പ്രിയപ്പെട്ട ശ്രീ സുധീരന്,
ലാവലിന് കേസു സംബന്ധിച്ച് താങ്കള് പ്രസിദ്ധീകരിച്ച അതിദീര്ഘമായ തുറന്ന കത്ത് അസംബന്ധങ്ങളെയും നുണകളെയും അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത് എന്നു വിമര്ശിക്കേണ്ടി വന്നതില് ഖേദമുണ്ട്. ഉമ്മന്ചാണ്ടിയും സഹമന്ത്രിമാരും ചേര്ന്ന് സൃഷ്ടിച്ച നാണക്കേടിന്റെ കത്രികപ്പൂട്ടില്നിന്ന് എന്തെങ്കിലും രക്ഷ വേണമെന്ന താങ്കളുടെ താല്പര്യം മനസിലാകാവുന്നതേയുളളൂ. വൃത്തികേടിന്റെയും ഉപജാപത്തിന്റെയും പുതിയ സത്യവാങ്മൂലങ്ങള് പുറത്തുവരുമ്പോള് കെപിസിസി അധ്യക്ഷനും മുഖം നഷ്ടപ്പെടുക സ്വാഭാവികം. അപ്പോള് കച്ചിത്തുരുമ്പുകള്ക്കു വേണ്ടി പരക്കം പായേണ്ടി വരും
.
അക്കാദമിക് താല്പര്യത്തോടെ ലാവലിന് കേസ് പഠിക്കുകയും അതു സംബന്ധിച്ച് രണ്ടു പുസ്തകങ്ങളെഴുതുകയും ചെയ്ത പരിചയത്തില്നിന്നാണ് ഞാനീ പ്രതികരണം കുറിക്കുന്നത്. ആമുഖമായി പറയട്ടെ, ഇത്തരത്തില് ഒരു തുറന്ന കത്തു തയ്യാറാക്കാന് വേണ്ട ഗൃഹപാഠങ്ങളൊന്നും താങ്കള് നടത്തിയിട്ടില്ല. താങ്കളെപ്പോലൊരാള് നുണ പറയുന്നു എന്നു വിമര്ശിക്കേണ്ടി വരുന്നതില് വിഷമമുണ്ട്. പക്ഷേ, നുണയെ നുണയെന്നല്ലാതെ എന്തു വിളിക്കും? സോളാര് കേസില് നുണ പറഞ്ഞാണല്ലോ ഉമ്മന്ചാണ്ടി ഭരണം തളളിനീക്കുന്നത്. ജനരക്ഷായാത്ര തളളി നീക്കാന്, ആ മാതൃക തന്നെയാണ് താങ്കളും പരീക്ഷിക്കാന് ശ്രമിക്കുന്നത്.
താങ്കളുടെ കത്തിലെ ഒരു വാചകം ഉദ്ധരിക്കട്ടെ, “സംസ്ഥാന ഖജനാവിന് 374 കോടികള് നഷ്ടമുണ്ടാക്കിയെന്ന കംട്രോളര് ആന്റ് ഓഡിറ്റര് ജനറലിന്റെ 2005-06 ലെ റിപ്പോര്ട്ടിലൂടെയാണല്ലോ ഈ അഴിമതിയുടെ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്”.
പ്രിയപ്പെട്ട സുധീരന്. പച്ചക്കളളമാണിത്. സിഎജി ഇങ്ങനെ പറഞ്ഞിട്ടേയില്ല. ഒരു രേഖ ഉദ്ധരിച്ച് താങ്കളെപ്പോലൊരാള് സംസാരിക്കുമ്പോള്, ചുരുങ്ങിയപക്ഷം അതൊന്നു വായിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ. ഏതു പേജില്, എത്രാമതു ഖണ്ഡികയിലാണ് സിഎജി 374 കോടിയുടെ നഷ്ടക്കണക്കു പറഞ്ഞത് എന്ന് ദയവായി അങ്ങു ചൂണ്ടിക്കാട്ടണം.
ലാവലിന് കേസിലെ മുഴുവന് പേരേയും കുറ്റവിമുക്തരാക്കി സിബിഐ കോടതി പുറപ്പെടുവിച്ച ഉത്തരവിനോട് കെപിസിസി പ്രസിഡന്റിനും കോണ്ഗ്രസ് പാര്ടിയ്ക്കും അസഹിഷ്ണുതയുണ്ടാവുക സ്വാഭാവികമാണ്. കാരണം, ഈ കേസിന്റെയും കുറ്റപത്രത്തിന്റെയും യഥാര്ത്ഥ പിതൃത്വം നിങ്ങള്ക്കാണല്ലോ. വിടുതല് ഹര്ജി നല്കാന് ക്രിമിനല് പ്രൊസീജിയര് കോഡിന്റെ 239, 240 വകുപ്പുകള് കുറ്റാരോപിതര്ക്ക് അവകാശം നല്കുന്നുണ്ട്. ശുദ്ധ അസംബന്ധങ്ങളും കെട്ടുകഥകളും നിരത്തി കുറ്റപത്രങ്ങളുണ്ടാക്കിയാല് അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തി നീതി തേടാന് ഏതു പൗരനും നിയമത്തില് അവസരമുണ്ട്. ആ പൗരാവകാശം ഉപയോഗിക്കുകയല്ലേ പിണറായി വിജയന് ചെയ്തുളളൂ. അതിലിങ്ങനെ രോഷാകുലനായിട്ടെന്തുകാര്യം?
കുറ്റപത്രത്തിലെ ആരോപണങ്ങള് അസംബന്ധങ്ങളാണ് എന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐ കോടതി കുറ്റപത്രം റദ്ദാക്കിയത്. രാവിലെ നല്കിയ വിടുതല് ഹര്ജിയില് ഉച്ചയ്ക്ക് വിധി പറയുകയല്ല കോടതി ചെയ്തത്. ദീര്ഘമായ വാദപ്രതിവാദം നടന്നു. സിബിഐയ്ക്ക് പറയാനുളളതെല്ലാം കോടതി കേട്ടു. അതിനു ശേഷമാണ് സിബിഐയുടെ കുറ്റപത്രം അസംബന്ധങ്ങള് നിറഞ്ഞതാണ് എന്നും അതുമായി മുന്നോട്ടുപോകാന് അനുവദിക്കാനാവില്ല എന്നും കോടതി വിധിയെഴുതിയത്.
വി എം സുധീരനും ഉമ്മന്ചാണ്ടിയ്ക്കുമൊക്കെ ഈ വിധിയില് ഇച്ഛാഭംഗമുണ്ടാവുക സ്വാഭാവികമാണ്. ആ ഇച്ഛാഭംഗമാണ് ടി ആസിഫലിയുടെ ഹര്ജിയിലും പ്രതിഫലിക്കുന്നത്. ബാക്കിയൊക്കെ ഹൈക്കോടതി തീരുമാനിക്കട്ടെ.
2005-ലെ സിഎജി റിപ്പോര്ട്ടു വായിക്കുന്നതിനൊപ്പം 2004 ലെ സിഎജി റിപ്പോര്ട്ടു കൂടി ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും. 2004ലെ റിപ്പോര്ട്ടിലെ പേജ് 74 മുതല് കുറ്റ്യാടി എക്സ്ടെന്ഷന് സ്കീമിനെക്കുറിച്ചുളള നിരീക്ഷണങ്ങളുണ്ട്. അതും പിഎസ്പി പദ്ധതിയുടെ റിപ്പോര്ട്ടും താരതമ്യപ്പെടുത്തിയാല് വിശകലനവും വിമര്ശനവും ഒന്നു തന്നെയാണ്. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് 1995 ആഗസ്റ്റിലാണ് എംഒയു ഒപ്പിട്ടതെന്നും 1996ഫെബ്രുവരിയില് കണ്സള്ട്ടന്റ് സേവനങ്ങള്ക്കുളള കരാറായെന്നുമൊക്കെയുളള വിവരങ്ങള് ആ റിപ്പോര്ട്ടില് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ജി കാര്ത്തികേയന് മന്ത്രിയായിരുന്നപ്പോള് 1996 ഫെബ്രുവരിയില് പിഎസ്പി പദ്ധതിയ്ക്കുളള കണ്സള്ട്ടന്സി കരാര് ഒപ്പിട്ട അതേ ദിവസം തന്നെയാണ് കുറ്റ്യാടി പദ്ധതിയ്ക്കുളള സപ്ലൈ കരാറും ഒപ്പിട്ടത്.
രണ്ടു കരാറുകളും അതിലെ വ്യവസ്ഥകളുമൊക്കെ യുഡിഎഫ് സര്ക്കാരുകളുടെ സൃഷ്ടിയാണ്. ധാരണാപത്ര രീതിയനുസരിച്ച് കേരളത്തിലെ എല്ലാ വൈദ്യുതി പദ്ധതികളും എസ്എന്സി ലാവലിനെ ഏല്പ്പിക്കാനായിരുന്നു യുഡിഎഫ് സര്ക്കാര് തീരുമാനിച്ചത്. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പിഎസ്പി പദ്ധതികള് ലാവലിനെ ഏല്പ്പിച്ചത്. കുറ്റ്യാടി കരാറിന്റെ കാര്ബണ് കോപ്പിയാണ് പിഎസ്പി കരാര്. കുറ്റ്യാടി പദ്ധതിയില് ലാവലിന് കമ്പനിയുടെ ചുമതലകള് തന്നെയായിരുന്നു പിഎസ്പി പദ്ധതിയുടെ കാര്യത്തിലും ഉണ്ടായിരുന്നത്. ഇതൊക്കെ രേഖകളും തെളിവുകളുമുളള വസ്തുതകളാണ്.
എന്നാല് പിണറായി വിജയന് വൈദ്യുതിമന്ത്രി പദമേറ്റ ശേഷം ഒരു പുതിയ പദ്ധതിയും ലാവലിനു നല്കിയില്ല. അദ്ദേഹത്തിന്റെ കാലത്ത് ആവിഷ്കരിച്ച കുറ്റ്യാടി അഡീഷണല് എക്സ്ടെന്ഷന് സ്കീം പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെയാണ് ഏല്പ്പിച്ചത്. കുറ്റ്യാടി പദ്ധതിയുടെ കാര്യത്തില് ജി കാര്ത്തികേയന് എന്തു ചെയ്തോ അതേ, പിഎസ്പി പദ്ധതിയുടെ കാര്യത്തില് പിണറായി വിജയനും ചെയ്തിട്ടുളളൂ. ഒരു കൂട്ടിച്ചേര്ക്കല് മാത്രം. പല തുകകളിലും കുറവു വരുത്തി.
ആ ഘട്ടത്തില് പിഎസ്പി കരാറില്നിന്ന് പിന്മാറാന് കഴിയുമായിരുന്നില്ല. കരാര് വ്യവസ്ഥകളുടെ ലംഘനമുണ്ടായാല് പാരീസിലെ അന്താരാഷ്ട്ര കോടതിയിലാണ് കേസും മറ്റുമുണ്ടാവുക എന്ന് കാര്ത്തികേയന്റെ കാലത്ത് ഒപ്പിട്ട കരാറിലെ വ്യവസ്ഥയാണ്. നേര്യമംഗലം പദ്ധതിയുടെ കാര്യത്തില് സമാനമായ അനുഭവമുണ്ടായിരുന്നു. നേര്യമംഗലം പവര് പ്രോജക്ടില് എബിബി കമ്പനിയുമായി യുഡിഎഫ് സര്ക്കാര് ധാരണാപത്രം ഒപ്പുവച്ചിരുന്നു. കരാറല്ല, ധാരണാപത്രം. അത് റദ്ദാക്കി ഗ്ളോബല് ടെന്ഡര് വിളിക്കാന് തീരുമാനിച്ചു. എബിബി നാല് വര്ഷം കേസ് നടത്തി. കേസ് തോറ്റു. പദ്ധതി എബിബിക്കുതന്നെ നല്കാനായിരുന്നു വിധി. കേസിന്റെ ചെലവും നഷ്ടപരിഹാരവും ഖജനാവില്നിന്ന് പോയതിനു പുറമേ കരാറും എബിബിയ്ക്കു തന്നെ നല്കേണ്ടി വന്നു. അടിയും കൊണ്ട്, പുളിയും കുടിച്ച് കരവും ഒടുക്കി എന്ന അവസ്ഥ.
ഭരണാധികാരിയുടെ ഉത്തമവിശ്വാസത്തോടെ പിഎസ്പി കരാര് മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന് തീരുമാനിച്ചത്. കരാര് വ്യവസ്ഥകളില് വിലപേശല് സാധ്യതകള് പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് അനുകൂലമായി പല ഫീസുകളിലും കുറവു വരുത്തി. പലിശ, എക്സ്പോഷര് ഫീ, കണ്സള്ട്ടന്സി ഫീസ് എന്നിവയെല്ലാം കുറ്റ്യാടി കരാറിലെ നിരക്കും പിഎസ്പി കരാറില് പിണറായി വിജയന്റെ കാലത്ത് വന്ന കുറവും താരതമ്യപ്പെടുത്തിയാല് സുധീരന് അതു ബോധ്യമാകേണ്ടതാണ്. വിവിധയിനങ്ങളില് വരുത്തിയ വെട്ടിക്കുറവുകളുടെ അടിസ്ഥാനത്തില് വില പുതുക്കി നിശ്ചയിക്കാന് സമ്മതിച്ചുകൊണ്ട് 1997 നവംബര് 18ന് കെഎസ്ഇബിയ്ക്ക് എസ്എന്സി ലാവലിന് എഴുതിയ കത്തും വായിക്കാം.
പിണറായി വിജയന് രണ്ടു കാര്യങ്ങള് ചെയ്തു. സംസ്ഥാനത്തെ വൈദ്യുതിമേഖലയപ്പാടെ ലാവലിനു തീറെഴുതാനുളള സി വി പത്മരാജന്റെ ധാരണാപത്രം അവസാനിപ്പിച്ചു. പൊതുമേഖലയെ തിരിച്ചു കൊണ്ടുവന്നു. പിഎസ്പി പദ്ധതിക്കരാറില് സംസ്ഥാന താല്പര്യം സംരക്ഷിക്കാന് ശക്തമായ ഇടപെടലുകള് നടത്തുകയും വിജയിക്കുകയും ചെയ്തു. ഇതൊക്കെ അഴിമതിയാണ് എന്ന് വ്യാഖ്യാനിക്കാന് രാഷ്ട്രീയസമനില തെറ്റിയവര്ക്കേ സാധിക്കൂ.
ബാലാനന്ദന് കമ്മിറ്റി റിപ്പോര്ട്ടിനെച്ചൊല്ലി കളളക്കണ്ണീരൊഴുക്കുന്നതിനു മുമ്പ് ആ റിപ്പോര്ട്ടും സംഘടിപ്പിച്ച് വായിച്ചു നോക്കണം. പിഎസ്പി പദ്ധതികളെക്കുറിച്ച് പഠിക്കാനോ നിര്ദ്ദേശം സമര്പ്പിക്കാനോ നിയോഗിക്കപ്പെട്ട കമ്മിറ്റിയല്ല അത്. പിഎസ്പി പദ്ധതിയ്ക്കുളള കരാറുമായി സംസ്ഥാനം ഏറെ മുന്നോട്ടു പോയ സാഹചര്യത്തില് ഒരിക്കലും ഒരു പിന്മാറ്റം സാധ്യമാകുമായിരുന്നില്ല. രേഖകളും കരാര് നിബന്ധനകളും പരിശോധിച്ച കോടതിയ്ക്ക് അക്കാര്യം ബോധ്യമായിട്ടുണ്ട്.
മലബാര് കാന്സര് സെന്ററിനെക്കുറിച്ചും സുധീരന് വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്. ആ കാന്സര് സെന്റര് ഉദ്ഘാടനം ചെയ്തത് എ കെ ആന്റണിയാണ്. എംസിസിയുടെ ഗവേണിംഗ് ബോഡി യോഗങ്ങളില് പലതവണ ലാവലിന് പ്രതിനിധികള്ക്കൊപ്പം ആന്റണിയും കടവൂര് ശിവദാസനുമൊക്കെ പങ്കെടുത്തിട്ടുണ്ട്. അവിടെ നടന്ന ചര്ച്ചകളുടെ മിനിട്സ് സമയം പോലെ വായിച്ചു നോക്കുക. ലാവലിനില് നിന്ന് പണം ലഭിക്കുന്നതിന് ക്ലിയര് ലീഗല് എഗ്രിമെന്റ് ഒപ്പിടണമെന്ന് 2002 മെയ് 28ന് ബന്ധപ്പെട്ട ഫയലില് ആന്റണി നിര്ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനമുഖ്യമന്ത്രിയുടെ ഈ നിര്ദ്ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല എന്നും സൗകര്യപൂര്വം ആന്റണിയോട് ചോദിക്കണം.
“ശ്ലാഘനീയമായ പൊതുതാല്പര്യം” എന്നു നിര്വചിച്ചുകൊണ്ടാണ് മലബാര് കാന്സര് സെന്റര് സംബന്ധിച്ച് സിബിഐ കൊണ്ടുവന്ന അസംബന്ധങ്ങളെ കോടതി തളളിക്കളഞ്ഞത്. പൊതുതാല്പര്യത്തിനുവേണ്ടി കാന്സര് ആശുപത്രി സ്ഥാപിക്കാന് മുന്കൈയെടുക്കുന്നത് അഴിമതിയാണെന്നു വാദിക്കേണ്ട ഗതികേട് താങ്കള്ക്കുണ്ടായത് നിലവില് ഉമ്മന്ചാണ്ടി നേരിടുന്ന അവസ്ഥ കൊണ്ടു കൂടിയാണ്. സകല തട്ടിപ്പുകാരെയും ഓഫീസിലും ഔദ്യോഗിക വസതിയിലും കയറിയിറങ്ങാനും വഴിവിട്ട ബന്ധങ്ങള് സ്ഥാപിക്കാനും തട്ടിപ്പിന്റെ വിഹിതം കണക്കുപറഞ്ഞു കൈപ്പറ്റാനും ഒരു ഉളുപ്പുമില്ലാത്തവര്ക്ക് കാന്സര് ആശുപത്രി സ്ഥാപിക്കുന്നതൊക്കെ അഴിമതിയാണെന്ന് തോന്നുക സ്വാഭാവികമാണ്. സിബിഐ കോടതി തളളിക്കളഞ്ഞ ഈ ആരോപണത്തിന്റെ പേരില് അധികം ദിവാസ്വപ്നങ്ങളില് മുഴുകാതിരിക്കുന്നതാവും നല്ലത്.
ടെക്നിക്കാലിയ ലാവലിന്റെ ഏജന്റാണെന്നൊക്കെയുളള വിഡ്ഡിത്തരങ്ങളും താങ്കളുടെ കത്തിലുണ്ട്. പറയുന്ന കാര്യത്തെക്കുറിച്ച് പരിമിതമായ അറിവെങ്കിലും സമാഹരിക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലങ്ങോളമിങ്ങോളം മെഡിക്കല് കോളജുകള് രൂപകല്പന ചെയ്യുന്നതിലും നിര്മ്മിക്കുന്നതിലും വൈദഗ്ധ്യം നേടിയ സ്ഥാപനമാണ് ടെക്നിക്കാലിയ. ഈ സ്ഥാപനത്തെ കേരളത്തിലേയ്ക്ക് ആദ്യം കൊണ്ടുവന്നത് എം വി രാഘവനാണ്. അദ്ദേഹം സഹകരണമന്ത്രിയായിരുന്നപ്പോള് നിര്മ്മിച്ച പരിയാരം മെഡിക്കല് കോളജിന്റെ നിര്മ്മാണച്ചുമതല ടെക്നിക്കാലിയയ്ക്കായിരുന്നു. കോഴിക്കോടും തിരുവനന്തപുരത്തും അവര് നിര്മ്മിച്ച ആശുപത്രികളുണ്ട്. മലബാര് കാന്സര് സെന്റര് നിര്മ്മാണത്തിനുളള ധാരണാപത്രമനുസരിച്ച് നിര്മ്മാണ ഏജന്സിയെ തിരഞ്ഞെടുക്കേണ്ടത് ലാവലിനാണ്. ഈ പ്രവര്ത്തനം ഏറ്റെടുത്തു പരിചയമുളള ഒരു സ്ഥാപനത്തെ അവര് കണ്ടെത്തി ചുമതലയേല്പ്പിച്ചു. ചെയ്ത പണിയ്ക്ക് പ്രതിഫലവും നല്കും. അത്രയേ ഉളളൂ.
ഏത് ആരോപണങ്ങള്ക്കും മറുപടി പറയാന് ജനനേതാക്കള് തയ്യാറാകണമെന്ന ഗീര്വാണങ്ങളും താങ്കളുടെ കത്തിലുണ്ട്. ഇതുസംബന്ധിച്ച എല്ലാ ആരോപണങ്ങള്ക്കും സിപിഎമ്മും പിണറായി വിജയനും എണ്ണിയെണ്ണി മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടികള് തന്നെയാണ് കോടതിയിലും വാദിച്ചത്. ഓരോ രേഖകളും പുറത്തുവരുമ്പോള് പറഞ്ഞത് മാറ്റിപ്പറയുകയും നിഷേധിക്കുകയും ചെയ്യുന്ന സ്വഭാവം ഞങ്ങള്ക്കില്ല. ലാവലിന് വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു വാദം പോലും പിന്വലിക്കേണ്ടി വന്നിട്ടില്ല. ഒന്നും തിരുത്തേണ്ടിയും വന്നിട്ടില്ല. അന്നും ഇന്നും എന്നും ഇക്കാര്യത്തില് ഞങ്ങള്ക്ക് ഒരു മറുപടിയേ ഉളളൂ. അത് കേരളസമൂഹത്തില് ആവര്ത്തിച്ച് പറഞ്ഞിട്ടുളളതുമാണ്. മാത്രമല്ല, പിണറായി വിജയനോ മറ്റു കുറ്റാരോപിതരോ ഈ ഇടപാടില് യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയെന്ന് സിബിഐയ്ക്കു പോലും ആരോപണമില്ല.
വസ്തുതകളെ ആധാരമാക്കി നടത്തുന്ന ഏതു സംവാദത്തിലും പങ്കെടുക്കാന് സിപിഎമ്മിന് താല്പര്യമേയുളളൂ. വിവരവും വിവേകവുമുളളവര് തമ്മില് പരസ്പരം സംവാദമാകാം. ഒരുളുപ്പുമില്ലാതെ പച്ചക്കളളം പ്രചരിപ്പിക്കുന്നവരുമായി എന്തു സംവാദമാണ് സാധ്യമാവുക? ഉദാഹരണത്തിന് സിഎജി റിപ്പോര്ട്ട് എന്നു കേട്ടിട്ടുണ്ട് എന്നല്ലാതെ താങ്കള് അത് ഇതുവരെ വായിച്ചിട്ടില്ലല്ലോ.
നട്ടാല് കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നവരുടെ താളത്തിനു തുളളാന് സിപിഎമ്മിനോ പിണറായി വിജയനോ സൗകര്യമില്ല. ഞങ്ങള്ക്ക് വേറെ പണിയുണ്ട്.
സ്നേഹപൂര്വം,
തോമസ് ഐസക്.

LEAVE A REPLY

Please enter your comment!
Please enter your name here