അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ മുഖശ്രീ ആണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും സൗഹൃദം പുലര്‍ത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണല്‍ രംഗത്തു കൂടുതല്‍ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്. ഭിന്നതകളോ പടല പിണക്കങ്ങളോ താന്‍പോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന
പ്രസ് ക്ലബിന്റെ പത്താമത് അന്താരാഷ്ട്രകോണ്‍ഫറന്‍സ് ഈ വ്യാഴാഴ്ച്ച മയാമിയില്‍ ആരംഭിക്കുകയാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍. പ്രസ് ക്ലബിനെപ്പറ്റിയും അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും പ്രസിഡന്റ് സുനില്‍ തൈമറ്റം സംസാരിക്കുന്നു.

രൂപീകൃതമായതുമുതല്‍ താങ്കള്‍ പ്രസ് ക്ലബ്ബില്‍ സജീവമായിരുന്നോ?

2006-ല്‍ ന്യൂയോര്‍ക്കില്‍ വച്ച് വെറും എട്ടുപേര്‍ ചേര്‍ന്നാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) രൂപീകൃതമായത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവിധ ചാപ്റ്ററുകള്‍ ആരംഭിച്ചത്. നിലവില്‍ സംഘടനയ്ക്ക് ഒന്‍പത് ചാപ്റ്ററുകളിലായി നൂറ്റി ഇരുപതോളം അംഗങ്ങളുണ്ട്. ഫ്‌ലോറിഡ ചാപ്റ്ററിലൂടെയാണ് ഞാന്‍ പ്രസ് ക്ലബ്ബിന്റെ ഭാഗമായത്.

ഇപ്പോള്‍ താങ്കള്‍ ഐപിസിഎന്‍എയുടെ പ്രസിഡന്റാണല്ലോ, ഭാരവാഹിത്വത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഓര്‍ത്തെടുക്കാമോ?

2008 ല്‍ ഫ്‌ലോറിഡ ചാപ്റ്ററിന്റെ സെക്രട്ടറിയായാണ് തുടക്കം. പിന്നീട് ചാപ്റ്ററിന്റെ പ്രസിഡന്റായി. രണ്ടുവര്‍ഷമാണ് കാലാവധി. പിന്നീട് നാഷണല്‍ ലെവലില്‍ ജോയിന്റ് ട്രഷറര്‍, ട്രഷറര്‍, സെക്രട്ടറി എന്നിങ്ങനെ ഘട്ടം ഘട്ടമായാണ് പല ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. 14 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം പ്രസിഡന്റ് പദവി കൈകാര്യം ചെയ്യാന്‍ വളരെയധികം സഹായകമായിട്ടുണ്ട്.

നാട്ടില്‍ വച്ചുതന്നെ മാധ്യമരംഗത്ത് കാലുറപ്പിച്ചിരുന്നോ?

പാലക്കാട് കേരള കൗമുദിയില്‍ നിന്നായിരുന്നു എന്റെ തുടക്കം. അമേരിക്കയിലെത്തിയ ശേഷം 2006 ല്‍ കേരള ന്യൂസ് എന്നൊരു മാഗസിന് ആരംഭംകുറിച്ചു. 2008 ല്‍ ഓണ്‍ലൈന്‍ ന്യൂസ് ആരംഭിച്ചു. 2018 ല്‍ അത് മലയാളി എക്‌സ്പ്രസ് എന്ന പേരിലേക്ക് മാറ്റി.

പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി തോന്നിയ അനുഭവങ്ങള്‍?

കേരളത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യഘട്ടങ്ങളില്‍ കൈത്താങ്ങാകാന്‍ സാധിച്ചു എന്നതാണ് സംഘടനയുടെ ഭാഗമായ ശേഷം ലഭിച്ച ഏറ്റവും വലിയ സന്തോഷം. ആലപ്പുഴയില്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യാന്‍ മാതൃഭൂമിയില്‍ നിന്നുപോയ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടപ്പോള്‍ അവരുടെ കുടുംബത്തിന് സഹായ ഹസ്തം നീട്ടാന്‍ പ്രസ് ക്ലബിന് സാധിച്ചു. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ കുടുംബത്തെയും സഹായിച്ചു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സാമ്പത്തിക സ്ഥിതി നമുക്ക് ഊഹിക്കാം. അപകടം മൂലമോ അസുഖം ബാധിച്ചോ അവര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ സംഘടന സദാ സന്നദ്ധമാണ്. അമേരിക്കയില്‍ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ കുറവായതുകൊണ്ടുതന്നെ, സാമ്പത്തികമായി മിക്കവാറും എല്ലാവരും നല്ല നിലയിലാണ്. അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്കും പ്രസ് ക്ലബ് മുഖാന്തിരം ഒട്ടേറെ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാലാകാലങ്ങളായി പ്രസ് ക്ലബ്ബിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും പിന്തുണ നല്കുന്നതുമായ നിരവധി വ്യക്തികളും സംഘടനകളുമുണ്ട്.

സമൂഹമാധ്യമങ്ങള്‍ ശക്തിപ്രാപിക്കുന്നത് അമേരിക്കയിലെ പ്രാദേശിക പത്രമാധ്യമങ്ങളുടെ പ്രസക്തി കുറച്ചിട്ടുണ്ടോ?

സോഷ്യല്‍ മീഡിയ എത്ര ശക്തിപ്രാപിച്ചാലും, മാധ്യമങ്ങളുടെ പ്രസക്തി ഒരിക്കലും ഇല്ലാതാകുന്നില്ല. മരണവാര്‍ത്തകളായാലും ഔദ്യോഗിക രംഗത്തെ മുന്നേറ്റങ്ങളായാലും മറ്റ് അമേരിക്കന്‍ മലയാളികളുമായി പങ്കുവയ്ക്കുന്നതിന് ഇവിടുത്തെ മലയാളം മാധ്യമങ്ങളെ ആശ്രയിച്ചേ തീരൂ. ഓണ്‍ലൈന്‍ പത്രങ്ങള്‍ കോവിഡ് പോലെയുള്ള സാഹചര്യങ്ങളിലും ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാന്‍ കാണിച്ച ആര്‍ജ്ജവം വിസ്മരിക്കാനാവില്ല. അമേരിക്കപോലെ വിസ്തൃതിയുള്ളൊരു രാജ്യത്ത്, എല്ലാ സംസ്ഥാനങ്ങളിലെ ആളുകളിലേക്കും ഒരു വാര്‍ത്ത എത്തിക്കാന്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ക്ക് മാത്രമേ കഴിയൂ. സമൂഹമാധ്യമങ്ങള്‍ക്ക് അവിടെ പരിമിതിയുണ്ട്. ഉദാഹരണത്തിന് ഒരു സംഘടനയുടെ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചാല്‍, അവരുടെ ഫോളോവര്‍സ് മാത്രമേ അത് കാണൂ. കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ തന്നെ വേണം.

രണ്ടുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന പ്രസ് ക്ലബിന്റെ കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്നുള്ള മാധ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാറുണ്ട്. അതിലൂടെ അവരുമായി നല്ലൊരുബന്ധം സ്ഥാപിക്കാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്തുള്ള പ്രമുഖര്‍ക്കും പ്രസ് ക്ലബ്ബുമായി ഊഷ്മളമായ ബന്ധമാണുള്ളത്.

മാധ്യമശ്രീ അവാര്‍ഡും പ്രസ് ക്ലബ്ബിന്റെ പൊന്‍തൂവലുകളില്‍ ഒന്നാണല്ലോ?

2010 ലാണ് മാധ്യമശ്രീ അവാര്‍ഡ് ആരംഭിച്ചത്. ഏഴാമത്തെ പുരസ്‌കാര വിതരണം ഈ വര്ഷം ജനുവരിയില്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വച്ച് നടക്കുകയുണ്ടായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വേദിയില്‍ വച്ച് ആദരിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) നല്‍കുന്ന അവാര്‍ഡ് തുക കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ലഭിക്കുന്ന പുരസ്‌കാരങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്.

പ്രസ് ക്ലബ്ബില്‍ അംഗത്വം നേടാനുള്ള മാനദണ്ഡം?

മാധ്യമപ്രവര്‍ത്തകര്‍ അവര്‍ പ്രവര്‍ത്തിക്കുന്ന മീഡിയയില്‍ നിന്നുള്ള ലെറ്ററുമായാണ് അംഗത്വത്തിന് അപേക്ഷ നല്‍കുന്നത്. പ്രാഥമിക അംഗത്വം ലഭിച്ചാലും പിന്നീടുള്ള രണ്ടുവര്‍ഷങ്ങളിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ പൂര്‍ണമായ അംഗത്വം നല്‍കൂ.

ഉപദേശകസമിതിയുടെ പങ്ക്?

പ്രസ് ക്ലബ്ബിന്റെ കെട്ടുറപ്പെന്നു പറയുന്നത് അതിന്റെ അഡൈ്വസറി ബോര്‍ഡാണ്. സംഘടനയെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കുന്നതും ഉപദേശക സമിതി അംഗങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ കാലങ്ങളിലെ പ്രസിഡന്റുമാര്‍ അഡൈ്വസറി ബോര്‍ഡിലുണ്ട്. സംഘടനയില്‍ പ്രവര്‍ത്തിച്ചുതന്നെ തഴക്കവും പഴക്കവുമുള്ളവരാണ് അവര്‍. ബിജു കിഴക്കേക്കുറ്റാണ് നിലവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍. സംഘടനയില്‍ പ്രവര്‍ത്തിച്ചുവന്നവര്‍ക്ക് മാത്രമേ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ സാധിക്കൂ എന്നതും പോസിറ്റീവായ ഒരുവശമാണ്.

പ്രസ് ക്ലബ്ബിന്റെ ഭാവിപരിപാടികള്‍?

ഓരോ കോണ്‍ഫറന്‍സ് കഴിയുമ്പോഴും, സംഘടന വിപുലീകരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഷിക്കാഗോ കണ്‍വന്‍ഷന്‍ വന്‍വിജയമായത്, പ്രസ് ക്ലബ്ബിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് പകര്‍ന്നിട്ടുണ്ട്. ദേശീയ സംഘടനകള്‍ പോലെ തന്നെ, പ്രസ് ക്ലബ്ബിന്റെ അഡൈ്വസറി ബോര്‍ഡിനും ഏത് സ്റ്റേറ്റിലും ഏത് വിഷയത്തിലും ഒരു മീഡിയേറ്ററുടെ റോളില്‍ ഇടപെടാനാകുന്നുണ്ട്. കോണ്‍സുലേറ്റിലും എംബസ്സിയിലെ ഇടപെട്ട് പല പ്രശ്‌നങ്ങളും പരിഹരിക്കാനായിട്ടുണ്ട്. വരുംകാലങ്ങളില്‍, ഇത് കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്രദമാകും. മലയാളഭാഷ എഴുതാന്‍പോലും മടിക്കുന്ന പുതുതലമുറയെ പ്രസ് ക്ലബ്ബിലേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്.

മലയാള ഭാഷ ആവശ്യം വരാത്ത അമേരിക്കന്‍ ജീവിതത്തിനിടെ പുതുതലമുറ മാതൃഭാഷയില്‍ നിന്ന് അകന്നുപോകുന്നതില്‍ തെറ്റുപറയാനാകുമോ?

2022 ല്‍ ഹൂസ്റ്റണില്‍ വച്ചായിരുന്നു പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം. കേരള സ്പീക്കറായിരുന്ന എം.ബി.രാജേഷായിരുന്നു ഉദ്ഘാടകന്‍. അദ്ദേഹത്തോടൊപ്പം ടെക്‌സസ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചിരുന്നു. അവിടെ ഏഷ്യന്‍ സ്റ്റഡീസ് എന്ന ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവിയെ പരിചയപ്പെട്ടു. ഡോണ്‍ ഡേവിസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കേരളത്തില്‍ വന്നുതാമസിച്ച് മലയാളം പഠിച്ച് വളരെ സ്ഫുടതയോടെ നമ്മുടെ ഭാഷ കൈകാര്യം ചെയ്യുന്ന അമേരിക്കക്കാരനെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതംതോന്നി. 32 വിദ്യാര്‍ത്ഥികളെവച്ച് അവിടെയൊരു മലയാളം വിഭാഗം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതുമായി സഹകരിക്കാന്‍ പ്രസ് ക്ലബ്ബ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരു അമേരിക്കക്കാരന്‍ നമ്മുടെ ഭാഷയെ ഇത്രത്തോളം സ്‌നേഹിക്കുന്നുവെങ്കില്‍, മാതൃഭാഷയില്‍ നിന്ന് അകന്നുപോകുന്ന പുതുതലമുറയെ തിരിച്ചുവിളിക്കാന്‍ നമുക്ക് ബാധ്യതയില്ലേ? മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ പ്രസ് ക്ലബ്ബിന് സാധ്യമായതൊക്കെ ഇനിയുള്ള കാലത്ത് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here