അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ മുഖശ്രീ ആണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും സൗഹൃദം പുലര്‍ത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണല്‍ രംഗത്തു കൂടുതല്‍ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്. ഭിന്നതകളോ പടല പിണക്കങ്ങളോ താന്‍പോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന
പ്രസ് ക്ലബിന്റെ പത്താമത് അന്താരാഷ്ട്രകോണ്‍ഫറന്‍സ് ഈ വ്യാഴാഴ്ച്ച മയാമിയില്‍ ആരംഭിക്കുകയാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍. പ്രസ് ക്ലബിനെപ്പറ്റിയും അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും അഡൈ്വസറി ബോര്‍ഡ് വൈസ്-ചെയര്‍, പ്രസിഡന്റ് എലെക്ട് സാമുവല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍) സംസാരിക്കുന്നു.

മാധ്യമരംഗത്തേക്ക് വരാനുള്ള താല്പര്യം?

കുട്ടിക്കാലം മുതല്‍ക്കെ സംഗീതത്തോടു താല്പര്യം ഉണ്ടായിരുന്നു. 1986 ല്‍ അമേരിക്കയില്‍ വന്ന ശേഷം കുറെ വര്‍ഷങ്ങള്‍ മറ്റു ജോലികള്‍ ചെയ്തെങ്കിലും ഓഡിയോ വിഷ്വല്‍ രംഗത്തോടുള്ള അഭിനിവേശം കൂടിക്കൂടി വന്നു. ഒടുവില്‍ വീഡിയോ-ടെലിവിഷന്‍ പരസ്യങ്ങളിലൂടെ ആണ് മാധ്യമ രംഗത്തേക്കുള്ള ചുവടു വയ്പ്. ആദ്യത്തെ ടെലിവിഷന്‍ വീഡിയോ പരസ്യം സിത്താര്‍ പാലസ് എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിന് വേണ്ടി തയ്യാറാക്കി. പിന്നീട് വീഡിയോ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത് മാധ്യമ രംഗത്തേക്ക് പൂര്‍ണമായും തിരിയാനുള്ള പ്രചോദനമായി. അക്കാലത്തെ ഏറ്റവും ജനശ്രദ്ധ നേടിയെടുത്ത രണ്ടു മണിക്കൂര്‍ നീളുന്ന വീഡിയോ പ്രോഗ്രാം ‘റിഥം 2000’ അമേരിക്കയില്‍ നിന്നുള്ള വീഡിയോ-ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യത്തേതെന്നു പറയുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. അതിനു ശേഷം ഇതേ പേരില്‍ തന്നെ 140-ല്‍ പരം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ന്യൂ യോര്‍ക്കില്‍ നടത്തിയ ഒരു സ്റ്റേജ് ഷോ വന്‍ വിജയമായിരുന്നു. 22 വര്‍ഷത്തിന് ശേഷം ഇന്നും ആ പ്രോഗ്രാമിന്റെ വീഡിയോ ടേപ്പ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലേക്കുള്ള രംഗപ്രവേശം?

2003 ഏപ്രില്‍ രണ്ടിന് മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ചാനല്‍ ‘ഏഷ്യാനെറ്റ്’ നോര്‍ത്തമേരിക്കയില്‍ ലോഞ്ച് ചെയ്തപ്പോള്‍ അതിന്റെ അമരക്കാരനായിരുന്ന സുരേഷ് ബാബു ചെറിയത് ന്യൂ യോര്‍ക്കിലെത്തി ഞാനുമായി സംസാരിച്ചു. തുടര്‍ന്ന് ന്യൂ യോര്‍ക്ക്-ന്യൂ ജേഴ്സി-കണക്ടിക്കട്ട് സംസഥാനങ്ങളുടെ ചുമതല എന്നെ ഏല്‍പ്പിച്ചു. പിന്നീട് പൂര്‍ണസമയം ഏഷ്യാനെറ്റിനോടൊപ്പം നീണ്ട 8 വര്‍ഷത്തോളം ഏഷ്യാനെറ്റ് യു.എസ്.എ യുടെ പൂര്‍ണ ചുമതലയില്‍ പ്രൊഡക്ഷന്‍-പ്രോഗ്രാമിങ്-മാര്‍ക്കറ്റിംഗ്, കൂടാതെ വിതരണ ശൃംഖലയും സുരേഷ് ബാബുവിനൊപ്പം നിര്‍വഹിച്ചു. ജോസ് ഫ്‌ലോറിഡയും (മാത്യു വര്‍ഗീസ്) കൂടാതെ നോര്‍ത്തമേരിക്കയില്‍ വിവിധ ഭാഗങ്ങളിലുള്ള റീജിയണല്‍ ഭാരവാഹികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മാധ്യമ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും എന്നാല്‍ അതോടൊപ്പം സമ്മര്‍ദങ്ങള്‍ നിറഞ്ഞതുമായ കാലമായിരുന്നു. നോര്‍ത്തമേരിക്കയിലെ ഏറ്ററ്വും പ്രമുഖ പ്രൊമോട്ടര്‍ താര ആര്‍ട്‌സ് സി.വിജയനും ഏഷ്യാനെറ്റിലേക്കുള്ള വഴി ഒരുക്കാന്‍ സഹായകമായിരുന്നു.

അക്കാലത്തെ മറക്കാനാവാത്ത അനുഭവം?

ഏഷ്യാനെറ്റിനു വേണ്ടി നൂറു കണക്കിന് പ്രോഗ്രാമുകള്‍ അമേരിക്കയില്‍ നിന്ന് എല്ലാ ആഴചയിലും തയാറാക്കിയിരുന്നു. അന്ന് തുടങ്ങിയ ‘യു.എസ്. വീക്കിലി റൗണ്ടപ്’ ഇപ്പോഴും വിജയകരമായി തുടരുന്നു. ആദ്യ കാലങ്ങളില്‍ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് പ്രോഗ്രാമുകള്‍ നാട്ടില്‍ എത്തിക്കാനുള്ള വിഷമതയായിരുന്നു. ന്യൂ ജേഴ്സിയില്‍ നിന്ന് ന്യൂ യോര്‍ക്കിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ ടേപ്പുമായി പോയി തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രക്കാരെ തേടി പിടിച്ചു അവരുടെ പക്കല്‍ ടേപ്പ് കൊടുത്തയക്കുന്നതായിരുന്നു ഏറ്റവും നല്‍കിയ വെല്ലുവിളിയും മറക്കാനാവാത്ത അനുഭവവും.
നോര്‍ത്ത് അമേരിക്കയിലെ ഏഷ്യാനെറ്റ് പ്രേക്ഷകര്‍ പ്രോഗ്രാം കാണാന്‍ കാത്തിരിക്കുകയാണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ഈ വിഷമങ്ങള്‍ എല്ലാം മറക്കുമായിരുന്നു. നാല് വര്‍ഷത്തോളം ഈ സ്ഥിതി തുടര്‍ന്നു. ഇന്റര്‌നെറ് ട്രാന്‍സ്ഫര്‍ സെര്‍വിസിലൂടെ ഫയല്‍ അയയ്ക്കാനുള്ള സൗകര്യം വന്നതോടെയാണ് ഈ പ്രയാസങ്ങള്‍ നീങ്ങിയത്.

ദൃശ്യമാധ്യമത്തിനൊപ്പം ഓണ്‍ലൈന്‍ മാധ്യമം ഇ-മലയാളിയിലേക്കെങ്ങനെ എത്തി?

അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രചാരമുള്ള ഒരു സമയത്തായിരുന്നു ഇ-മലയാളീ ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ് എന്നോട് ഇ-മലയാളിയെ കുറിച്ച് പറഞ്ഞത്. എപ്പോഴും പുതിയതും, നൂതനവുമായ മാധ്യമരംഗത്തെ മുന്നേറ്റങ്ങളും, അതെ പോലെ തന്നെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള എന്റെ താല്പര്യവുമാണ് എന്നെ ഇ-മലയാളിയുടെ പാര്‍ട്ണര്‍ ആകാന്‍ പ്രേരിപ്പിച്ചത്. ഇ-മലയാളിയില്‍ തുടങ്ങി പിന്നീട് ഇന്ത്യലൈഫ് ആന്‍ഡ് ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍, മാഗസിന്‍, കൂടാതെ ഇന്ത്യലൈഫ് ടിവി വരെ കാര്യങ്ങള്‍ എത്തിച്ചു. ഇപ്പോള്‍ ഇ-മലയാളി മാസികയും ഇഎം-ദി വീക്കിലിയും ഉണ്ട്

അമേരിക്കയില്‍ നിന്ന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മലയാളം ചാനല്‍ തുടങ്ങിയത് എങ്ങനെ?

ആദ്യം മലയാളം ഐ.പി.ടി.വി വിതരണ ശൃംഖല വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയ് നേടിയകാലയില്‍ എന്നിവരോടൊപ്പം തുടങ്ങിയതിനു ശേഷം പിന്നീട് 2011-ലാണ് മലയാളം ടെലിവിഷന്‍ യു.എസ്.എ എന്ന പേരില്‍ 24 മണിക്കൂര്‍ ചാനല്‍ തുടങ്ങിയത്. പിന്നീടത് പ്രവാസി ചാനല്‍ ആയി. ചുരുക്കം പ്രോഗ്രാമുകളില്‍ നിന്ന് നിരവധി വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെ ആണ് ഈ പതിനൊന്നു വര്‍ഷവും ചാനല്‍ മുടങ്ങാതെ വിജയകരമായി പ്രക്ഷേപണം തുടരുന്നത്. പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് 2021 ല്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വച്ച് ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. ചാനലിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 11 വര്‍ഷത്തിന് ശേഷം ആദ്യമായി നോര്‍ത്തമേരിക്കയിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവാസി ചാനലിന്റെ റീജിയണല്‍ ഡിറക്ടര്‍മാരെ ഔദോഗികമായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സ്ഥാപക അംഗം, മുന്‍ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച താങ്കള്‍ക്ക് പ്രസ് ക്ലബ്ബിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രസ് ക്ലബ് എന്ന ആശയം ഉടലെടുക്കുന്ന ആദ്യദിനം മുതല്‍ ഒപ്പം നിന്ന വ്യക്തിയെന്ന നിലയില്‍ അഭിമാനമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ് ക്ലബ്ബ് എന്ന ആശയം തുടങ്ങിയത്. പ്രോഗ്രാമുകളുടെ വിഷ്വല്‍സ് കവര്‍ ചെയ്യാന്‍ സംഘടനയുടെ പിന്തുണ ആവശ്യമാണെന്ന ചിന്തയാണ് അതിലേക്ക് നയിച്ചത്. പിന്നീട്, എല്ലാ മാധ്യമങ്ങളെയും ഒരുകുടക്കീഴില്‍ നിര്‍ത്തുന്ന സംഘടനയായത് രൂപാന്തരപ്പെട്ടു. പ്രസ് ക്ലബ്ബില്‍ ഏവരും ഉറ്റുനോക്കുന്നത് മാധ്യമശ്രീ, മാധ്യമ രത്‌ന അവാര്‍ഡു ചടങ്ങുകള്‍, കോണ്‍ഫറന്‍സ് എന്നിവയാണ്. മുഖ്യധാര മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്. ഞാന്‍ സെക്രട്ടറിയായിരിക്കെ ഷിക്കാഗോയില്‍ വച്ചുനടന്ന കോണ്‍ഫറന്‍സിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡിനെത്തുടര്‍ന്ന് നാട്ടില്‍ നിന്നുള്ളവര്‍ക്ക് എത്തിച്ചേരാനാകുമോ എന്ന ആശങ്ക വകഞ്ഞുമാറ്റിയാണ് ആ സമ്മേളനം വിജയിച്ചത്.

വ്യക്തമായ കാഴ്ചപ്പാടോടെ ഈ സംഘടനയെ നടത്താനുള്ള പാടവമുള്ളവരാണ് ഇന്നേ വരെ ഇതിന്റെ തലപ്പത്തു വന്നിട്ടുള്ളത്. ഇപ്പോഴത്തെ പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രെഷറര്‍ ഷിജോ പൗലോസ് എന്നിവരും നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വളരെ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റും വൈസ് ചെയര്‍ ആയ ഞാനും എല്ലാത്തിനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു.

2024 -2025 എന്തൊക്കെയാണ് പ്ലാനുകള്‍?

2023 കോണ്‍ഫറന്‍സ് കഴിഞ്ഞാല്‍ മാത്രമേ അടുത്ത 2 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, അഡൈ്വസറി ബോര്‍ഡ് എന്നിവരോടൊലാചിച്ചു തയ്യാറാക്കൂ. എങ്കിലും, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള ശ്രമം തീര്‍ച്ചയായും നടത്തും എന്ന് ഉറച്ചു പറയുന്നു. അതിന്റെ തുടക്കമായി കഴിഞ്ഞ വര്‍ഷം തന്നെ ഏകീകൃതമായുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയും അത് വഴി കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിന്റെ സജീവമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുകയും ചെയ്യുന്നു എന്ന് പറയുന്നതില്‍ കൃതാര്‍ഥത ഉണ്ട്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുമായി കൂടുതല്‍ ഇടപഴകാനും അറിവ് പ്രദാനം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ ട്രെയിനിങ് സെഷനുകള്‍ നടത്താനുള്ള ശ്രമങ്ങളും നടത്തും. അമേരിക്കയിലെ മലയാള മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരസ്യങ്ങളുടെ അഭാവമാണ്. എന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ കയ്യെടുത്തു അമേരിക്കയിലെ മലയാള മാധ്യമ സ്ഥാപനങ്ങളുടെ ഈ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ നടത്തണം. ഇന്നത്തെ സാഹചര്യത്തില്‍ നിരവധി ഇന്ത്യക്കാരും പ്രത്യേകിച്ചു മലയാളികളും മുഖ്യധാരാ രാഷ്രീയത്തിലുണ്ട്, അവരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുവാനും നമ്മുടെ ആശങ്കകള്‍ അവരെ അറിയിക്കാനും അതോടൊപ്പം തന്നെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഉള്ള ഇന്ത്യക്കാരുമായി സംവദിക്കാനും ശ്രമം നടത്തും .

മീഡിയ ആപ്പ് യു എ.സ്.എ. എന്ന നൂതന ആശയത്തിന് പിന്നില്‍?

ഭാവിയുടെ മാധ്യമമാണ് ഓവര്‍ ദ് ടോപ് (ഒ ടി ടി ) പ്ലാറ്റ്‌ഫോമുകള്‍. കോവിഡ് കാലമാണ് നമ്മുടെ ആളുകളെ ഒടിടി-യിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ജനങ്ങളുടെ ആസ്വാദന രീതിയില്‍ വിപ്ലവകരമായ മാറ്റമാണ് ഒടിടി കൊണ്ടുവന്നിട്ടുള്ളത്. വീഡിയോ ഓണ്‍ ഡിമാന്‍ഡ് (വിഡിഒ) എന്ന പുത്തന്‍ ട്രെന്‍ഡിനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലാണ് മീഡിയ ആപ്പിന്റെ രൂപകല്പന. മീഡിയ ആപ്പ് യുഎസ്എ യുടെ ലോഞ്ചിങ് ഫ്‌ലോറിഡയില്‍ വച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസിന്റെ സാന്നിദ്ധ്യത്തില്‍ ജോസ് കെ.മാണി എം.പിയാണ് നിര്‍വ്വഹിച്ചത്. ലൈവ് ഇവന്റുകള്‍ തത്സമയം കാണുന്നതിനും പ്രേക്ഷകരുടെ സമയത്തിനും സൗകര്യത്തിനും അനുയോജ്യമായ രീതിയില്‍ ഏത് നേരത്തും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനും ആപ്പ് ഒരുപോലെ സഹായകമാകും. മലയാളികള്‍ അടക്കം അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തുന്ന ഇവന്റുകള്‍ ലൈവ് സ്ട്രീമിങ്ങും വിഡിഒ-യും മീഡിയ ആപ്പ് യുഎസ്എ-യിലൂടെ ആസ്വദിക്കാം. ഇവന്റുകളുടെ ചിത്രങ്ങള്‍ ഞൊടിയിടയില്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ശ്രദ്ധേയമായ പുരസ്‌കാരങ്ങള്‍?

ലോക കേരള സഭയോടനുബന്ധിച്ചു ബഹു. മുഖ്യമന്ത്രി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം, നോര്‍ത്തമേരിക്കയിലെ ഏറ്റവും പ്രെസ്റ്റീജിയസ് ആയി കരുതുന്ന കേരള സെന്റര്‍ ന്യൂയോര്‍ക്കിന്റെ മാധ്യമരംഗത്തെ (ഏഷ്യാനെറ്റ്) മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്, ന്യൂ യോര്‍ക്ക് നാസാ കൗണ്ടി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം, ന്യൂ ജേഴ്സി ബെര്‍ഗെന്‍ കൗണ്ടി ഏര്‍പ്പെടുത്തിയ എക്‌സെലന്‍സ് ഇന്‍ മീഡിയ അവാര്‍ഡ്, നമ്മളെ വിട്ടു പോയ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനില്‍ നിന്നും തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ വച്ച് ‘അമേരിക്ക ടുഡേ’ എന്ന പ്രോഗ്രാമിന് പ്രത്യേക പുരസ്‌കാരം, നിരവധി തവണ ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ദേശീയ സംഘടനകളുടെ പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിരുന്നു. കൂടാതെ ചെറുതും വലുതുമായി നിരവധി അംഗീകാരങ്ങള്‍ തേടി എത്തി. അതിനെല്ലാം നന്ദിയും കടപ്പാടും എല്ലാ പ്രവാസി മലയാളികളോടും അറിയിക്കുന്നു

കുടുംബം?

ഭാര്യ ആന്‍സി വേണി ഈശോ, അമ്മ അച്ചാമ്മ ഈശോ, മക്കള്‍ ജിതിന്‍, ജെലിണ്ട, ജോനാഥന്‍ എന്നിവരോടൊപ്പം ന്യൂ ജേഴ്സി ബെര്‍ഗെന്‍ഫീഡില്‍ താമസിക്കുന്നു. സഹോദരങ്ങള്‍ എല്ലാരും അമേരിക്കയില്‍ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here