ന്യൂഡല്‍ഹി: പ്രധാനമന്ത്ര നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദം തുടരുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്, ആം ആദ്മി നേതാക്കള്‍ നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഇക്കാര്യത്തില്‍ ഉത്തരവും പുറപ്പെടുവിച്ചുകഴിഞ്ഞു. ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളും പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ പുറത്തുവിടണമെന്നാണ്  കമ്മിഷന്‍ നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ സര്‍വകലാശാലകളും അദ്ദേഹത്തിന്‍റെ ഓഫീസും നേരത്തെ സമ്മതിച്ചിരുന്നില്ല. യോഗ്യത പരസ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന്‍റെ നടപടി. പ്രധാനമന്ത്രിക്ക് ബിരുദമില്ലെന്ന ആരോപണം വ്യാപകമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ട്. എന്നാല്‍ അത് പുറത്തുവിടാന്‍ നിങ്ങള്‍ വിസമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് അത് നിങ്ങള്‍ക്ക് നിഷേധിക്കാനാവുകയെന്നും അത് തെറ്റാണെന്നും കേന്ദ്ര വിവരാവകാശ കമ്മിഷന് നല്‍കിയ കത്തില്‍ കെജരിവാള്‍ വ്യക്തമാക്കിയിരുന്നു.

2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ സമയത്ത് മോഡി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍  ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിരുന്നു എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. തുടര്‍ന്നാണ് വിവരാവകാശത്തിലൂടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞത്. മോഡി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ടെന്നും അഞ്ച് വര്‍ഷത്തിന് ശേഷം ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎ ബിരുദം നേടിയെന്നുമാണ് വിക്കിപീഡിയ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here