
ശീതള്‍ യാദവിന് ഇപ്പോഴും അമ്പരപ്പു മാറിയിട്ടില്ല. മാസം 5000 രൂപ മാത്രം വരുമാനമുള്ള താന്‍ ഇപ്പോള്‍ നൂറുകോടി രൂപയുടെ ഉടമയാണ്.
മീററ്റിലെ എസ്ബിഐ ശാഖയിലാണ് ശീതളിനു ജന്‍ധന്‍ അക്കൗണ്ടുള്ളത്. പണം പിന്‍വലിക്കാനായി കഴിഞ്ഞ 18 ന് എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടില്‍ 99,99,99,394 രൂപയുള്ളതായി അറിഞ്ഞത്. സംശയം തോന്നിയ ശീതള്‍ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നോക്കി ബാലന്‍സ് ഉറപ്പുവരുത്തി.
പക്ഷേ അധ്വാനിച്ചുണ്ടാക്കാത്ത പണം സ്വീകരിക്കാന്‍ തയാറല്ലാത്ത ശീതള്‍ വിവരം ബാങ്ക് അധികൃതരെ അറിയിച്ചപ്പോള്‍ പിന്നീടു വരാനായിരുന്നു നിര്‍ദ്ദേശം. പറഞ്ഞ ദിവസം ചെന്നപ്പോഴും ബാങ്ക് അധികൃതര്‍ അവരെ മടക്കി അയച്ചു.
കഴിഞ്ഞ 26നു ഇക്കാര്യങ്ങളെല്ലാം വച്ചുകൊണ്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയിരിക്കുകയാണവര്‍.
നൂറു കോടി രൂപ അക്കൗണ്ടില്‍ വന്നതിനേക്കള്‍ ശീതളിനെ അമ്പരപ്പിച്ചത് ബാങ്ക് അധികൃതരുടെ പെരുമാറ്റമാണ്. പണം തന്റേതല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതു ഉറപ്പുവരുത്താന്‍ പോലും തയാറാകാത്ത അധികൃതരുടെ നിലപാടിനെ സംശയത്തോടെയേ കാണാനാകൂ എന്നാണ് ശീതളിന്റെ പക്ഷം.
ട്രാന്‍സ്‌ഫോര്‍മര്‍ മാനുഫാക്ചര്‍ കമ്പനിയില്‍ ജോലിക്കാരാരായ തങ്ങള്‍ക്ക് നൂറു കോടി രൂപ സ്വപ്‌നം കാണുന്നതിനും അപ്പുറമാണെന്ന് ശീതളും ഭര്‍ത്താവ് സിലേദാര്‍ സിങും പറയുന്നു.