ബംഗളൂരു: ഇന്ത്യയുടെ ഡിജിറ്റൽ നഗരമായ ബംഗളൂരു അഞ്ചു വർഷത്തിനുള്ളിൽ വാസയോഗ്യമല്ലാത്ത നഗരമായി മാറുമെന്ന് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. നഗരത്തിൽ വ്യാപകമായ വൻ തോതിലുള്ള കെട്ടിട നിർമ്മാണവും വൃക്ഷങ്ങൾ മുറിച്ചു മാറ്റിയതും അഞ്ചു വർഷത്തിനുള്ളിൽ ബംഗളൂരുവിനെ മരണ നഗരമാക്കി മാറ്റുമെന്ന് പഠനം പറയുന്നു.

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ബംഗളൂരു നഗരത്തിലെ കെട്ടിട നിർമ്മാണത്തിന്റെ വളർച്ച കഴിഞ്ഞ 40 വർഷങ്ങൾക്കുള്ളിൽ 525 ശതമാനം വർദ്ധിച്ചിരിക്കുന്നതായി പറയുന്നു. അതേസമയം ഹരിത നഗരമെന്നറിയപ്പെട്ടിരുന്ന ബംഗളൂരുവിലെ ഹരിത ഭംഗി 78 ശതമാനം കുറഞ്ഞിരിക്കുന്നു. നഗരത്തിലെ ജലസ്ത്രോതസുകളുടെ അളവിലും 79 ശതമാനം കുറവ് വന്നതായി പഠനം പറയുന്നു. എന്നാൽ നഗരത്തിലുണ്ടായിരുന്ന തടാകങ്ങളും മരങ്ങളുമൊന്നും പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായതല്ലെന്നും വരാനിരിക്കുന്ന വൻ വിപത്തിന്റെ സൂചനകളാണെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ടി.വി. രാമചന്ദ്രൻ വ്യക്തമാക്കുന്നു. ഈ അവസ്ഥ തുടർന്നാൽ അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ ബംഗളൂരു വാസയോഗ്യമല്ലാത്ത ‘നകര’മാകുമെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പ്രശാന്ത സുന്ദരമായ കാലാവസ്ഥ ബംഗളൂരു നഗരത്തിന്റെ മുഖമുദ്ര‌യായിരുന്നു. എന്നാൽ സാമ്പത്തിക കുതിച്ചുചാട്ടം നഗരത്തിനെ ലോകത്തിലെ തന്നെ ഐ.റ്റി. കേന്ദ്രമാക്കിയപ്പോൾ ഇവയെല്ലാം നഷ്‌ടമായി. അതേസമയം നഗരത്തിനെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ഒരു പിടി നിർദ്ദേശങ്ങളും സമിതി മുന്നോട്ടു വെക്കുന്നുണ്ട്. ഒരു പക്ഷേ പഠനത്തിൽ പറയുന്നതു പോലെ അഞ്ചു വർഷത്തിനുള്ളിൽ നഗരം വാസയോഗ്യമാകില്ലെങ്കിലും ഇതൊരു മുന്നറിയിപ്പാണെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here