തിരുവനന്തപുരം:മന്ത്രിപദവിക്കും അധികാരത്തിനുംവേണ്ടി കേരളത്തിലെ മലയോര പാര്‍ട്ടിയായ കേരള കോണ്‍ഗ്രസുകള്‍ ലയിച്ചതിനും വേര്‍പിരിഞ്ഞതിനും കയ്യുംകണക്കുമില്ല. ഈ പട്ടികയില്‍ ഇതാ അവസാനത്തേതായി മറ്റൊന്നുകൂടി. കേരള കോണ്‍ഗ്രസുകള്‍ ഉള്‍പ്പെടാത്ത പിണറായി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ പുതിയ ലയന നീക്കം. നിലവില്‍ ഇടതുമുന്നണിയിലെ ഏക കേരള കോണ്‍ഗ്രസ് ഘടക കക്ഷിയായ സ്‌കറിയാ തോമസ് വിഭാഗത്തില്‍ ബാലകൃഷ്ണ പിള്ള ഗ്രൂപ്പിനെ ലയിപ്പിക്കാനാണ് നീക്കം. സ്‌കറിയാ തോമസ് കടുത്തുരുത്തിയില്‍ മല്‍സരിച്ചെങ്കിലും ജയിച്ചിരുന്നില്ല.

ഗണേഷ് കുമാര്‍ പത്തനാപുരത്ത് ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതുമുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടിയായതിനാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ലയനത്തിലൂടെ സ്‌കറിയാ തോമസ് വിഭാഗത്തിനു പ്രാതിനിധ്യം കിട്ടുകയും ഗണേഷ് കുമാറിനു മന്ത്രിയാകാന്‍ സാധിക്കുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയാ തോമസ് ഇക്കാര്യം ചര്‍ച്ച ചെയ്തതായാണു വിവരം. ആര്‍ ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. നിലവില്‍ 19 അംഗ മന്ത്രിസഭ ആയതിനാല്‍ ഒരാളെക്കൂടി മന്ത്രിയാക്കാന്‍ തടസമില്ല.

സ്‌കറിയാ തോമസിനെ ചെയര്‍മാനായി അംഗീകരിച്ചു ലയനത്തിനു പിള്ള അന്തിമ തീരുമാനമെടുത്താല്‍ വൈകാതെ ലയനം നടക്കും. തീരുമാനം എന്തായാലും വേഗം വേണമെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. കഴിയുമെങ്കില്‍ ജൂണ്‍ 24ന് ഗവര്‍ണുടെ നയപ്രഖ്യാപനത്തിനു നിയമസഭ ചേരുന്നതിനു മുമ്പുതന്നെ ലയനവും ഗണേഷ്‌കുമാറിന്റെ സത്യപ്രതിജ്ഞയും നടത്താനാണ് നീക്കം. അവിഭക്ത കേരള കോണ്‍ഗ്രസ് മുതല്‍ പിള്ളയും സ്‌കറിയാ തോമസും വ്യക്തിപരമായി അടുപ്പമുള്ളവരാണ്. പാര്‍ട്ടികള്‍ പലതായെങ്കിലും ആ ബന്ധം അവര്‍ സൂക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് ലയനം ബുദ്ധിമുട്ടാകില്ലെന്നാണ് രണ്ടു വിഭാഗവും പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here