അയോധ്യയിൽ മര്യാദ പുരുഷോത്തമനായ രാമനെ പ്രതിഷ്‌ഠിക്കാൻ നേതൃത്വം നൽകിയ നരേന്ദ്രമോദി, ബിൽകിസ്‌ ബാനു കേസിൽ എല്ലാ മര്യാദകളും ലംഘിച്ചുവെന്നതിന്റെ തെളിവാണ്‌ ഈ കേസിൽ സുപ്രിംകോടതിയുടെ ചരിത്രപ്രാധാന്യമുള്ള വിധികളെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിലെ പ്രസംഗത്തിൽ രാജ്യത്തെ സ്ത്രീകൾക്കു നീതി ഉറപ്പാക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി ബിൽകിസ്‌ ബാനുവിനു നീതി നിഷേധിച്ചയാളാണെന്നും സുഭാഷിണി അലി പറഞ്ഞു. ആൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ഹൈക്കോടതി വനിതാ സബ്‌കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ‘ ബിൽകിസ്‌ ബാനുവിന്റെ കേസിലെ ഭരണകൂടത്തിന്റെ ഇടപെടലുകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു സുഭാഷിണി അലി.

ബിൽകിസ്‌ ബാനുവിനു നേരെയുള്ള കൂട്ടബലാൽസംഗ കേസും കുടുംബത്തെ കൂട്ടക്കൊല ചെയ്‌തതുമുൾപ്പടെയുള്ള കേസും ഗുജറാത്തിൽ നിന്ന്‌ മഹാരാഷ്‌ട്രയിലേക്കു മാറ്റിയ സുപ്രിംകോടതിവിധിയിൽ പറഞ്ഞത്‌ ഗുജറാത്തിൽ വിചാരണ ചെയ്‌താൽ നീതി ലഭിക്കില്ല എന്നാണ്‌. അന്ന്‌ നരേന്ദ്രമോദിമുഖ്യമന്ത്രിയായിരിക്കെയാണ്‌ ഗുജറാത്തിൽ സർക്കാർ പിന്തുണയോടെ വംശീയ കലാപവും കൂട്ടക്കൊലയും കൂട്ടബലാൽസംഗവും നടന്നത്‌ .
കൂട്ടബലാൽസംഗ കേസ്‌ പ്രതികളെ ജയിലിൽ നിന്ന്‌ മോചിപ്പിച്ച ഗുജറാത്ത്‌ ഹൈക്കോടതിയുടെയും ഗുജറാത്ത്‌ സർക്കാരിന്റെയും നടപടി റദ്ദാക്കിയ സുപ്രിംകോടതിയുടെ പുതിയ വിധി വിരൽചൂണ്ടുന്നത്‌ പ്രതികളുടെ മോചനത്തിനു കളമൊരുക്കിയ നരേന്ദ്രമോദിയുടെ കേന്ദ്ര ഗവർമെന്റിനു നേരെയാണ്‌.

ബിൽകിസ്‌ ബാനുവിനു നഷ്‌ടപരിഹാരവും വീടും ആശ്രിതർക്ക്‌ ജോലിയും നൽകണമെന്നു കോടതി വിധി പറഞ്ഞ്‌ പത്തുവർഷം കഴിഞ്ഞ്‌ നഷ്‌ടപരിഹാരം നൽകിയപ്പോഴും വീടും ജോലിയും ഇതുവരെ നൽകിയില്ല. എന്നാൽ പ്രതികൾക്കു വേണ്ടി സുപ്രിംകോടതിയിലെ രാജ്യത്തിന്റെ സോളിസിറ്റർ ജനറലും ഗുജറാത്ത്‌ അഡ്വക്കറ്റ്‌ ജനറലും മാത്രമല്ല സുപ്രിംകോതിയിലെ 11 സീനിയർ അഭിഭാഷകരും ഹാജരാകാൻ സർക്കാർ സഹായമുണ്ടായി.

മനുവാദി നീതീ സമ്പ്രദായത്തിൽ വിശ്വസിക്കുന്നവർ ഭരിക്കുമ്പോൾ സ്‌ത്രീകൾക്ക്‌ നീതി ലഭിക്കില്ല എന്നു മാത്രമല്ല രാജ്യത്തിന്റെ ഭരണഘടനയും വെല്ലുവിളി നേരിടുകയാണ്‌. ബിൽകിസ്‌ ബാനു കേസിലെ വിധി മാത്രമല്ല; കേസാകെ കേരളത്തിലെങ്കിലും പുതിയ നിയമവിദ്യാർഥികളുടെ സിലബസിൽ ഉൾപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണെന്നും സുഭാഷിണി അലി പറഞ്ഞു.

എഐഎൽയു ഹൈക്കോടതി വനിതാ സബ്‌ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.കെ ആർ ദീപ അധ്യക്ഷയായി. അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക്‌ എം ചെറിയാൻ, എഐഎൽയു ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. സി എം നാസർ, എഐഎൽയു സംസ്ഥാന വനിത സബ്‌കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ലത ടി തങ്കപ്പൻ, എഐഎൽയു ഹൈക്കോടതി വനിതാ സബ്‌ കമ്മിറ്റി കൺവീനർ അഡ്വ. സി എസ്‌ ഷീജ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here