സിപിഎം നേതാവ് പി.ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടർന്നാണ് ഡിസ്ചാർജ്. ജയരാജനെ ട്രെയിൻ മാർഗം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ചികിൽസയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിച്ചതോടെയാണ് അദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ശ്രീചിത്ര അധികൃതരോട് ആവശ്യപ്പെട്ടത്.രാവിലെ എഴരയോടെ നടപടികൾ പൂർത്തിയാക്കി പി ജയരാജനെ ഡിസ്ചാർജ് ചെയ്തു.

ആശുപത്രി കവാടത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കടകംമ്പള്ളി സുരേന്ദ്രൻ, എം വിജയകുമാർ തുടങ്ങിയവർ അദേഹത്തെ അഭിവാദ്യം ചെയ്തു. കനത്ത സുരക്ഷയാണ് ആശുപത്രി പരിസരത്ത് പൊലീസ് ഒരുക്കിയത്. മുദ്രാവാക്യം വിളികളുമായി ചുറ്റുംകൂടിയ പ്രവർത്തകർക്ക് നടുവിലൂടെ ജയരാജനുമായി ആംബുലൻസ് റെയിൽവേ സ്റ്റേഷനിലേക്ക്.

കൊച്ചുവേളി സ്റ്റേഷനിൽ ജയരാജനെ യാത്രയാക്കാൻ അഭിവാദ്യങ്ങളുമായി കാത്തുനിന്നത് നിരവധി പ്രവർത്തകർ. എട്ടേ മുക്കാലോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് അദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സായുധ പൊലീസ് സംഘത്തെയാണ് ജയരാജന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here