ശിവഗിരി: ആതുരകാലത്ത് അറിവിന്റെ നിലാവായി 88-ാമത് തീർത്ഥാടന സമ്മേളനങ്ങൾ ശിവഗിരിയിൽ തുടങ്ങി. തീർത്ഥാടനത്തിന്റെ ഔപചാരിക തുടക്കം ഡിസംബർ 30നാണെങ്കിലും ഇപ്പോഴത്ത സാഹചര്യത്തിൽ തീർത്ഥാടകപ്രവാഹത്തിന് നിയന്ത്റണമുളളതുകൊണ്ടാണ് സമ്മേളന പരിപാടികൾ മുൻകൂട്ടി ആരംഭിച്ചത്. ശിവഗിരിമഠത്തിന്റെ ഔദ്യോഗിക വാർത്താ മാദ്ധ്യമമായ ശിവഗിരി ടിവി യൂട്യൂബ് ചാനൽ വഴിയാണ് സമ്മേളനപരിപാടികൾ ഓൺലൈനായി സംപ്രേഷണം ചെയ്യുന്നത്.1928ൽ കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകവെ തീർത്ഥാടന ദിവസങ്ങളിൽ ചർച്ച ചെയ്യാനായി ഗുരുദേവൻ നിർദ്ദേശിച്ച എട്ട് വിഷയങ്ങളെ ആസ്പദമാക്കിയാണ് ജനുവരി ഒന്നുവരെ സമ്മേളനങ്ങൾ നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് സമ്മേളനങ്ങൾ ഓൺലൈനിൽ സംപ്രേഷണം ചെയ്യും. ഈശ്വരഭക്തിയെക്കുറിച്ചായിരുന്നു ക്രിസ്മസ് ദിനത്തിലെ ആദ്യസമ്മേളനം.

തുടർന്ന് രണ്ടാം ദിവസമായ ഇന്നലെ ശുചിത്വത്തെ കുറിച്ചുള്ള ആരോഗ്യ സമ്മേളനം നടന്നു. മഹാവ്യാധിയും പഞ്ചശുദ്ധിയുമായിരുന്നു സമ്മേളനവിഷയം.ഇന്ന് രാവിലെ കൃഷി, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ് സമ്മേളനം. വിഷയം: കൃഷി – ജീവരാശിയുടെ നട്ടെല്ല്. വനവരയാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറിലെ പ്രൊഫസർ ഡോ. എ.എസ്.അനിൽ, വെളളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബീല, വെളളായണി കാർഷിക കോളേജിലെ അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ.ഹജിലാൽ, ഫോമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സുരേഷ്, വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ സിഇഒ ഡോ.ഷെരീഫ്, കാർഷികസർവ്വകലാശാല മുൻ ഡീൻ ഡോ.ദേവനേശൻ, കാർഷിക സർവ്വകലാശാലയിലെ മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ.ആർ.പ്രകാശ്, കോമൺവെൽത്ത് സെക്രട്ടറിയേറ്റിന്റെ മുൻ അഡ്വൈസർ ഡോ.രവി, വെറ്ററിനറി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷൈൻകുമാർ, മുൻ അനർട്ട് ഡയറക്ടർ ഡോ. എം.ജയരാജ്, മുൻ വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ് എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ബോധിതീർത്ഥ സ്വാഗതം പറയും.

LEAVE A REPLY

Please enter your comment!
Please enter your name here