തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും സ്ഥാനമാറ്റം. കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥാനമാറ്റം. അഫ്‌സാന പർവീണെ കൊല്ലം കളക്ടറായും എ ഗീതയെ വയനാട് കളക്ടറായും വി ആർ പ്രേംകുമാറിനെ മലപ്പുറം കളക്ടറായും എസ് ചന്ദ്രശേഖറിനെ കണ്ണൂർ കളക്ടറായും നിമിച്ചു.

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ചയാണ് സർക്കാർ പുറത്തിറക്കിയത്.
വനിത – ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടി വി അനുപമയെ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ മൊഹമ്മദ് വൈ. സഫീറുള്ളയെ കേരള ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് വകുപ്പിൽ സ്‌പെഷൽ കമ്മിഷണറായും നിയമിച്ചു.

സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് ഡയറക്ടർ എസ് സാംബശിവ റാവുവിന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ പ്രൊജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോർഡിന്റെ സി ഇ ഒയുടെയും അധിക ചുമതല നൽകി. വയനാട് കളക്ടർ അദീല അബ്ദുള്ള വനിത – ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ജെൻഡർ പാർട്ടിന്റെ സി ഇ ഒ , സംസ്ഥാന ലോട്ടരി വകുപ്പിന്റെ ഡയറക്ടർ എന്നീ അധിക ചുമതയും അദീലയ്ക്കുണ്ട്.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എസ് ഷാനവാസിനെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ ആയി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി , കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. കൊല്ലം കളക്ടറായിരുന്ന അബ്ദുൾ നാസറിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായി നിയമിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെ അധികച്ചുമതല കൂടി നൽകി

മലപ്പുറം കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെ എംപ്ലോയിസ് ആൻഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. കണ്ണൂർ കളക്ടർ ടി.വി. സുഭാഷിനെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ആൻഡ് ഫാമേഴ്സ് വെൽഫെയർ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഹൗസിങ് കമ്മിഷണർ എൻ ദേവിദാസിന് ബാക്ക് വേഡ് ക്ലാസസ് ഡെവലപ്‌മെന്റ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകും. കണ്ണൂർ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസർ സ്‌നേഹിൽ കുമാർ സിങിനെ കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടറായി നിയമിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ്, സി – ഡിറ്റ് ഡയറക്ടർ എന്നിവയുടെ അധിക ചുമതല കൂടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here