റൺസെടുത്ത് പുറത്തായി. ഡേവിഡ് മില്ലർ എട്ടു പന്തിൽ 19 റൺസെടുത്ത് അവസാന ഓവറിന്റെ അഞ്ചാം പന്തിൽ മടങ്ങി. അഫ്ഗാനിസ്ഥാനായി ആമിർ ഹംസ, ഷപൂർ സദ്രാൻ, മുഹമ്മദ് നബി, ദൗലത്ത് സദ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ മൽസരത്തിൽ തോറ്റ ഇരു ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. ശ്രീലങ്കയ്ക്കെതിരെ ആദ്യ മൽസരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അഫ്ഗാനിസ്ഥാൻ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്കയാവട്ടെ ഇംഗ്ലണ്ടിനെതിരെ വമ്പൻ സ്കോർ കുറിച്ച ശേഷം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ജയം അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് കുതിപ്പിൽ വലിയ ഊർജമാകും. ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ സെമി പ്രതീക്ഷ നിലനിർത്താൻ വിജയം കൂടിയേ തീരൂ. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനു മേൽ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here