ചണ്ഡീഗഢ്: ഹരിയാനയില്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും ഡ്രസ് കോഡില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ജീന്‍സ്, ടി ഷര്‍ട്ട്, മേക്കപ്പ്, അസ്വാഭാവിക ഹെയര്‍സ്‌റ്റൈല്‍, നഖം വളര്‍ത്തല്‍ മുതലായവ പാടില്ലെന്ന് ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും എല്ലാ ജീവനക്കാര്‍ക്കും ആഴ്ചയില്‍ ഏഴ് ദിവസവും രാത്രി ഡ്യൂട്ടി സമയത്തും നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് അധികൃതര്‍. ജോലിയില്‍ പ്രൊഫഷണലിസം കൊണ്ടുവരാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരണം.

വ്യാഴാഴ്ച പുറത്തിറക്കിയ ഈ നയം എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും പരിശീലന വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. ഒരു നിറത്തിലും ഉള്ള ജീന്‍സ് വസ്ത്രങ്ങളും അനുവദനീയമല്ല. അത് ഒദ്യോഗിക വസ്ത്രമോ സ്‌കേര്‍ട്ടോ അടക്കം ഏത് രൂപത്തിലുള്ളതായാലും. മറ്റ് പാവാടകള്‍ പലാസോകള്‍ തുടങ്ങി, ടി ഷര്‍ട്ടുകള്‍, സ്‌ട്രെച്ച് ടി ഷര്‍ട്ട്, സ്‌ട്രെച്ച് പാന്റ്‌സ്, ഫിറ്റിംഗ് പാന്റ്‌സ്, ലെതര്‍ പാന്റ്‌സ്, കാപ്രി, ഹിപ് ഹഗ്ഗര്‍, സ്വീറ്റ്പാന്റ്‌സ്, ടാങ്ക് ടോപ്പുകള്‍, സ്ട്രാപ്പ്‌ലെസ്സ്, ബാക്ക്‌ലെസ് ടോപ്പുകള്‍, ക്രോപ്പ് ടോപ്പ്, ഓഫ് ഷോള്‍ഡര്‍ ബ്ലൗസ് എന്നിവയടക്കം അനുവദനീയമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

അസാധാരണമായ വസ്ത്രധാരണത്തോടൊപ്പം തന്നെ അത്തരം ഹെയര്‍ സ്‌റ്റൈലുകളും വിലക്കിയിട്ടുണ്ട്. അസാധാരണമായ ആഭരണം ധരിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും നഖം നീട്ടി വളര്‍ത്തുന്നതും സ്വീകാര്യമല്ല. മുടി വൃത്തിയാക്കി സൂക്ഷിക്കണം. പരമ്പരാഗതമല്ലാത്ത ഹെയര്‍ സ്‌റ്റൈലുകള്‍ പാടില്ല. നഖങ്ങള്‍ കൃത്യസമയത്ത് മുറിക്കുകയും വൃത്തിയാക്കുകയും ചെയ്യണം. തൊഴിലാളിയുടെ പേരും സ്ഥാനപ്പേരും നെയിം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ചെരുപ്പും ഷൂവും മറ്റ് ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയിന്‍ ആയിരിക്കണം. ഇതിനായി യൂണിഫോം വിഭാവനം ചെയ്യുമെന്നും ഇത് അതത് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here