അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ മുഖശ്രീ ആണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും സൗഹൃദം പുലര്‍ത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണല്‍ രംഗത്തു കൂടുതല്‍ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്. ഭിന്നതകളോ പടല പിണക്കങ്ങളോ താന്‍പോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന
പ്രസ് ക്ലബിന്റെ പത്താമത് അന്താരാഷ്ട്രകോണ്‍ഫറന്‍സ് ഈ വ്യാഴാഴ്ച്ച മയാമിയില്‍ ആരംഭിക്കുകയാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍. പ്രസ് ക്ലബിനെപ്പറ്റിയും അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും ജനറല്‍ സെക്രട്ടറി രാജു പള്ളത്ത് സംസാരിക്കുന്നു

എങ്ങനെയാണ് താങ്കള്‍ അമേരിക്കയില്‍ എത്തിയത്?

ജനിച്ചുവളര്‍ന്നത് മാവേലിക്കരയിലാണ്. ഡല്‍ഹിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് പഠിച്ച ശേഷം, സിംഗപ്പൂരിലെ പാനസോണിക്കില്‍ ജോലി ലഭിച്ചു. മീഡിയ ഡിവിഷനിലായിരുന്നു പ്രധാനമായും വര്‍ക്ക് ചെയ്തിരുന്നത്. അവിടെ നിന്ന് കമ്പനി തന്നെയാണ് എന്നെ അമേരിക്കയിലേക്ക് അയച്ചത്. എന്റെ അങ്കിളായ ഫാ. ജോണ്‍ മാത്യൂസ്, വര്‍ഷങ്ങളോളം യുഎസില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടുകൂടിയാണ് ഇവിടെ തുടര്‍ന്നത്. എണ്‍പതുകളില്‍, ഇന്ത്യയില്‍ നിന്നെടുത്ത വീഡിയോ അമേരിക്കയില്‍ കാണുക ശ്രമകരമായിരുന്നു. അതിനൊരു പരിഹാരമെന്നോണം ‘പള്ളത്ത് വീഡിയോസ്’ എന്നപേരില്‍ ഒരു ഓഡിയോ-വീഡിയോ കണ്‍വെര്‍ഷന്‍ ലാബ് ആരംഭിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഞങ്ങളുടെ സ്ഥാപനത്തെ ആശ്രയിച്ചിരുന്നു. പിന്നീട് ‘ജെ ആന്‍ഡ് ജെ’ എന്നൊരു ഇമ്പോര്‍ട്ട്-എക്‌സ്‌പോര്‍ട് ബിസിനസ് തുടങ്ങി. ആറു വര്‍ഷത്തോളം അത് തുടര്‍ന്നു.

മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യം?

വീഡിയോ എഡിറ്റിംഗിലൂടെയാണ് മാധ്യമരംഗത്ത് കാലുറപ്പിച്ചത്.
കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളായി ഏഷ്യാനെറ്റിലെ യുഎസ് വീക്ക്‌ലി റൗണ്ടപ്പ് എന്ന പരിപാടിയുടെ പ്രൊഡ്യൂസറും ഡയറക്ടറുമാണ്. 15 വര്‍ഷങ്ങളായി ഡിഷ് നെറ്റ്വര്‍ക്കിന്റെ റീടെയ്‌ലറായും പ്രവര്‍ത്തിച്ചുവരുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ അമേരിക്കന്‍ കാഴ്ചകള്‍ എന്ന പ്രോഗ്രാം മൂന്നുവര്‍ഷം ചെയ്തു. മാധ്യമരംഗത്തേക്ക് എന്നെ തള്ളിവിട്ടത് സുഹൃത്തായ മധു കൊട്ടാരക്കരയാണ്. അദ്ദേഹം ഇപ്പോള്‍ 24 യുഎസ്എ യുടെ ഹെഡ്ഡാണ്.

ഈ രംഗത്ത് ഏറ്റവുമധികം കടപ്പാട് ആരോടാണ്?

യുഎസ് വീക്ക്‌ലി റൗണ്ടപ്പ് എന്ന പരിപാടി തുടങ്ങണമെന്ന് ഏറ്റവുമധികം നിര്‍ബന്ധം പിടിച്ചതും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും ഏഷ്യാനെറ്റിന്റെ കെ. മാധവന്‍ സാറാണ്. നോര്‍ത്ത് അമേരിക്കയില്‍ നിന്നൊരു മലയാളം പ്രോഗ്രാം എന്ന ആശയം അതുവരെ ആര്‍ക്കും തോന്നിയിരുന്നില്ല. അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പാടുണ്ട്. ഇപ്പോള്‍ അദ്ദേഹം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെ ഹെഡ്ഡാണ്.

പ്രസ് ക്ലബ്ബുമായുള്ള ബന്ധം?

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിലാണ് ഞാന്‍ അംഗത്വം എടുത്തത്. പിന്നീട് ആ ചാപ്റ്ററിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചു. ദേശീയ തലത്തില്‍ വൈസ്-പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

നോര്‍ത്ത് അമേരിക്കയില്‍ ഇങ്ങനൊരു പ്രസ് ക്ലബ്ബിന്റെ പ്രസക്തി?

അമേരിക്കയിലെയും കാനഡയിലെയും മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്. നോര്‍ത്ത് അമേരിക്കയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങളും കേരളത്തില്‍ നടക്കുന്ന വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. മലയാളികളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്താന്‍ മാധ്യമസമൂഹം വഹിക്കുന്ന പങ്ക് ചെറുതല്ല. ഡല്‍ഹിയില്‍ ആയിരുന്നതുകൊണ്ടുതന്നെ മാധ്യമരംഗത്തുള്ള ഒട്ടേറെ നോര്‍ത്ത്-ഇന്ത്യന്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുമായുള്ള ബന്ധമാണ് മാധ്യമപ്രവര്‍ത്തനരീതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കാരണമായത്. പ്രഗത്ഭരായ വ്യക്തികളുമായുള്ള ആശയവിനിമയം പുതുതായി പലകാര്യങ്ങളും പഠിക്കാന്‍ അവസരമൊരുക്കും. സാങ്കേതികവിദ്യകളുടെയും ആശയങ്ങളുടെയും കൈമാറ്റം സാധ്യമാകുന്നതോടൊപ്പം ഏറ്റവും നൂതനമായത് അറിയാനുള്ള സാഹചര്യവും ഇതിലൂടെ ഉണ്ടാകുന്നുണ്ട്. ഓരോ നിമിഷത്തെയും മാറ്റങ്ങള്‍ മനസ്സിലാക്കി നവീകരണത്തിന് തയ്യാറായാല്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ.

മാധ്യമരംഗത്തെ മറക്കാന്‍ പറ്റാത്ത അനുഭവം?

കോവിഡ് സമയത്ത് നോര്‍ത്ത് അമേരിക്കയില്‍ നിന്ന് പൂര്‍ണമായും വിഷ്വല്‍ പ്രൊഡക്ഷന്‍ നിര്‍ത്തിവച്ച സമയത്തുപോലും ഏഷ്യാനെറ്റ് യുഎസ് വീക്ക്‌ലി റൗണ്ടപ്പ് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ സംപ്രേഷണം ചെയ്യാന്‍ സാധിച്ചു. ഷോയുടെ ചീഫ് പ്രൊഡ്യൂസര്‍ എം.ആര്‍.രാജന്‍ സാറും എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരേഷ് ബാബു ചെറിയത്തും റിസ്‌ക് എടുക്കേണ്ടെന്ന് സ്‌നേഹപൂര്‍വ്വം വിലക്കിയെങ്കിലും ഞാന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. വെര്‍ച്വല്‍ സ്റ്റുഡിയോ എന്ന സാങ്കേതികവിദ്യയുടെ വലിയ സാധ്യതയാണ് അവിടെ പ്രയോജനപ്പെടുത്തിയത്. ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗീസിന്റെ പിന്തുണയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ന്യൂയോര്‍ക്കില്‍ ഇരുന്നുകൊണ്ട് മറ്റു സ്റ്റേറ്റുകളിലുള്ള അവതാരകന്‍, ന്യൂസ് എഡിറ്റര്‍ എന്നിങ്ങനെയുള്ള സഹപ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് നാല് സെഗ്മെന്റുകളുള്ള പ്രോഗ്രാം ഞങ്ങള്‍ സംപ്രേഷണം ചെയ്തത്. ലൈഫ് ആന്‍ഡ് ഹെല്‍ത്ത് എന്നുള്ള സെഗ്മെന്റില്‍ ആരോഗ്യരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ നിരവധി അമേരിക്കല്‍ മലയാളികള്‍ പങ്കെടുക്കുകയും പ്രയോജനപ്രദമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലൈവായി ഷൂട്ട് ചെയ്തതല്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നാത്ത രീതിയിലായിരുന്നു അവതരണം. മികച്ച പ്രതികരണം നേടിക്കൊണ്ട് ഇപ്പോഴും ആ സെഗ്മെന്റ് തുടരുന്നുണ്ട്. സംവിധായകരായ വിനയന്‍ സാറിന്റെയും അഞ്ജലി മേനോന്റെയും നടി ആശാ ശരത്തിന്റെയും അഭിമുഖങ്ങള്‍ എടുത്തതും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. അമേരിക്കന്‍ കിച്ചന്‍ എന്ന സെഗ്മെന്റിനും നല്ല സ്വീകാര്യതയുണ്ട്.

പ്രസ് ക്ലബ്ബിന് മുന്‍പും ശേഷവുമുള്ള മാധ്യമലോകത്ത് പ്രവര്‍ത്തിച്ചപ്പോള്‍ അനുഭവപ്പെട്ട വ്യത്യാസങ്ങള്‍?

അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൊരു സ്‌നേഹബന്ധം സ്ഥാപിക്കാന്‍ വേണ്ടി മാത്രമാണ് പ്രസ് ക്ലബ് രൂപീകരിച്ചത്. എന്നാല്‍, ഇന്നത് പടര്‍ന്നുപന്തലിച്ചു. പ്രസ് ക്ലബ്ബില്‍ സജീവമാകുന്നതിന് മുന്‍പ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു ലോകത്ത് മാത്രമേ അറിയപ്പെട്ടിരുന്നുള്ളു എന്നതാണ് ഞാന്‍ കാണുന്ന പ്രധാന വ്യത്യാസം. സംഘടനയില്‍ വന്നതോടെ കൂടുതല്‍ പേരിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഏതുവിധത്തിലെ പിന്തുണയും നല്‍കുന്നൊരു സൗഹൃദവലയം ലഭിച്ചു. ആ കൊടുക്കല്‍ വാങ്ങലുകള്‍ എപ്പോഴും ഗുണകരമാണ്. ലോകമെമ്പാടുമുള്ള മലയാളി മാധ്യമപ്രവര്‍ത്തകരുമായും അത്തരം സഹായ സഹകരണങ്ങള്‍ ലഭ്യമായത് സംഘടനയില്‍ ചേര്‍ന്ന ശേഷമാണ്. ഭാഷയോടുള്ള സ്‌നേഹത്തിന്റെയും പാഷന്റെയും പുറത്താണ് നോര്‍ത്ത് അമേരിക്കയിലുള്ളവര്‍ മാധ്യമപ്രവര്‍ത്തനവുമായി മുന്നോട്ട് നീങ്ങുന്നത്. മിക്കവരും ബിസിനസ്സിലൂടെയോ സ്ഥിരവരുമാനമുള്ള ജോലിയിലൂടെയോ ഭാവി ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയവരാണ്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി അതല്ല. അവരുടെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും അവസരം ലഭിച്ചതും പ്രസ് ക്ലബ്ബിന്റെ ഭാഗമായ ശേഷമാണ്. ലോകത്തെവിടെയുള്ള മാധ്യമപ്രവര്‍ത്തകരെയും ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഞങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ കൂട്ടത്തില്‍ ഒരാളുടെ വിഷമഘട്ടത്തില്‍ ഒപ്പം നില്‍ക്കേണ്ട ധാര്‍മ്മീകതയുണ്ട്.

യുവതലമുറയിലെ മാധ്യമപ്രവര്‍ത്തകരെ എങ്ങനെ വിലയിരുത്തുന്നു?

റീന നൈനാന്‍ എന്ന അമേരിക്കന്‍ മലയാളിയായ മാധ്യമപ്രവര്‍ത്തക എന്റെ ബന്ധുവാണ്. യുവതലമുറയില്‍ അതുപോലെ ഭാവിയുടെ വാഗ്ദാനം എന്നു വിശേഷിപ്പിക്കാവുന്ന നിരവധിപേരുണ്ട്. അവര്‍ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷാണെങ്കിലും, അവര്‍ പ്രവര്‍ത്തിക്കുന്നത് ഇംഗ്ലീഷ് ചാനലിലാണെങ്കിലും, അത് മലയാളിയുടെ നേട്ടമായി തന്നെയാണ് ഞാന്‍ കാണുന്നത്. പ്രസ് ക്ലബ്ബിലെ ആവശ്യങ്ങള്‍ക്ക് ക്ഷണിച്ചാല്‍ നിറഞ്ഞമനസ്സോടെ മെയിന്‍സ്ട്രീമില്‍ ജോലി ചെയ്യുന്ന യുവതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ എത്താറുണ്ട്. ആ പിന്തുണ വളരെ പോസിറ്റീവായി കരുതാം. അവരെ ഉപദേശിക്കുന്നതിനേക്കാള്‍, അവരില്‍ നിന്നും എന്തൊക്കെ പകര്‍ത്താമെന്നാണ് ചിന്തിക്കേണ്ടത്. ഓരോ നിമിഷവും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം.

സാമ്പത്തിക ക്ലേശങ്ങളെ അതിജീവിച്ച് അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം സാധ്യമാകുന്നത് എങ്ങനെയാണ്?

എന്റെ കാര്യം പറഞ്ഞാല്‍, ഞാനൊരു ഫെഡറല്‍ എംപ്ലോയി ആണ്. പാഷന്‍ കൊണ്ടാണ് മാധ്യമപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നത്. എന്റെ പ്രോഗ്രാമിനൊപ്പം പ്രവര്‍ത്തിക്കുന്ന അന്‍പത് പേരും മറ്റ് ജോലികള്‍ ഉള്ളവരായതുകൊണ്ട് ഇതില്‍ നിന്നൊരു ശമ്പളം പ്രതീക്ഷിക്കാതെയാണ് അവര്‍ ജോലി ചെയ്യുന്നത്. ഈ രംഗത്തെ അത്രത്തോളം സ്‌നേഹിക്കുന്നവര്‍ ഒപ്പമുള്ളതുകൊണ്ടാണ് എല്ലാക്ലേശങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നത്. നല്ല മനസ്സുള്ള സ്പോണ്‍സര്‍മാര്‍ പരസ്യം തന്നും പിന്തുണയ്ക്കുന്നുണ്ട്.

കുടുംബത്തില്‍ നിന്നുള്ള പിന്തുണ?

ആഴ്ചയില്‍ നാല്പത് മണിക്കൂറെങ്കിലും പ്രോഗ്രാമുമായി ബന്ധപ്പെട്ട് നീക്കി വയ്ക്കുമ്പോള്‍ കുടുംബവുമൊത്ത് ചിലവിടേണ്ട സമയമാണ് വെട്ടിച്ചുരുക്കുന്നത്. വീട്ടുകാര്‍ നമ്മളെ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നതുകൊണ്ടാണിത് സാധ്യമാകുന്നത്. ഭാര്യ ജെസി ജോണിന്റെ പിന്തുണ എടുത്തുപറയണം. ഞങ്ങള്‍ക്ക് മൂന്ന് പെണ്മക്കളാണ്. മൂത്തമകള്‍ ജെന്‍സി വിവാഹം കഴിഞ്ഞ് മരുമകന്‍ കെവിനുമൊത്ത് ഷിക്കാഗോയിലാണ്. ബയോമെഡിക്കല്‍ എഞ്ചിനീയറായതുകൊണ്ട് സാങ്കേതികവിദ്യയെക്കുറിച്ച് അവളുമായി ചര്‍ച്ചചെയ്യാറുണ്ട്. രണ്ടാമത്തെയാള്‍ ഡോ. പ്രിന്‍സി ഭര്‍ത്താവ് ജെയ്സ് ജോണ്‍, ഇളയയാള്‍ പ്രീതി (വിദ്യാര്‍ത്ഥിനി). പരിപാടിയെക്കുറിച്ചുള്ള കൃത്യമായ അഭിപ്രായങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ ലഭിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here