അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ മുഖശ്രീ ആണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും സൗഹൃദം പുലര്‍ത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണല്‍ രംഗത്തു കൂടുതല്‍ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്. ഭിന്നതകളോ പടല പിണക്കങ്ങളോ താന്‍പോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന
പ്രസ് ക്ലബിന്റെ പത്താമത് അന്താരാഷ്ട്രകോണ്‍ഫറന്‍സ് ഈ വ്യാഴാഴ്ച്ച മയാമിയില്‍ ആരംഭിക്കുകയാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍. പ്രസ് ക്ലബിനെപ്പറ്റിയും അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും ട്രഷറര്‍ ഷിജോ പൗലോസ് സംസാരിക്കുന്നു

കേരളവുമായുള്ള ബന്ധം?

എറണാകുളം ജില്ലയില്‍ കാലടി കൊറ്റമമാണ് സ്വദേശം. അപ്പച്ചന്‍ പൗലോസ്, അമ്മച്ചി മേരിയും രണ്ട് അനിയന്മാരും അടങ്ങുന്ന കുടുംബത്തിലാണ് വളര്‍ന്നത്. അപ്പച്ചന്‍ ജീവിച്ചിരിപ്പില്ല. നാട്ടില്‍ സ്പൈസസ് ബിസിനസായിരുന്നു ചെയ്തിരുന്നത്. നഴ്സായ ഭാര്യ ബിന്‍സിക്ക് അമേരിക്കയില്‍ ജോലി ലഭിച്ചതോടെയാണ് ജീവിതം ഇങ്ങോട്ട് പറിച്ചുനട്ടത്.

മാധ്യമരംഗത്തേക്ക്?

പതിമ്മൂന്ന് വര്‍ഷമായി മാധ്യമരംഗത്തുണ്ട്. ലിന്റോ എന്ന സുഹൃത്ത് ക്യാമറ വാങ്ങാന്‍ പറഞ്ഞതാണ് മാധ്യമലോകത്തേക്ക് കടന്നുവരാന്‍ നിമിത്തമായത്. എംസിഎന്‍ ആണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന മലയാളം ചാനല്‍. അതിലും ശാലോം ടിവിയിലും പ്രവര്‍ത്തിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു. ഏഷ്യാനെറ്റില്‍ 10 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ഏഷ്യാനെറ്റ് യുഎസ് വീക്ക്ലി റൗണ്ടപ്പ് കോ-ഓര്‍ഡിനേറ്ററായി തുടങ്ങിയതാണ്. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍. പ്രേക്ഷകസ്വീകാര്യത മാനിച്ച്, ആ പരിപാടി ഒന്നിലധികം തവണ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. ചാനല്‍ സ്വയം നിര്‍മ്മിക്കുന്ന പ്രോഗ്രാമാണ് ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ചെയ്യുന്നത്. അമേരിക്കയിലുള്ള ഏതൊരു മലയാളിയും നമ്മെ തിരിച്ചറിയുന്നു എന്നതാണ് ഇതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം.

ഷിജോസ് ട്രാവല്‍ ഡയറി എന്ന യൂട്യൂബ് ചാനലുണ്ട്. നൂറോളം വീഡിയോകള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞു. അമേരിക്കയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അറിയപ്പെടാതെ കിടക്കുന്ന വേറിട്ട കാഴ്ചകളും കൗതുകം ജനിപ്പിക്കുന്ന ജീവിതങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുന്ന ഈ ഉദ്യമത്തിന് മികച്ച സ്വീകാര്യതയുണ്ട്. ഫേസ്ബുക്കിലെ എന്റെ ഏഴോളം വീഡിയോകള്‍ വണ്‍ മില്യണ്‍ വ്യൂസ് കടന്നു.

ടൈ്വലൈറ്റ് മീഡിയ പ്രൊഡക്ഷന്‍ എന്നൊരു കമ്പനിയും നടത്തുന്നുണ്ട്. സ്റ്റേജ് പ്രോഗ്രാമുകള്‍, വിവാഹങ്ങള്‍, ഇവന്റുകള്‍ എന്നിവയുടെ ഫോട്ടോ-വീഡിയോ വര്‍ക്കുകളാണ് ഞങ്ങളുടെ കമ്പനി പ്രധാനമായും ചെയ്യുന്നത്. അമേരിക്കയുടെ എല്ലാഭാഗത്തും ബിസിനസ് ഉള്ളതുകൊണ്ടുതന്നെ ധാരാളം യാത്ര ചെയ്യാറുണ്ട്.
എനിക്ക് രണ്ടു പെണ്മക്കളാണ്. മരിയാ ഷിജോ, മരീസ ഷിജോ. കുടുംബസമേതം മലയാളികള്‍ക്ക് ആസ്വദിക്കാവുന്ന കണ്ടന്റാണ് എപ്പോഴും കണ്ടെത്തുന്നത്.

പ്രസ് ക്ലബില്‍ എത്ര വര്‍ഷമായി? ട്രഷറര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം?

പ്രസ് ക്ലബുമായി എനിക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തെ ബന്ധമാണുള്ളത്. കഴിഞ്ഞ തവണ പ്രസ് ക്ലബിന്റെ ജോയിന്റ് ട്രഷററായിരുന്നു ആ അനുഭവസമ്പത്ത് ട്രഷറര്‍ എന്നനിലയിലും ഏറെ ഗുണംചെയ്യുന്നുണ്ട്. പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഫണ്ട് കണ്ടെത്തുക എന്നുള്ളതാണ് പ്രധാന ഉത്തരവാദിത്തം. കോണ്‍ഫറന്‍സ് ആണ് പ്രസ് ക്ലബിന്റെ പ്രധാന പരിപാടി. അതിന് വലിയ തുക വേണ്ടിവരും. ഇതൊക്കെ കണ്ടെത്താന്‍ നമ്മളെക്കൊണ്ട് സാധിക്കുമെന്ന വിശ്വാസംകൊണ്ടാണല്ലോ ഇങ്ങനൊരു സ്ഥാനം നല്‍കുന്നത്?

അംഗീകാരങ്ങള്‍?

പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അവാര്‍ഡ്, ന്യൂജേഴ്‌സി ബര്‍ഗന്‍ കൗണ്ടിയുടെ പുരസ്‌കാരം, ഫോമായുടെ അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംതൃപ്തി തോന്നിയ അനുഭവങ്ങള്‍?

ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദര്‍ശനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചു. ട്രംപ് ഇലക്ഷന്‍ വിജയിച്ച സമയത്ത് ലൈവായിട്ട് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ അതിലും പ്രധാനപങ്ക് വഹിക്കാന്‍ സാധിച്ചു. അമേരിക്കന്‍ മലയാളികള്‍ ചെയ്യുന്ന നിരവധി വലിയ സംഭവങ്ങള്‍ ആളുകള്‍ അറിയാതെ പോകുന്നുണ്ട്. ആയിരത്തിലധികം ഏക്കറില്‍ ഓറഞ്ച് കൃഷി ചെയ്ത് വിജയിപ്പിച്ച ഡോ. മാണി സ്‌കറിയയെക്കുറിച്ചും 12 ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങള്‍ കായ്ചുകിടക്കുന്ന മണ്ണാക്കിമാറ്റിയ മലയാളി വനിതയെപ്പറ്റിയും പ്രേക്ഷക സമക്ഷം എത്തിക്കാന്‍ കഴിഞ്ഞത് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ സംതൃപ്തി നല്‍കിയ അനുഭവങ്ങളാണ്. ഷിക്കാഗോയിലെ ഉള്‍ഗ്രാമങ്ങളിലെ കര്‍ഷകരെക്കുറിച്ചു ചെയ്ത പ്രോഗ്രാമിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ന്യൂയോര്‍ക്ക് പൊലീസിന്റെയും യുഎന്നിന്റെയും അക്രെഡിറ്റേഷന്‍ ഉള്ളതുകൊണ്ട്, സിഎന്‍എന്‍ പോലുള്ള ഇവിടത്തെ ചാനലുകള്‍ക്ക് എവിടെയൊക്കെ പ്രവേശിച്ച് ഏതൊക്കെ കാഴ്ചകള്‍ പകര്‍ത്താമോ, അവയൊക്കെ എനിക്കും പകര്‍ത്താന്‍ സാധിക്കും. മലയാളികളില്‍ വിരലിലെണ്ണാവുന്നവര്‍ക്കേ ആ ഭാഗ്യമുള്ളു.
7000 കിലോമീറ്ററുകളോളം തുടര്‍ച്ചയായി യാത്രചെയ്ത്, ആ പ്രദേശത്തുനിന്ന് അന്‍പതോളം സ്റ്റോറികള്‍ കണ്ടെത്താനായി. മാധ്യമപ്രവര്‍ത്തകന്റെ അകക്കണ്ണ് എപ്പോഴും അത്തരം കണ്ടന്റിന് പിറകേ ആയിരിക്കണം. പുതുതലമുറയോടും എനിക്ക് അതാണ് പറയാനുള്ളത്. അടുത്തയാഴ്ച പ്രേക്ഷകരെ പിടിച്ചിരുത്താന്‍ എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കേണ്ടി വരാറില്ല. ചുറ്റുപാടും നോക്കിയാല്‍, അവ നമ്മെത്തേടിയെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here