കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് നിഥിനയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയും സഹപാഠിയുമായ അഭിഷേക് ബൈജുവിനെ തെളിവെടുപ്പിനായി കോളേജ് ക്യാമ്പസിൽ എത്തിച്ചു. തെളിവെടുപ്പിന് പൊലീസുമായി സഹകരിച്ച പ്രതി സംഭവദിവസം നിഥിനയുമായി സംസാരിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തു. പിന്നീട് കൃത്യം നടത്തിയ സ്ഥലവും ചെയ്ത രീതിയും അഭിഷേക് കാണിച്ചു കൊടുത്തു. ഒരു കൂസലുമില്ലാതെയാണ് അഭിഷേക് പൊലീസിനോട് സംഭവങ്ങൾ വിശദീകരിച്ചത്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ കോളേജ് ക്യാമ്പസിൽ എത്തിച്ചത്.

സംഭവത്തിനു മുമ്പ് പ്രതി കൊലപാതകത്തിന് ഉപയോഗിച്ച പേപ്പർ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയത് ഇട്ടിരുന്നു. കൂത്താട്ടുകുളത്തെ ഒരു കടയിൽ നിന്നുമാണ് അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിച്ചത്. ഈ കടയിൽ അടക്കം പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം നിഥിനയുടെ സംസ്ക്കാര ചടങ്ങുകള്‍ തുരവേലിക്കുന്നിലെ ബന്ധുവീട്ടില്‍ നടന്നു. തലയോലപ്പറമ്പിൽ നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.

രക്തം വാർന്നാണ് നിഥിന മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആഴവും വീതിയുമുള്ള മുറിവ് തന്നെയാണ് മരണകാരണം. ചേർത്തു പിടിച്ച് കഴുത്തറുത്തിരിക്കാനാണ് സാദ്ധ്യത. അതിനാലാണ് ഇത്ര ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമുണ്ടായതെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here