കേന്ദ്ര റയിൽ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം. റയിൽവേ സോൺ, കോച്ച് ഫാക്ടറി, ശബരി പാത തുടങ്ങി വർഷങ്ങളായുള്ള ആവശ്യങ്ങളാണ് ഇത്തവണയും സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. പാതയിരട്ടിപ്പിക്കൽ, ഗേജ് മാറ്റം വൈദ്യുതീകരണം എന്നിവയ്ക്ക് 602 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേർത്തല വാഗൺ ഫാക്ടറി, സബർബൻ ട്രയിൻ, അങ്കമാലി ശബരിപാതയുടെ പൂർത്തീകരണം എന്നിങ്ങനെ ഒരോ വർഷവും ആവർത്തിക്കുന്ന ആവശ്യങ്ങൾ.

കോച്ച് ഫാക്ടറിയ്ക്ക് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. അങ്കമാലി ശബരി പാതയ്ക്ക് 470.77 ഹെക്ടർ സ്ഥലമാണ് ആവശ്യം. ഇതുവരെ ഏറ്റെടുത്തതാകട്ടെ വെറും 24.4 ഹെക്ടറും. ഫണ്ടില്ലാത്തതാണ് സ്ഥലം ഏറ്റെടുക്കൽ നിലയ്ക്കാൻ കാരണം.

നേമം, കോട്ടയം കോച്ച് ടെർമിനലുകൾ, തിരുവനന്തപുരം റെയിൽവേ മെഡിക്കൽ കോളജ്,കടയ്ക്കാവൂരിലെ വാട്ടർ ബോട്ടിലിങ് പ്ലാന്റ്,നിലമ്പൂർ -നഞ്ചം കോട് പാത പദ്ധതികളെല്ലാം വാഗ്ദാനങ്ങളിലൊതുങ്ങി.

കൊച്ചുവേളി – രാമേശ്വരം എറണാകുളം – സേലം തിരുവനന്തപുരം – മംഗലാപുരം പ്രതിവാര എക്സ്പ്രസ്, പാലക്കാട് പൊള്ളാച്ചി പാതയിലൂടെ കൂടുതൽ സർവ്വീസുകൾ, വിവിധ റയിൽവേ സ്റ്റേഷനുകളുടെ നിലവാരമുയർത്തൽ തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നരേന്ദ്രമോദി സർക്കാരിന്‍റെ രണ്ടാം റയിൽ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here