അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ മുഖശ്രീ ആണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും സൗഹൃദം പുലര്‍ത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണല്‍ രംഗത്തു കൂടുതല്‍ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്. ഭിന്നതകളോ പടല പിണക്കങ്ങളോ താന്‍പോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന
പ്രസ് ക്ലബിന്റെ പത്താമത് അന്താരാഷ്ട്രകോണ്‍ഫറന്‍സ് ഈ വ്യാഴാഴ്ച്ച മയാമിയില്‍ ആരംഭിക്കുകയാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍. പ്രസ് ക്ലബിനെപ്പറ്റിയും അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും അഡൈ്വസറി ബോര്‍ഡ് ചെയര്‍ ബിജു കിഴക്കേക്കുറ്റ് സംസാരിക്കുന്നു.

മാധ്യമലോകത്തേക്കുള്ള അരങ്ങേറ്റം?

1987 ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്. 1993 ല്‍ ചിക്കാഗോയില്‍ നിന്ന് മാസപ്പുലരി മാസിക തുടങ്ങിയതോടെയാണ് മാധ്യമലോകത്തേക്ക് എത്തിയത്. അമേരിക്കയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണത്. ബിസിനസ് രംഗത്തെ വിജയങ്ങളോളം തന്നെ അക്ഷരങ്ങളോടുള്ള സ്‌നേഹവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന വ്യക്തിയാണ് ഞാന്‍. തൊണ്ണൂറുകളില്‍ കഥകളും കവിതകളും വാര്‍ത്തകളും ഉള്‍പ്പെടെ മലയാള മനസ്സുകളുടെ അഭിരുചിക്ക് ഇണങ്ങുന്നൊരു മാസിക രൂപകല്‍പന ചെയ്യുമ്പോഴും, ആളുകള്‍ക്ക് പ്രയോജനപ്രദമായ പരസ്യങ്ങളുടെ പേരിലാണത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ സ്റ്റോറുകളെക്കുറിച്ചും റിയല്‍ എസ്റ്റേറ്റിനെക്കുറിച്ചും ഇന്ത്യക്കാര്‍ ഇവിടെ നടത്തുന്ന വ്യവസായങ്ങളെയും സംരംഭങ്ങളെയും കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ മാസിക ആളുകള്‍ തേടിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. അമേരിക്കയിലെ സാധാരണക്കാര്‍ക്ക് ഗുണപ്രദമായി തീര്‍ന്നു എന്നതാണ് സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഈ രംഗത്തുനിന്ന് ലഭിക്കുന്ന സംതൃപ്തി. പ്രിന്റ് ആയിരുന്ന മാസിക, പിന്നീട് ഓണ്‍ലൈനായി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് എന്‍. ആര്‍. ഐ റിപ്പോര്‍ട്ടര്‍ എന്നു പേര് മാറ്റി സദാസമായ വാര്‍ത്ത പോര്‍ട്ടലായി മാറി.

മലയാള പ്രസിദ്ധീകരണങ്ങളോട് അമേരിക്കന്‍ മലയാളികളുടെ മനോഭാവം എങ്ങനെയാണ്?

മാസിക നടത്തുന്നത് വരുമാനം പ്രതീക്ഷിച്ചല്ല. അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും, വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങളും, അവ സമന്വയിപ്പിച്ച് വാര്‍ത്തകളും ലേഖനങ്ങളും കഥകളും തയ്യാറാക്കുന്നത് നിസാര കാര്യമല്ല. എഴുതാനും ടൈപ്പ് ചെയ്യാനും പ്രൂഫ് നോക്കാനും എന്നിങ്ങനെ പല ഘട്ടങ്ങളില്‍ നിരവധിപേരുടെ അധ്വാനവും സമയവും ഇതിനു പിന്നില്‍ വേണ്ടിവരുന്നുണ്ട്. അമേരിക്കന്‍ മലയാളികള്‍ എല്ലാവരും ഒരുകുടുംബത്തിലെ അംഗമാണെന്ന കാഴ്ചപ്പാടോടെ, ഒരാളുടെ നേട്ടം അവരുടെ ഫോട്ടോ സഹിതം സന്തോഷത്തോടെ നമ്മള്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, അവര്‍ അതൊന്ന് മറിച്ചുനോക്കി നല്ല രണ്ടുവാക്ക് പറയുകയാണെങ്കില്‍ അത് വലിയ പ്രോത്സാഹനമാകും. അത്തരമൊരു പിന്തുണയോ നന്ദിവാക്കോ മാത്രമേ ഇവിടുത്തെ മാധ്യമലോകം ആളുകളില്‍ നിന്ന് ആഗ്രഹിക്കുന്നുള്ളു. അങ്ങനെയുള്ള കുറച്ചുപേരെങ്കിലും ഉള്ളതുകൊണ്ടാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുന്നതും, മനസ്സുമടുക്കാതെ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും.

പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് സംതൃപ്തി തോന്നുന്ന ഒരനുഭവം?

കോവിഡ് മഹാമാരിക്കിടെ നിശ്ചയിച്ചതുപോലെ കണ്‍വന്‍ഷന്‍ നടക്കുമെന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് എത്തിച്ചേരാനാകുമോ എന്നതും വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍നിന്നു. കൊറോണമൂലം അടച്ചുപൂട്ടി ഇട്ടിരുന്ന ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വീണ്ടും വിസ കൊടുക്കാന്‍ തുടങ്ങിയിരുന്നേയുള്ളു. ലക്ഷക്കണക്കിന് വിസ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ആ സാഹചര്യത്തില്‍ ഇന്റര്‍വ്യൂവിന് ആരെ എപ്പോള്‍ വിളിക്കുമെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നാല്‍, അപേക്ഷ സമര്‍പ്പിച്ച പിറ്റേ ദിവസം തന്നെ കണ്‍വന്‍ഷന് വരാനുള്ള അഞ്ച് മാധ്യമപ്രവര്‍ത്തകരേ ഇന്റര്‍വ്യൂവിനു വിളിച്ചു. ചോദ്യമൊന്നും ഇല്ലാതെതന്നെ എല്ലാവര്‍ക്കും വിസ അടിച്ചു കൊടുത്തു. പ്രസ് ക്ലബിന്റെ വിശ്വാസ്യതയുടെ തെളിവായാണ് ഞാന്‍ ഈ അനുഭവത്തെ കാണുന്നത്.

പ്രസ് ക്ലബ്ബുമായുള്ള ബന്ധം?

പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള വ്യക്തിയാണ് ഞാന്‍. ഷിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍, പ്രസിഡന്റ്, നാഷണല്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.

ഐപിസിഎന്‍എ യുടെ വിജയരഹസ്യം?

മുന്‍ പ്രസിഡന്റുമാര്‍ ഈ സംഘടനയില്‍ നിന്ന് പടിയിറങ്ങുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അഡൈ്വസറി ബോര്‍ഡില്‍ ഇരുന്നുകൊണ്ട് തങ്ങളുടെ അനുഭവപരിജ്ഞാനംവച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതാത് ഭരണസമിതിക്ക് നല്‍കാറുണ്ട്. ഓരോ തവണ ഭാരവാഹിത്വം ഏറ്റെടുക്കുന്നവരും തങ്ങളേക്കാള്‍ മികച്ച രീതിയില്‍ പ്രസ് ക്ലബ്ബിനെ മുന്നോട്ട് നയിക്കണമെന്നാണ് ഞാനുള്‍പ്പെടെ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതുതന്നെയാണ് സംഘടനയുടെ വിജയരഹസ്യം. നമ്മള്‍ ചെയ്തതിനപ്പുറമൊന്നും പിന്നീട് വരുന്നവര്‍ ചെയ്യരുതെന്നോ കൂടുതല്‍ നല്ല പേര് സ്വന്തമാക്കരുതെന്നോ കരുതുന്നവര്‍ വരുമ്പോഴാണ് സംഘടനകള്‍ പ്രശ്‌നത്തിലാകുന്നത്.

മറ്റു സംഘടനാപ്രവര്‍ത്തനങ്ങള്‍?

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ സാധിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപകാംഗമാണ്. കൂടാതെ, കോണ്‍ഗ്രസ് അംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്‌നിക്ക് ടാസ്‌ക് ഫോഴ്‌സ് അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here