ന്യൂഡൽഹി∙ 2002 ലെ ഗുജറാത്ത് കലാപത്തിൽ പങ്കാളികളായ ഹിന്ദു നേതാക്കളെ വധിക്കുന്നവർക്ക് ദാവൂദ് ഇബ്രാഹിം പണവും ദക്ഷിണാഫ്രിക്കയിൽ ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ആർഎസ്എസ് നേതാക്കളായ ശിരിഷ് ബംഗാലി, പ്രഗ്നേഷ് മിസ്ട്രി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ‍ഡി കമ്പനിയിലെ പത്തുപേർക്കെതിരെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2015 നവംബർ രണ്ടിന് ഗുജറാത്തിൽവച്ചാണ് ആർഎസ്എസ് നേതാക്കൾ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ബിജെപി, ആർഎസ്എസ്, വിഎച്ച്പി, ബജ്റങ്ദൾ നേതാക്കളെ ആക്രമിക്കുന്നതിന് ഡി കമ്പനി പദ്ധതിയിട്ടിരുന്നു. ആക്രമണം നടത്തുന്നതിന് ദുബായ്‌യിൽനിന്ന് ഗുജറാത്തിലേക്ക് 50 ലക്ഷം രൂപ എത്തിച്ചിരുന്നു. ഇന്ത്യയിലെ അടുപ്പക്കാരിലൂടെ മുംബൈയിലും സൂറത്തിലും തോക്കുകൾ ഏർപ്പാടാക്കിയിരുന്നു. മിസ്ട്രിയെയും ബംഗാലിയേയും കൊലപ്പെടുത്തുന്നതിന് ഇതിൽനിന്നും അഞ്ചുലക്ഷം രൂപ വീതമാണ് നൽകിയത്. ഇവരെ കൊലപ്പെടുത്തുന്നവർക്ക് പണവും ദക്ഷിണാഫ്രിക്കയിൽ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

രാജ്യത്ത് അസ്വസ്ഥത പരത്തി വർഗീയ കലാപം സൃഷ്ടിക്കാൻ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ശ്രമിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരത്തെ വ്യക്തമാക്കിയിരുന്നു. മത നേതാക്കളെയും ആർഎസ്എസുകാരെയും പള്ളികളെയും ആക്രമിച്ച് രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാനായിരുന്നു പദ്ധതി. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ഉടനെയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here