രാജ്യത്ത് നോട്ട് പിന്‍വലിച്ചതു സംബന്ധിച്ച് പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നടപടികളോട് സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നും മോഡി വ്യക്തമാക്കി. ഇന്നു തുടങ്ങിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ പാര്‍ട്ടികളും ഒന്നിച്ചുനിന്നാല്‍ അതിന്റെ ഗുണം ലഭിക്കുക രാജ്യത്തിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിവരികയാണ്. എല്ലാ പാര്‍ട്ടികളുടേയും പിന്തുണയോടെയാണ് ജിഎസ്ടി പാസാക്കിയത്. അതിനാല്‍ ഈ വിഷയത്തിലുള്‍പ്പെടെ പ്രതിപക്ഷത്തിന്റെ അനുകൂല സമീപനം വേണം. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തിലും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രക്ഷോഭത്തിനു ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് മോഡിയുടെ പ്രതികരണം. നോട്ട് നിരോധനത്തില്‍ സ്വന്തം മുന്നണിയില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിഷേധമാണ് നരേന്ദ്രമോഡി നേരിടുന്നത്. നോട്ട് നിരോധനം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചതായി ശിവസേന എംപി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here