ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെ അദ്ദേഹത്തെ വധിക്കുമന്ന് ഭീഷണി സന്ദേശം ലഭിച്ചത് കോൺഗ്രസ് നേതാക്കൾക്കിടയിൽ ആശങ്കയ്ക്കിടയാക്കി. യു.പി.എ സർക്കാരിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി വി.നാരായണ സ്വാമിയുടെ വിലാസത്തിലാണ് വധഭീഷണി കത്ത് ലഭിച്ചത്. മേയ് നാലിന് പോണ്ടിച്ചേരിയിൽ നിന്നാണ് ഭീഷണി കത്ത് പോസ്‌റ്റ് ചെയ്തിരിക്കുന്നത്.

പുതുച്ചേരിയിൽ വ്യവസായങ്ങൾ പൂട്ടാനിടയാക്കിയതിന്റെ ഉത്തരാവാദിത്തം കോൺഗ്രസിനാണെന്നും അതിനാൽ രാഹുൽ ഗാന്ധി ബോംബ് സ്ഫോടനത്തിൽ വധിക്കുമെന്നാണ് തമിഴിൽ എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത്. കത്തിൽ ആരുടേയും പേരോ ഒപ്പോ ഒന്നും തന്നെയില്ല.

കത്ത് ലഭിച്ചതോടെ ആനന്ദ് ശർമ,​ അഹമ്മദ് പട്ടേൽ തുടങ്ങിയവരടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണാൻ തീരുമാനിച്ചു. രാഹുലിന് അധിക സുരക്ഷ ഏർപ്പെടുത്തണമെന്ന നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെടും. ഭീഷണി കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യപ്പെടും.

മുൻ പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം രാഹുലിനും കുടുംബത്തിനും എസ്.പി.ജി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാരും കഴിഞ്ഞാൽ എസ്.പി.ജി സുരക്ഷയുള്ള കുടുംബം രാഹുലിന്റേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here