ന്യൂഡല്‍ഹി: നിയമങ്ങളും നിയന്ത്രണങ്ങളും എത്ര കൊണ്ടുവന്നാലും മലയാളി യുവത്വത്തെ കബളിപ്പിക്കാന്‍ പുത്തന്‍ അടവുകളുമായി നഴ്സിംഗ് റിക്രൂട്ടിംഗ് മാഫിയ രംഗത്തെത്തും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന നഴ്സിംഗ് തട്ടിപ്പുകാര്‍ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അയര്‍ലന്‍ഡില്‍ നഴ്സുമാര്‍ക്ക് വന്‍ ഒഴിവെന്ന് അവകാശപ്പെട്ടാണ് പുതിയ തട്ടിപ്പുകാര്‍ മലയാളികള്‍ അടക്കമുള്ള നഴ്സുമാരെ വലയിലാക്കുന്നത്. ഐ.ഇ.എല്‍.ടി.എസ് എന്ന കടമ്പയില്ലാതെ അയര്‍ലന്‍ഡില്‍ നഴ്സാകാം എന്നാണ് ഇരകളെ വലയിലാക്കാന്‍ ഇവര്‍ നല്‍കുന്ന പ്രധാന വാഗ്ദാനം. ഡബ്ലിനിലെ 2500 ബെഡുള്ള ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേയ്ക്ക് ജോലി എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്.

അയര്‍ലന്‍ഡില്‍ നഴ്സിങ്  രംഗത്ത് നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം മുതലെടുത്തു കൂടിയാണ് തട്ടിപ്പു സംഘം രംഗത്തു വന്നിരിക്കുന്നതെന്നാണ് സൂചന. ഇന്ത്യയില്‍ ശാഖകള്‍ ഉള്ളതും, അയര്‍ലന്‍ഡിലെ ഏറ്റവും വലിയ നഴ്സിങ്ങ് റിക്രൂട്ട് സ്ഥാപനം ആണെന്നും അവകാശപ്പെട്ടാണ് സംഘം പരസ്യം നല്‍കിയിരിക്കുന്നത്. ഡബ്ലിന്‍ സ്വദേശിയെന്ന് അവകാശപ്പെടുന്ന ജെറി തോമസ് എന്ന വ്യാജ പേരില്‍ ആണ് ഇവരുടെ എഴുത്തുകുത്തുകള്‍ നടക്കുന്നത്. ഐഇഎല്‍ടിഎസ് ആവശ്യമില്ല എന്നും അയര്‍ലന്‍ഡിലെ നഴ്സിങ്ങ് രജിസ്ട്രേഷന്‍ എടുത്തു കൊടുക്കുവാന്‍ സാധിക്കും എന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഇവര്‍ നല്‍കുന്ന വാഗ്ദാനം.

പ്രതിഫലമായി അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് ഐഡിബിഐയുടെ ശാഖയിലാണ് ഇടാന്‍ ആവശ്യപ്പെടുന്നത്. 90 ദിവസത്തിനുള്ളില്‍ വിസാ നല്‍കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഏതെങ്കിലും കാരണവശാല്‍ തങ്ങളുടെ വാഗ്ദാനം നടക്കാതെ വന്നാല്‍, മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഉറപ്പും നല്‍കുന്നു. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇവര്‍ അവകാശപ്പെടുന്ന കമ്പനിയുടെ ഇന്‍ കോര്‍പ്പറേഷന്‍ നമ്പര്‍ 434267 ആണ്. ജോണ്‍സെല്‍ പിക്സ് ലിമിറ്റഡ് എന്നാണ് ബിസിനസ് പേര് വിലാസം: വെല്‍ വ്യൂ ജോണ്‍സ് വെല്‍, കൗണ്ടി കില്ക്കെനി എന്നും രേഖകളില്‍ പറയുന്നു.

എന്നാല്‍ പ്രദേശത്തുള്ള ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ഇതു കില്ക്കെനിയിലുള്ള പന്നി വളര്‍ത്തല്‍ കേന്ദ്രമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ നമ്പറുകള്‍ അയര്‍ലന്‍ഡില്‍ സാധാരണയായി നാല് അക്കം മാത്രം ലഭിക്കുമ്പോള്‍, തട്ടിപ്പ് സ്ഥാപനത്തിന്‍റെ നമ്പറില്‍ ആറ് അക്കങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹില്‍ കേന്ദ്രമാക്കിയ ഒരു ടോള്‍ ഫ്രീ നമ്പറും ഈ സ്ഥാപനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.  കഴിഞ്ഞ ദിവസം ഇതില്‍ വിളിച്ച് സംശയം പ്രകടിപ്പിച്ച ഉദ്യോഗാര്‍ത്ഥിക്ക് ചീത്തവിളിയായിരുന്നു കേള്‍ക്കേണ്ടിവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here