ന്യൂഡല്‍ഹി:തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യത്തെ പ്രമുഖ അഭിഭാഷകനും  മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ചേര്‍ന്ന് നടത്തിയ ശതകോടിക്കണക്കിനു രൂപയുടെ അഴിമതിയും ബിനാമി ഇടപാടുകളും സംബന്ധിച്ച രേഖകള്‍ പുറത്തായി. ലോകവ്യാപകമായി ബിനാമികളുടെ പേരില്‍ കോടികളുടെ ബിസിനസ് സാമ്രാജ്യമാണ് ചിദംബരത്തിന്റെ മകന്‍ കെട്ടിപടുത്തുയര്‍ത്തിയിരിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  അഡ്വാന്റേജ് സ്ട്രാറ്റെജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനി വഴി ലോകത്താകമാനം സഹസ്ര കോടികളുടെ ഇന്‍വെസ്റ്റ്‌മെന്റാണ് കോണ്‍ഗ്രസ് നേതാവും മകനും നടത്തിയെന്ന് പത്രം ആരോപിക്കുന്നു. രാജ്യത്തിനകത്തും പുറത്തും കമ്പനിക്ക് കോടികളുടെ ആസ്തിയുണ്ട്. കുടുംബക്കാരുടെ പേരില്‍ അല്ല സുഹൃത്തുക്കളെ ബിനാമിയാക്കിയാണ് അഡ്വാന്റേജ് സ്വന്തമാക്കിയത്. കാര്‍ത്തി ചിദംബരത്തിന്റെ ഇന്ത്യയിലെ സ്വന്തം സ്ഥാപനമായ ഓസ്ബ്രിഡ്ജിന്റെ മറവിലാണ് ബിനാമി ഇടപാടുകള്‍ നടക്കുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ വഴിവിട്ട് നടത്തിയ ഇടപാടുകളാണ് മന്ത്രി നടത്തിയതെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇന്‍വെസ്റ്റീഗേറ്റീവ് റിപ്പോര്‍ട്ട് പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിന് രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന സ്ഥിരം മാര്‍ഗ്ഗമാണ് സുഹ്യത്തുക്കളുടേയും വിശ്വസ്തരുടേയും പേരില്‍ രാജ്യത്ത് അകത്തും പുറത്തും സ്വത്തുകള്‍ വാങ്ങി കൂട്ടുകയെന്നത്. ചിദംബരവും മകനും ചെയ്തത് അതു തന്നെയാണ്. ഇതിന് രേഖകള്‍ വെക്കാതെ വിശ്വസത്തിന്റെ പുറത്താണ് കൈമാറ്റങ്ങളെല്ലാം. എന്നാല്‍ ഇത്രയും കോടി സ്വത്ത് മറ്റുരാളുടെ പേരില്‍ വാങ്ങിക്കൂട്ടിയതിന് ശേഷം ചതിയുണ്ടോവുമോയെന്ന പേടിയില്‍ കാര്‍ത്തി ചിദംബരം സ്വത്ത് സംബന്ധിച്ച് രഹസ്യ രേഖയുണ്ടാക്കിയതാണ് ബിനാമി ഇടപാടുകള്‍ പുറത്ത് വരാന്‍ കാരണം. അഡ്വാന്റേജ് കമ്പനിയുടെ ഭൂരിഭാഗം ഷെയറുകള്‍ കൈവശമുള്ള ബിനാമിയെ കൊണ്ട് മരണപത്രം ഉണ്ടാക്കുകയാണ് കാര്‍ത്തി ചെയ്തത്.
എസ് ഭാസ്‌കരന്‍ എന്ന ബിനാമി ഇതനുസരിച്ച് മരണശേഷം തന്റെ സ്വത്തുക്കളെല്ലാം കാര്‍ത്തി ചിദംബരത്തിന്റെ മകളായ അദിതി നളിനി ചിദംബരത്തിനാണെന്ന് സാക്ഷ്യപ്പെടുത്തി. ഈ മരണപത്രമാണ് ഇപ്പോള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് പുറത്ത് വിട്ടിരിക്കുന്ന രേഖകളില്‍ ഒന്ന്.

നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ചിദംബരത്തിന്റെ മകന്റെ സ്വത്തുക്കളില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ബിനാമി ഇടപാടുകളും കള്ളപ്പണവും ഒന്നും ഇല്ലെന്ന നിലപാടില്‍ ഇരുവരും ഉറച്ചു നിന്നു. അഡ്വാന്റേജ് അടക്കം പുറത്തു വന്ന അനധികൃത കമ്പനികളുമായി യാതൊരു ബന്ധവും ഇല്ലെന്ന്
സ്ഥാപിച്ചെടുക്കാന്‍ ചിദംബരം വിദഗ്ധമായി ശ്രമിച്ചു. അഡ്വാന്റേജ് ഇന്ത്യക്ക് രാജ്യത്തിനകത്തുള്ള സ്വത്തുക്കളില്‍ പ്രധാനം വാസന്‍ ഐ കെയര്‍ ആണ്. ഇതിന്റെ 1.5 ലക്ഷം ഇക്വുറ്റി ഷെയറില്‍ 90,000 ഉം അഡ്വാന്റേജ്
ഇന്ത്യയുടെ പേരിലാണ്. ഈ ഷെയറുകളെല്ലാം മൂന്നിലൊന്ന് വിലയ്ക്കാണ് സ്വന്തമാക്കിയതെന്നതും വിചിത്രം. അധികാരം കൈയ്യിലുള്ളപ്പൊഴായിരുന്നു ബിസിനസ് സാമ്രാജ്യം വളര്‍ന്നത്.

അഡ്വാന്റേജ് സിംഗപ്പൂര്‍ എന്ന പേരിലാണ് ആഗോള തലത്തില്‍ കമ്പനി വളര്‍ന്നത്. പല രാജ്യങ്ങളിലായി കോടികളുടെ നിക്ഷേപം. വാണിജ്യ മേഖലയില്‍ പല ബിനാമി ഇടപാടുകളും കമ്പനി നടത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും
ഇന്‍കം ടാക്‌സും നടത്തിയ അന്വേഷണത്തില്‍ അഡ്വാന്റേജ് ശ്ൃംഖലയ്ക്ക് ലണ്ടന്‍, ദുബായ്, ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലാന്‍ഡ്, യുഎസ്എ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ഗ്രീസ്, സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍ ശക്താമായ അടിത്തറയുള്ളതായി കണ്ടെത്തി. ആഗോള ബിസിനസ് സാമ്രാജ്യം നൂറു
കണക്കിന് കോടികളുടെ വടവൃക്ഷമാണ്. ഇനി ഈ അഡ്വാന്റേജ് സിംഗപ്പൂര്‍ ആഗോള ബിസിനസ് സാമ്രാജ്യത്തില്‍ ധനം കുമിഞ്ഞുകൂടിയത് ചിദംബരം ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്താണ്. ഈ വിവരങ്ങളെല്ലാം അടച്ച കവറില്‍
സുപ്രീംകോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എയര്‍ടെല്‍ മാക്‌സിസ് കേസ് നിരീക്ഷിക്കുന്ന ജുഡീഷ്യല്‍ സംഘത്തിന് മുന്നിലാണിത്. സിബിഐക്കും കൈമാറിയിട്ടുണ്ട്.

അഡ്വാന്റേജിന്റെ ഉടമസ്ഥാവകാശം ഒളിപ്പുക്കുന്നതിനായി കാര്‍ത്തിയുടെ സ്വന്തം കമ്പനിയായ ഓസ്ബ്രിഡ്ജ് 40 ശതമാനം ഷെയര്‍ സ്വന്തമാക്കി. പിന്നീട് ഓസ്ബ്രിഡ്ജിലെ തന്റെ ഉടമസ്ഥാവകാശം 2011ല്‍ അയല്‍ക്കാരനായ മോഹനന്‍
രാജേഷിലേക്ക് മാറ്റി. ബിനാമി ഇടപാടുകള്‍ വാര്‍ത്തയായതോടെ തന്റെ കുടുംബത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നാണ് പി ചിദംബരം ആരോപിച്ചത്. മകന്‍ കാര്‍ത്തിക്ക് ഈ കമ്പനികളുമായി ഒരു ബന്ധവും ഇല്ലെന്ന് ചിദംബരം വിളിച്ചുപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here