നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. ആരായിരിക്കും ഇത്തവണ അധികാരത്തിലെത്തുക…? യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോ…? ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ…? ബി.ഡി.ജെ.എസ് എന്ന പുത്തന്‍ രാഷ്ട്രീയ പാര്‍ട്ടി ക്ലച്ച് പിടിക്കുമോ…? ചര്‍ച്ചകള്‍ പലതാണ്. എന്തായാലും ഫലം അറിയാന്‍ മെയ് 19 വരെ കാത്തിരുന്നാല്‍ മതി. മാര്‍ച്ച് നാലിനാണ് തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചത് ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ മെയ് 16 നാണ് തിരഞ്ഞെടുപ്പ് നടക്കുക.

വിജ്ഞാപനം: കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 22ന് പുറത്തിറങ്ങും.

പത്രിക സമര്‍പ്പണം: ഏപ്രില്‍ 22 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന ദിനം.

സൂക്ഷ്മ പരിശോധന: ഏപ്രില്‍ 30ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.

പിന്‍വലിയ്ക്കല്‍: മെയ് രണ്ടിനാണ് പത്രിക പിന്‍വലിയ്ക്കുന്നതിനുള്ള അവസാന ദിനം.

വോട്ടെടുപ്പ്: മെയ് 16 നാണ് വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായിട്ടാണ് ഇത്തവണ കേരളത്തില്‍ വോട്ടെടുപ്പ്.

വോട്ടെണ്ണല്‍: അധികം കാത്തിരിപ്പ് വേണ്ട. മെയ് 19ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അടുത്ത സര്‍ക്കാര്‍ ആര് ഭരിയ്ക്കും എന്ന് വ്യക്തമാകും.

മണ്ഡലങ്ങള്‍: 140 മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ തവണ 72 സീറ്റുകളുമായാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. പിന്നീട് ആര്‍ ശെല്‍വരാജ്, ആര്‍.എസ്.പി എന്നിവര്‍ കൂടി ചേര്‍ന്നതോടെ യു.ഡി.എഫിന്റെ നില ഭദ്രമായി.

മുന്നണികള്‍, പാര്‍ട്ടികള്‍: എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നിങ്ങനെ മൂന്ന് മുന്നണികളായാണ് പ്രധാന മത്സരങ്ങള്‍. എല്‍.ഡി.എഫിന് സി.പി.എമ്മും, യു.ഡി.എഫിന് കോണ്‍ഗ്രസ്സും എന്‍.ഡി.എയ്ക്ക് ബി.ജെ.പിയും നേതൃത്വം നല്‍കുന്നു.

പേര് ചേര്‍ക്കല്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ഇപ്പോഴും അവസരമുണ്ട്. ഏപ്രില്‍ 19ന് മുമ്പ് പേര് ചേര്‍ക്കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാം. ഏപ്രില്‍ 29 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.

എത്ര വോട്ടര്‍മാര്‍: സംസ്ഥാനത്ത് നിലവില്‍ 2,56,27,620 വോട്ടര്‍മാരുണ്ട് എന്നാണ് കണക്ക്. ഇത് ജനുവരി 14 ന് പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലെ കണക്കാണ്.

സ്ത്രീകള്‍, പുരുഷന്‍മാര്‍: 1,33,01,435 പുരുഷ വോട്ടര്‍മാരാണ് ഉള്ളത്. 1,23,26,185 സ്ത്രീ വോട്ടര്‍മാരും ഉണ്ട്. ഇനി എത്ര സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഉണ്ടാകും എന്നതാണ് ചോദ്യം.

എത്ര ചെലവാക്കാം: ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി എത്ര രൂപ ചെലവാക്കാം എന്നത് സംബന്ധിച്ച കൃത്യമായ കണക്കുണ്ട്. ഇത്തവണ അത് ഒരു സ്ഥാനാര്‍ത്ഥിക്ക് 28 ലക്ഷം രൂപയാണ്.

സ്ഥാനാര്‍ത്ഥിയുടെ ചിത്രം: ഇത്തവണ വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ഉണ്ടാകും. അപരന്‍മാരുടെ ശല്യം കുറയ്ക്കാന്‍ വേണ്ടിയാണിത്.

നോട്ടയ്ക്കും ചിത്രം: മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാം. ഇത്തവണ നോട്ടയ്ക്ക് ചിഹ്നവും ഉണ്ടാകും.getNewsImages (1)

LEAVE A REPLY

Please enter your comment!
Please enter your name here